കേന്ദ്ര-ഡല്‍ഹി സേനയില്‍ 1,871 ഒഴിവുകൾ : സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
കേന്ദ്ര സായുധ പോലീസ് സേന (സി എ പി എഫ്), ഡല്‍ഹി പോലീസ് സബ് ഇൻസ്പെക്ടർമാരുടെ 1,871 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ് എസ് സി) അപേക്ഷ ക്ഷണിച്ചു.
വിവിധ സായുധസേനകളില്‍ പുരുഷന്മാർക്ക് 1,407ഉം വനിതകള്‍ക്ക് 147ഉം ഒഴിവുകളുണ്ട്. ഡല്‍ഹി പോലീസില്‍ പുരുഷൻമാർക്ക് 205 ഉം വനിതകള്‍ക്ക് 112ഉം ഒഴിവുകളുണ്ട്.
സെൻട്രല്‍ റിസർവ്ഡ് പോലീസ് ഫോഴ്സ് (സി ആർ പി എഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി എസ് എഫ്), ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് (ഐ ടി ബി പി), സെൻട്രല്‍ ഇൻഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്, സശസ്ത്ര സീമാബല്‍ എന്നീ സേനകളിലായിരിക്കും തിരഞ്ഞെടുക്കുന്നവരെ നിയമിക്കുക. നിയമനം ലഭിക്കുന്നവർ രാജ്യത്തെവിടെയും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം.
ശമ്പളസ്കെയില്‍: 35,400-1,12,400 രൂപ.
വിദ്യാഭ്യാസ യോഗ്യത
സബ് ഇൻസ്പെക്ടർ (ഫയർ) ഒഴികെയുള്ള എല്ലാ തസ്തികയിലേക്കും ബിരുദം/ തത്തുല്യമാണ് വിദ്യാഭ്യാസ യോഗ്യത.
സി ഐ എസ് എഫിലെ സബ് ഇൻസ്പെക്ടർ (ഫയർ) തസ്തികയിലേക്ക് അപേക്ഷിക്കാൻ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയുള്‍പ്പെട്ട സയൻസ് ബിരുദധാരികളായിരിക്കണം. അല്ലെങ്കില്‍ പത്താം ക്ലാസ്സ്/ തത്തുല്യവും മെക്കാനിക്കല്‍/സിവില്‍/ ഇലക്ട്രിക്കല്‍/ഓട്ടോമൊബൈല്‍സ്/കെമിക്കല്‍/ മൈനിംഗ് എയ്റോനോട്ടിക്കല്‍/ ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിംഗില്‍ ത്രിവത്സര ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ ഉയർന്ന യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം.
ഡല്‍ഹി പോലീസിലേക്ക് അപേക്ഷിക്കുന്ന പുരുഷന്മാർ കായികക്ഷമതാ പരീക്ഷ/അളവെടുപ്പിന് മുന്‍പായി എല്‍ എം വി (മോട്ടോർ സൈക്കിള്‍, കാർ) ഡ്രൈവിംഗ് ലൈസൻസ് നേടിയിരിക്കണം.
പ്രായം
സി ഐ എസ് എഫിലെ സബ് ഇൻസ്പെക്ടർ (ഫയർ) തസ്തികയിലേക്ക് 18-30 ഉം മറ്റ് തസ്തികകളിലേക്ക് 20-25 വയസ്സുമാണ് പ്രായം. ആഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഉയർന്ന പ്രായപരിധിയില്‍ എസ് സി, എസ് ടി, വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ ബി സി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. ഡല്‍ഹി പോലീസിലെ ഒഴിവിലേക്ക് വിധവകള്‍ക്കും പുനർവിവാഹിതരല്ലാത്ത വിവാഹമോചിതകള്‍ക്കും 35 വയസ്സ് വരെ (എസ് സി, എസ് ടി 40 വയസ്സ് വരെ) അപേക്ഷിക്കാം. വിമുക്തഭടന്മാർക്കും നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും.
