November 1, 2026

ഇന്ന് കേരളപ്പിറവി ദിനം : ഐക്യകേരളത്തിന് 70 വയസ് 

Share

 

ഭാഷാ അടിസ്ഥാനത്തില്‍ ഐക്യകേരളം പിറവികൊണ്ടിട്ട് ഇന്ന് ഏഴ് പതിറ്റാണ്ട്. സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കിയ ശേഷമുള്ള ആദ്യ കേരളപ്പിറവി ദിനമെന്ന പ്രത്യേകത ഇത്തവണയുണ്ട്.

 

സര്‍ക്കാരിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വിപുലമായ ആഘോഷ പരിപാടികളാണ് ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്.

 

സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും കലകളുടെയും നാടായ കേരളം പിറക്കുന്നത് ഭാഷാ അടിസ്ഥാനത്തില്‍ 1956 നവംബർ ഒന്നിനാണ്. ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് അറ്റത്തുള്ള സംസ്ഥാനം. തെക്കു കിഴക്ക് തമിഴ്‌നാട്, വടക്ക് കർണാടക. പടിഞ്ഞാറ് അറബിക്കടല്‍. പുല്‍മേടുകള്‍കൊണ്ട് നിറഞ്ഞ കുന്നുകളും പ്രകൃതി സൗന്ദര്യവും നിറഞ്ഞു നില്‍ക്കുന്ന പശ്ചിമഘട്ടവും കളകളം പാടി ഒഴുകുന്ന നദികളും അങ്ങനെ വാക്കുകളില്‍ ഒതുങ്ങാത്ത മണ്ണാണിത്. കേരളീയരുടെ പൊതു വ്യവഹാരഭാഷ, ദ്രാവിഡഭാഷാ ഗോത്രത്തില്‍പെട്ട മലയാളം.

 

1947ല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം ഭാഷാടിസ്ഥാനത്തില്‍ പുതിയ സംസ്ഥാനങ്ങള്‍ ഉണ്ടാകണമെന്ന ശക്തമായ ജനകീയ ആവശ്യമുയർന്നു. തുടർന്ന് സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം 1956ല്‍ സംസ്ഥാന പുനഃസംഘടനാ നിയമം പാസാക്കി. നവംബർ 1ന്, മദ്രാസിലെ തെക്കൻ കാനറാ ജില്ലയിലെ കാസർഗോഡ് താലൂക്ക്, മദ്രാസിലെ മലബാർ ജില്ല, തിരുവിതാംകൂർ-കൊച്ചി എന്നീ നാല് തെക്കൻ താലൂക്കുകളില്ലാതെ തമിഴ്‌നാട്ടില്‍ ചേർന്ന സംസ്ഥാന പുനഃസംഘടനയ്ക്ക് കീഴില്‍ കേരള സംസ്ഥാനം രൂപീകരിച്ചു. ഇതില്‍ തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങള്‍, അതുപോലെ മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങള്‍, എന്നിവയെ ലയിപ്പിച്ചുകൊണ്ട് അഥവാ മലയാളം മുഖ്യ ഭാഷയായ പ്രദേശങ്ങളെ കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപീകരിച്ചു. സ്വാതന്ത്ര്യം ലഭിച്ച്‌ ഏതാണ്ട് ഒമ്പത് വർഷത്തിന് ശേഷം കേരള സംസ്ഥാനം ഔദ്യോഗികമായി നിലവില്‍ വന്നു. 1957-ലെ പുതിയ കേരള നിയമസഭയിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തില്‍ വന്നു. ലോകത്തിലാദ്യമായി ബാലറ്റിലൂടെ തരഞ്ഞെടുക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് സർക്കാർ.

 

ഏതാണ്ട് 580 കിലോമീറ്റർ നീളവും, 125 കിലോമീറ്റർ വീതിയും ഉള്ള ഈ പ്രദേശം മനോഹരമായ തീരപ്രദേശങ്ങളാലും കായലുകളാലും വനങ്ങളാലും നിബിഡമാണ്. ഇന്ത്യയുടെ തെക്കു പടിഞ്ഞാറൻ പ്രദേശത്തു വ്യാപിച്ചുകിടക്കുന്ന ഈ കൊച്ചു സംസ്ഥാനത്തില്‍ 44 നദികള്‍ ഉണ്ട്

 

ഇതില്‍ 41 എണ്ണം പടിഞ്ഞാറോട്ടും 3 എണ്ണം കിഴക്കോട്ടും ഒഴുകുന്നു. ഈ നാടിന്റെ ആകർഷണവലയത്തിലേക്ക് ഒഴുകിയെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം അസംഖ്യമാണ്. കഥകളിയും ഓട്ടൻതുള്ളലുമെല്ലാം ഇന്നൊരുപക്ഷേ മലയാളിയെക്കാളേറെ അനുഭവിക്കുന്നത് വിദേശികളാണ്. രാജ്യത്തെ 100ശതമാനം സാക്ഷരതയുള്ള നാടാണ് നമ്മുടേത്. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം,ജനകീയാസൂത്രണം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതാണ്.

 

ഇന്ത്യയുടെ രാഷ്ട്രീയ പരീക്ഷണ ശാല എന്നറിയപ്പെടുന്ന ഈ കൊച്ചു കേരളത്തിലാണ് ആദ്യമായി സ്കൂളുകളില്‍ ഡിജിറ്റല്‍ പാഠപുസ്തകങ്ങള്‍ ഏർപ്പെടുത്തിയത്. വർധിച്ചുവരുന്ന ലഹരി ഉപയോഗങ്ങളും രാസലഹരിയുടെ കടന്നുവരവും അമ്മിഞ്ഞപ്പാലിന്റെ മധുരമുള്ള മലയാളത്തിന് അതിജീവിക്കാൻ കഴിയേണ്ടതുണ്ട്. അതും ഓരോ മലയാളിയും തിരിച്ചറിയുന്ന ദിവസംകൂടിയായി ഈ കേരളപ്പിറവി മാറട്ടെ. എല്ലാ മലയാളികള്‍ക്കും “ന്യൂസ് ടുഡെ വയനാടിൻ്റെ” കേരളപ്പിറവി ദിനാശംകള്‍

 


Share
Copyright © All rights reserved. | Newsphere by AF themes.