ഒടുവില്‍ നറുക്ക് വീണത് കെ.സി വേണുഗോപാലിന് ? നടപടികള്‍ വേഗത്തിലാക്കി ഹൈക്കമാൻഡ്, പ്രഖ്യാപനം ഇന്നുണ്ടായേക്കും
ഡല്‍ഹി : കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാരെന്ന അന്തിമ ചർച്ചകളില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മുന്നിലെന്ന് വിവരം.ഹൈക്കമാൻഡ് നടപടികള്‍ വേഗത്തിലാക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. പ്രഖ്യാപനം വൈകില്ലെന്നും ഇന്നോ നാളെയോ ഉണ്ടാകുമെന്നും സൂചനയുണ്ട്. ഉപമുഖ്യമന്ത്രിയുണ്ടാകില്ലെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. പ്രഖ്യാപനം കേരളത്തില്‍ വേണോ അതോ ഡല്‍ഹിയില്‍ വേണോ എന്നതിലും ചർച്ച നടക്കുന്നുണ്ട്.
ഭൂരിപക്ഷം കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പിന്തുണയുള്ള കെ.സി. വേണുഗോപാലിനെ ഒഴിവാക്കുന്നത് ഉചിതമാവില്ലെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധിയെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാല്‍ ചെന്നിത്തലയെയും സതീശനെയും ഒഴിവാക്കി പാർലമെന്റംഗമായ വേണുഗോപാലിനെ തീരുമാനിക്കുന്നത് കേരളത്തിലെ പാർട്ടിയില്‍ പ്രതിഷേധങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കും ഇടയാക്കുമെന്ന ആശങ്ക കേന്ദ്ര നേതൃത്വത്തിനുണ്ട്. ചേരിതിരിഞ്ഞ് അണികള്‍ സംഘടിക്കുകയും സർക്കാരിന്റെ മുന്നോട്ടുള്ള പോക്കിനെ അത് ബാധിക്കുകയും ചെയ്യും. കെ.സി മുഖ്യമന്ത്രിയാകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് സതീശൻ രാഹുലിനെ ധരിപ്പിച്ചതായാണ് വിവരം.
യു.ഡി.എഫിന്റെ തകർപ്പൻ വിജയത്തിന് വഴിയൊരുക്കിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കുമായി മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ഒത്തുതീർപ്പ് നിർദ്ദേശം മല്ലികാർജ്ജുൻ ഖാർഗെ മുന്നോട്ടു വച്ചതായുള്ള വിവരം നേരത്തെ പുറത്തുവന്നിരുന്നു. സീനിയോറിറ്റി പരിഗണിച്ച് ആദ്യത്തെ രണ്ടരവർഷം ചെന്നിത്തലയ്ക്കും തുടർന്നുള്ള രണ്ടരവർഷം സതീശനും നല്‍കണമെന്നാണ് അദ്ദേഹം നിർദേശിച്ചതെന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
ഇന്നലെ ഡല്‍ഹിയില്‍ ചർച്ചകള്‍ നടന്നിരുന്നില്ല. വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാൻ ചെന്നൈയ്ക്കു പോയ രാഹുല്‍ വൈകിട്ട് മടങ്ങിയെത്തിയിരുന്നു. കർണാടക മന്ത്രിയുടെ നിര്യാണത്തെ തുടർന്ന് ബംഗളൂരുവിലേക്കു പോയ ഖാർഗെ ഇന്ന് വൈകിട്ട് ഡല്‍ഹിയിലെത്തും. ഇരുവരും തീരുമാനമെടുക്കുന്നതിന് മുമ്പ് സോണിയാ ഗാന്ധിയുടെയും മുതിർന്ന നേതാവ് എ.കെ.ആന്റണിയുടെയും അഭിപ്രായവും തേടും. തുടർന്ന് മുഖ്യമന്ത്രിയെ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
