28 ദിവസത്തെ മൊബൈല്‍ റീ ചാര്‍ജ് നിര്‍ത്തി ; 30 ദിവസ പ്ലാനുകള്‍ നിര്‍ബന്ധമാക്കി ട്രായ്
28 ദിവസത്തെ മൊബൈല്‍ റീ ചാർജ് നിർത്തി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ കൊണ്ടുവന്ന പുതിയ നിയമമനുസരിച്ച് ഇനി ടെലികോം കമ്പനികള്‍ 30 ദിവസ വാലിഡിറ്റിയുള്ള മൊബൈല്‍ റീച്ചാർജ് പ്ലാനുകള്‍ നിർബന്ധമാക്കും. ഈ വിഷയം ഉന്നയിച്ച രാജ്യസഭാ എംപി രാഘവ് ചദ്ദ ആണ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ മിക്ക ടെലികോം കമ്പനികളും ‘പ്രതിമാസ പ്ലാൻ’ എന്ന പേരില്‍ 28 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്. ഇതുമൂലം ഒരു വർഷത്തില്‍ 12 മാസത്തിന് പകരം 13 തവണ റീചാർജ് ചെയ്യേണ്ട സാഹചര്യമാണ് ഉപഭോക്താക്കള്‍ക്കുള്ളത്. ഈ സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം.
365 ദിവസം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 13 തവണ റീചാർജ് ചെയ്യേണ്ടിവരുന്ന സാഹചര്യം ചദ്ദ പാർലമെൻറില്‍ ഉന്നയിച്ചിരുന്നു. പല പ്രതിമാസ പ്ലാനുകളുടെയും കാലാവധി 28 ദിവസമായതിനാലാണ് ഇത്തരമൊരു സാഹചര്യമുണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വർഷം12 മാസമാണെന്നിരിക്കെ 28 ദിവസത്തെ പ്രതിമാസ റീചാർജ് പ്ലാനുകള്‍ക്ക് പകരം 30 ദിവസത്തെ കാലാവധിയുള്ള പ്ലാനുകള്‍ അവതരിപ്പിക്കണമെന്ന് ചദ്ദ അന്ന് ആവശ്യപ്പെട്ടത്.
മൊബൈല്‍ ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്കായി വോയ്സ് കോളുകളും എസ്‌എംഎസ് സേവനങ്ങളും മാത്രം ഉള്‍പ്പെടുന്ന പ്ലാനുകള്‍ വേണമെന്നും ചദ്ദ ആവശ്യപ്പെട്ടിരുന്നു. ഇൻ്റർനെറ്റ് ഡാറ്റ ആവശ്യമില്ലാത്ത സാധാരണക്കാർക്കായി ബജറ്റ് ഫ്രണ്ട്ലി പ്ലാനുകളും അവതരിപ്പിക്കാൻ കമ്പനികള്‍ ബാധ്യസ്ഥരാണ്. ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യങ്ങള്‍ പരിഗണിച്ച് ഈ വിഷയം പരിഹരിച്ച കേന്ദ്ര സർക്കാരിനും ടെലികോം റെഗുലേറ്ററി അതോറിറ്റിക്കും ചദ്ദ നന്ദി അറിയിച്ചു.
വ്യക്തിഗത ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ മൊബൈല്‍ പ്ലാനുകള്‍ തിരഞ്ഞെടുക്കാൻ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്നത് രാജ്യത്തെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് ആശ്വാസമാകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലുള്ളവർക്കും സാധാരണ വരുമാനക്കാരായ ഉപയോക്താക്കള്‍ക്കും ഇതിലൂടെ മൊബൈല്‍ റീചാർജിനുള്ള സാമ്പത്തിക ബാധ്യത ഗണ്യമായി കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
