August 12, 2026

ഇന്ത്യൻ ഓവര്‍സീസ് ബാങ്കില്‍ 250 ഒഴിവുകള്‍ : ഓഗസ്റ്റ് 24 വരെ അപേക്ഷിക്കാം

Share

 

2026-27 റിക്രൂട്ട്മെന്റ് സൈക്കിളിന്റെ ഭാഗമായി 250 ലോക്കല്‍ ബാങ്ക് ഓഫീസർ തസ്തികകളിലേക്ക് ഇന്ത്യൻ ഓവർസീസ് ബാങ്ക് ഓണ്‍ലൈൻ അപേക്ഷകള്‍ ക്ഷണിച്ചു. ഓഗസ്റ്റ് 8 മുതല്‍ ഓണ്‍ലൈൻ രജിസ്ട്രേഷൻ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി 2026 ഓഗസ്റ്റ് 24 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

 

തിരഞ്ഞെടുക്കപ്പെടുന്നവരെ ജൂനിയർ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍-I തസ്തികയില്‍ ലോക്കല്‍ ബാങ്ക് ഓഫീസർമാരായി അവർ അപേക്ഷിക്കുന്ന സംസ്ഥാനങ്ങളിലായിരിക്കും നിയമിക്കുക. ഒരു ഉദ്യോഗാർത്ഥിക്ക് ഒരു സംസ്ഥാനത്തെ ഒഴിവിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഒഴിവുകളുള്ളത്. സംസ്ഥാനാടിസ്ഥാനത്തിലും സംവരണ വിഭാഗ അടിസ്ഥാനത്തിലുമായിരിക്കും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.

 

നിയമനം ലഭിക്കുന്നവർക്ക് ആദ്യത്തെ 12 വർഷത്തെ സേവനം അല്ലെങ്കില്‍ നിർദ്ദിഷ്ട സീനിയർ ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ തങ്ങള്‍ തിരഞ്ഞെടുത്ത സംസ്ഥാനത്ത് തന്നെയായിരിക്കും ജോലി. ഓണ്‍ലൈൻ പരീക്ഷ, പ്രാദേശിക ഭാഷാ പ്രാവീണ്യ പരിശോധന, വ്യക്തിഗത അഭിമുഖം എന്നിവ ഉള്‍പ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. 3 മണിക്കൂർ ദൈർഘ്യമുള്ള ഓണ്‍ലൈൻ പരീക്ഷയില്‍ 200 മാർക്കിന്റെ 140 ചോദ്യങ്ങളുണ്ടാകും. റീസണിംഗ് & കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, ജനറല്‍/ഇക്കണോമി/ബാങ്കിംഗ് അവെയർനെസ്, ഡാറ്റാ അനാലിസിസ്, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം എന്നിവയില്‍ നിന്നാണ് ചോദ്യങ്ങള്‍. തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. 100 മാർക്കിന്റേതാണ് അഭിമുഖം. ഓണ്‍ലൈൻ പരീക്ഷയ്ക്കും അഭിമുഖത്തിനും 80:20 എന്ന അനുപാതത്തില്‍ വെയ്റ്റേജ് നല്‍കിയാണ് അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.


Share
Copyright © All rights reserved. | Newsphere by AF themes.