September 27, 2026

പൂജ-ദീപാവലി അവധിക്ക് പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് കെഎസ്‌ആര്‍ടിസി

Share

 

തിരുവനന്തപുരം : മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാത്തിരക്ക് പരിഗണിച്ച്‌ കെഎസ്‌ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബർ 14 മുതല്‍ നവംബർ 14 വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നീ നഗരങ്ങളില്‍ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കും തിരിച്ചും അധിക ബസുകള്‍ സർവീസ് നടത്തും. യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ മുൻകൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള ഓണ്‍ലൈൻ റിസർവേഷൻ സൗകര്യവും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

 

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള സർവീസുകള്‍

 

ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്, മലപ്പുറം, തൃശൂർ, നിലമ്പൂർ, പൊന്നാനി, എറണാകുളം, ചങ്ങനാശ്ശേരി, പാലാ, ആലപ്പുഴ, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ചേർത്തല, ഹരിപ്പാട്, കോട്ടയം, അടൂർ, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പ്രത്യേക ബസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഇതിനുപുറമെ മൈസൂരുവില്‍ നിന്ന് കണ്ണൂർ, മധുര എന്നിവിടങ്ങളിലേക്കും സർവീസുകള്‍ ഉണ്ടാകും. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും യാത്രാസൗകര്യമുണ്ട്. എറണാകുളത്തേക്കുള്ളത് മള്‍ട്ടി ആക്സില്‍ എസി ബസുകളാണ്.

 

കേരളത്തില്‍ നിന്നുള്ള സർവീസുകള്‍

 

കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്ന് തിരികെ അന്യസംസ്ഥാനങ്ങളിലേക്കും പ്രത്യേക സർവീസുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കോഴിക്കോട്, നിലമ്പൂർ, പൊന്നാനി, മലപ്പുറം, തൃശൂർ, എറണാകുളം, ചങ്ങനാശ്ശേരി, ആലപ്പുഴ, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ചേർത്തല, ഹരിപ്പാട്, കോട്ടയം, അടൂർ, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് ബെംഗളൂരുവിലേക്ക് ബസുകള്‍ ഓടും. പാലാ, കണ്ണൂർ എന്നീ ഡിപ്പോകളില്‍ നിന്ന് മൈസൂരുവിലേക്കും, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ നിന്ന് ചെന്നൈയിലേക്കുമാണ് സർവീസുകള്‍ ലഭ്യമാവുക. ചെന്നൈയിലേക്കുള്ള എറണാകുളം സർവീസും മള്‍ട്ടി ആക്സില്‍ എസി ബസിലാണ്. ഇതില്‍ ചില റൂട്ടുകളില്‍ ബസുകള്‍ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുക. വരുംദിവസങ്ങളിലെ തിരക്കനുസരിച്ച്‌ ആവശ്യമെങ്കില്‍ കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാനും കെഎസ്‌ആർടിസിക്ക് പദ്ധതിയുണ്ട്.

 

ടിക്കറ്റുകള്‍ മുൻകൂട്ടി ബുക്ക് ചെയ്യാം

 

അവസാന നിമിഷമുള്ള തിരക്ക് ഒഴിവാക്കുന്നതിനും സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനുമായി യാത്രക്കാർക്ക് www.keralartc.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയോ എന്റെ കെഎസ്‌ആർടിസി നിയോ ഒപിആർഎസ് എന്ന മൊബൈല്‍ ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റുകള്‍ മുൻകൂട്ടി എടുക്കാവുന്നതാണ്. ഇതിന് പുറമെ 9447071021 എന്ന നമ്പറിലൂടെ വാട്സ്‌ആപ്പ് ടിക്കറ്റിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. എല്ലാ കെഎസ്‌ആർടിസി റിസർവേഷൻ കൗണ്ടറുകള്‍ വഴിയും ടിക്കറ്റുകള്‍ നേരിട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.

 

 

 


Share
Copyright © All rights reserved. | Newsphere by AF themes.