പാന്‍ മസാലയുടെ നിർമാണവും വില്‍പ്പനയും ഒരു വര്‍ഷത്തേക്ക് നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു : നിക്കോട്ടിൻ, പുകയില എന്നിവയടങ്ങിയ ഗുട്ക, പാൻ മസാല തുടങ്ങിയ ലഹരി പദാർത്ഥങ്ങളുടെ വില്‍പ്പന നിരോധിച്ച് കർണാടക സർക്കാർ. ലഹരി ഉല്‍പ്പന്നങ്ങളുടെ നിർമാണത്തിനും വില്‍പ്പനയ്ക്കും ഒരു വർഷത്തേക്കാണ് സർക്കാർ നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. കർണാടക ഭക്ഷ്യസുരക്ഷാ കമ്മീഷണറാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയെന്നതാണ് നിരോധനം കൊണ്ട് ഉദ്ദേശ്യമെന്ന് അധികൃതർ അറിയിച്ചു.
ഗുട്ക, പാൻ മസാല, നിക്കോട്ടിൻ/പുകയില അടങ്ങിയ മറ്റ് നിരോധിത ലഹരിവസ്തുക്കള്‍ എന്നിവയുടെ നിർമാണം, ശേഖരിച്ചുവെക്കല്‍, കടത്തല്‍, വിതരണം, വില്‍പ്പന എന്നിവയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കർശനമായ പരിശോധന നടത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
പുകയില, നിക്കോട്ടിൻ എന്നിവ അടങ്ങിയ നിരോധിത ലഹരിവസ്തുക്കള്‍ നിർമിക്കുകയോ വിതരണം ചെയ്യുകയോ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും ലഹരിവിമുക്ത കർണാടകയ്ക്കായി ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്ത, പുകയില ഉത്പന്നങ്ങള്‍ വാങ്ങാനുള്ള പ്രായം പതിനെട്ടില്‍ നിന്ന് 21 വയസ്സിലേക്ക് കർണാടക സർക്കാർ ഉയർത്തിയിരുന്നു. പൊതുസ്ഥലങ്ങളില്‍ നിന്ന് പുകവലി നിരോധന നിയമം ലംഘിച്ചാലുള്ള പരമാവധി പിഴ 200 രൂപയില്‍ നിന്ന് 1,000 രൂപയായി ഉയർത്തിയതായും സർക്കാർ കഴിഞ്ഞ വർഷം ഔദ്യോഗികമായി അറിയിക്കുകയുണ്ടായി.