ശാരീരിക യോഗ്യത
പുരുഷന്മാർക്ക് 170 സെ മി ഉയരവും (എസ് ടി വിഭാഗക്കാർ 162.5 സെ.മി) 80 സെ മീ നെഞ്ചളവും (വികാസം അഞ്ച് സെ മി) ഉണ്ടായിരിക്കണം. വനിതകള്‍ക്ക് 157 സെ മി(എസ് ടി വിഭാഗക്കാർക്ക് 154 സെ മീ) ഉയരം വേണം.
തിരഞ്ഞെടുപ്പ്
കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (രണ്ട് പേപ്പറുകള്‍), കായികക്ഷമതാ പരീക്ഷ/ശാരീരിക അളവെടുപ്പ്, മെഡിക്കല്‍ പരിശോധന എന്നിവ നടത്തിയാകും തിര ഞ്ഞെടുപ്പ്.
പരീക്ഷ
രണ്ട് പേപ്പറുകള്‍ക്കും ഒബ്ജക്ടീവ് മാതൃകയിലുള്ള മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളുണ്ടായിരിക്കും. ഇംഗ്ലീഷ്/ഹിന്ദി ആയിരിക്കും പരീക്ഷാ മാധ്യമം.
100 മാർക്കിന്റെ ഒന്നാം പേപ്പർ പരീക്ഷക്ക് ഒരു മണിക്കൂർ സമയം അനുവദിക്കും. 100 ചോദ്യങ്ങളുണ്ടാകും. തെറ്റുത്തരത്തിന് 0.25 നെഗറ്റീവ് മാർക്കുണ്ടാകും. ഒന്നാം പേപ്പർ പരീക്ഷയില്‍ നിന്ന് നിശ്ചിത മാർക്ക് നേടിയവരെയാണ് കായികക്ഷമതാ പരീക്ഷ/ ശാരീരിക അളവെടുപ്പിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യുക. അതിലും വിജയിക്കുന്നവർ രണ്ടാം പേപ്പർ പരീക്ഷ അഭിമുഖീകരിക്കണം. എൻ സി സിയുടെ എ ബി സി സർട്ടിഫിക്കറ്റുള്ളവർക്ക് ഒന്നാം പേപ്പറിലും രണ്ടാം പേപ്പറിലും ബോണസ് മാർക്കിന് അർഹതയുണ്ട്.
പരീക്ഷാ കേന്ദ്രങ്ങള്‍
ബെംഗളൂരു ആസ്ഥാനമായുള്ള കെ കെ ആർ റീജ്യനിലാണ് കേരളവും ലക്ഷദ്വീപും കർണാടകയും ഉള്‍പ്പെടുന്നത്. കേരളത്തില്‍ ആലപ്പുഴ, കണ്ണൂർ കോട്ടയം, കോഴിക്കോട്, മലപ്പുറം, കൊല്ലം, തിരുവനന്തപുരം, തൃശൂർ, എറണാകുളം എന്നിവിടങ്ങളിലും ലക്ഷദ്വീപില്‍ കവരത്തിയിലും പരീക്ഷാ കേന്ദ്രമുണ്ടാകും. മൂന്ന് പരീക്ഷാ കേന്ദ്രങ്ങള്‍ വരെ മുൻഗണനാക്രമത്തില്‍ രേഖപ്പെ ടുത്താം. പിന്നീട് മാറ്റാനാകില്ല.
അപേക്ഷാഫീസ്: വനിതകള്‍ക്കും എസ് സി, എസ് ടി വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഫീസ് ഇല്ല. മറ്റുള്ളവർ 100 രൂപ ഓണ്‍ലൈനായി അടയ്ക്കണം. ഒക്ടോബർ ഒന്നിന് രാത്രി 11 വരെ ഫീസ് അടയ്ക്കാം.
അപേക്ഷ
ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്ത ശേഷം ഓണ്‍ലൈനായി അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് https://sc.gov.in സന്ദർശിക്കുക. “mySSC’ മൊബൈല്‍ ആപ്ലിക്കേഷൻ മുഖേനയും അപേക്ഷിക്കാം. ഒപ്പ്, തത്സമയമെടുക്കുന്ന ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30ന് രാത്രി 11 വരെ. അപേക്ഷയില്‍ തിരുത്തല്‍ വരുത്താൻ ഒക്ടോബർ എട്ട് മുതല്‍ പത്ത് വരെ സമയം അനുവദിച്ചിട്ടുണ്ട്.
