വിദ്യാർഥികള്‍ക്ക് 50,000 രൂപ വരെ എല്‍.ഐ.സി സ്കോളര്‍ഷിപ്പ് : സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാർഥികള്‍ക്ക് ഉന്നതപഠനത്തിന് സഹായവുമായി എല്‍ഐസി സുവർണ ജൂബിലി സ്കോളർഷിപ്പ് 2026-27. പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ വിജയിച്ച വിദ്യാർഥികള്‍ക്ക് വിവിധ കോഴ്സുകളിലേക്കുള്ള പഠനത്തിനായി വർഷം 15,000 രൂപ മുതല്‍ 50,000 രൂപ വരെ സ്കോളർഷിപ്പ് ലഭിക്കും.
സെപ്റ്റംബർ 30 വരെയാണ് അപേക്ഷിക്കാനുള്ള അവസരം.
പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവർക്ക്
2023–24, 2024–25, 2025–26 അധ്യയന വർഷങ്ങളില്‍ കുറഞ്ഞത് 60 ശതമാനം മാർക്കോടെ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ പരീക്ഷ വിജയിച്ചവർക്ക് ജനറല്‍ സ്കോളർഷിപ്പിന് അപേക്ഷിക്കാം. 2026–27 അധ്യയന വർഷത്തില്‍ സർക്കാർ അംഗീകൃത സ്ഥാപനത്തില്‍ മെഡിസിൻ, എൻജിനീയറിങ്, ബിരുദം, ഇന്റഗ്രേറ്റഡ് ബിരുദം, ഡിപ്ലോമ, വൊക്കേഷണല്‍ കോഴ്സ് തുടങ്ങിയവയ്ക്ക് പ്രവേശനം നേടിയിരിക്കണം. കുടുംബത്തിന്റെ വാർഷിക വരുമാനം 4.5 ലക്ഷം രൂപയില്‍ കവിയരുത്.മെഡിക്കല്‍ കോഴ്സുകള്‍ക്ക് വർഷം 50,000 രൂപ, എൻജിനീയറിങ് കോഴ്സുകള്‍ക്ക് 40,000 രൂപ, മറ്റ് യോഗ്യമായ ബിരുദ, ഇന്റഗ്രേറ്റഡ് ബിരുദ, ഡിപ്ലോമ, വൊക്കേഷണല്‍, ഐ.ടി.ഐ കോഴ്സുകള്‍ക്ക് 20,000 രൂപ വീതമാണ് സ്കോളർഷിപ്പ്.
പത്താം ക്ലാസ് കഴിഞ്ഞവർക്കും അവസരം
2023–24 മുതല്‍ 2025–26 വരെയുള്ള വർഷങ്ങളില്‍ 60 ശതമാനം മാർക്കോടെ പത്താം ക്ലാസ് വിജയിച്ച് 2026–27ല്‍ 11-ാം ക്ലാസ്, വൊക്കേഷണല്‍ അല്ലെങ്കില്‍ ഡിപ്ലോമ കോഴ്സുകളില്‍ പ്രവേശനം നേടിയവർക്കും പ്രത്യേക സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഇവർക്ക് വർഷം 15,000 രൂപ ലഭിക്കും.എങ്ങനെ തിരഞ്ഞെടുക്കും?
യോഗ്യതാ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. തുല്യ മാർക്ക് ലഭിച്ചാല്‍ കുറഞ്ഞ കുടുംബവരുമാനമുള്ള വിദ്യാർഥികള്‍ക്ക് മുൻഗണന നല്‍കും. ഓരോ എല്‍ഐസി ഡിവിഷനിലും 80 ജനറല്‍, 40 സ്പെഷ്യല്‍ സ്കോളർഷിപ്പുകള്‍ വീതമാണ് നല്‍കുന്നത്. രാജ്യത്തെ 113 എല്‍ഐസി ഡിവിഷനുകളിലായി 13,000ലധികം സ്കോളർഷിപ്പ് അവസരങ്ങളുണ്ട്.
അർഹരായ വിദ്യാർഥികള്‍ക്ക് എല്‍ഐസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകള്‍ രണ്ട് ഘട്ടങ്ങളിലായി പരിശോധിച്ച ശേഷമാണ് അന്തിമ തിരഞ്ഞെടുപ്പ് നടത്തുക.
അപേക്ഷാ അവസാന തീയതി: സെപ്റ്റംബർ 30, 2026.
