പാര്‍ട്ടിക്ക് സര്‍ക്കാരിനെ നിയന്ത്രിക്കാനായില്ല ; അഹങ്കാരം, ആഡംബര ജീവിതം തിരിച്ചടിയായെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട്
കേരളത്തിലെ പിണറായി സർക്കാരിന്റെ ഭരണത്തില്‍ പാർട്ടിക്ക് കൃത്യമായ നിയന്ത്രണമില്ലായിരുന്നുവെന്ന് തുറന്നുസമ്മതിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി വിശകലനം ചെയ്ത് പാർട്ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനമുള്ളത്. പൊലീസിന്റെയും ബ്യൂറോക്രസിയുടെയും സ്വേച്ഛാധിപത്യവും ചില മന്ത്രിമാരുടെ അമിതമായ ഉദ്യോഗസ്ഥ ആശ്രയവും ജനവികാരത്തെ എതിരാക്കിയെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
പാർട്ടി നേതാക്കളിലുണ്ടായ അഹങ്കാരം, അഴിമതി, സ്വജനപക്ഷപാതം, ആഡംബര ജീവിതരീതി തുടങ്ങിയ മോശം പ്രവണതകള്‍ സമയത്ത് തിരുത്താഞ്ഞത് ജനവിശ്വാസം തകരാൻ കാരണമായി. ഭരണവിരുദ്ധ വികാരം ശക്തമായിരുന്നുവെന്ന് കേന്ദ്ര കമ്മിറ്റി അടിവരയിടുമ്പോള്‍, ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ബഹുജന സംഘടനകള്‍ പരാജയപ്പെട്ടെന്നും വിമർശനമുണ്ട്.
ശബരിമല വിഷയത്തിലടക്കം പാർട്ടി കേന്ദ്ര നേതൃത്വം ഇടപെട്ട് നിർദേശിച്ച അച്ചടക്കനടപടികള്‍ യഥാസമയം നടപ്പാക്കാത്തത് തിരിച്ചടിയുടെ ആഘാതം കൂട്ടി. വനിതകള്‍ക്കും യുവാക്കള്‍ക്കും അർഹമായ പ്രാതിനിധ്യം നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചെന്നും ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പാലിച്ചുപോന്നിരുന്ന സുതാര്യതയും മാനദണ്ഡങ്ങളും ലംഘിക്കപ്പെട്ടത് സംസ്ഥാനത്തുടനീളം വലിയ നെഗറ്റീവ് സന്ദേശമാണ് നല്‍കിയതെന്ന് കേന്ദ്ര കമ്മിറ്റി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്വജനപക്ഷപാതവും പക്ഷപാതപരമായ നിലപാടുകളും ഉയര്‍ന്നുവന്നപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ലെന്നും കേന്ദ്ര നേതൃത്വം വിമര്‍ശിക്കുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കണ്ണൂര്‍ ജില്ലയിലുണ്ടായ തിരിച്ചടികളാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ജില്ലയിലെ പ്രമുഖ മണ്ഡലങ്ങളില്‍ വരുത്തിയ മാറ്റങ്ങളും തിടുക്കത്തിലുള്ള തീരുമാനങ്ങളും വലിയ രാഷ്ട്രീയ പ്രത്യാഘാതത്തിന് വഴിവെച്ചു. വിജയസാധ്യത മാത്രം മാനദണ്ഡമാക്കി മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാവര്‍ക്കും വീണ്ടും ടിക്കറ്റ് നല്‍കിയതും തിരിച്ചടിയായി. 54 ജനപ്രതിനിധികളാണ് വീണ്ടും ജനവിധി തേടിയത്.
എം.എല്‍.എ.മാരില്‍ ഭൂരിഭാഗം പേരും തങ്ങളുടെ പഴയ മണ്ഡലങ്ങളില്‍ തന്നെ ജനവിധി തേടിയപ്പോള്‍, മട്ടന്നൂരില്‍ നിന്നും കെ.കെ. ശൈലജയുടെ മണ്ഡലം മാറ്റിയത് രാഷ്ട്രീയ എതിരാളികള്‍ വലിയ പ്രചാരണ ആയുധമാക്കിയെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. സംഘടനാപരമായ ന്യായീകരണങ്ങള്‍ നിരത്തിയിട്ടും പൊതുജനസമക്ഷം ഇത് ശരിവെക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ഈ മണ്ഡലം മാറ്റം ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശമാണ് നല്‍കിയത്.
തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ആവശ്യമായ ജാഗ്രതയില്ലാതെയാണ് കൈകാര്യം ചെയ്തതെന്ന് സംസ്ഥാന കമ്മിറ്റി സ്വയംവിമര്‍ശനാത്മകമായി സമ്മതിച്ചിട്ടുണ്ട്. ഈ രണ്ട് മണ്ഡലങ്ങളിലും വരുത്തിയ പാളിച്ചകള്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തന്നെ അംഗീകരിച്ചിരുന്നു. എന്നാല്‍, ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്ത പേരുകള്‍ അതേപടി അംഗീകരിച്ച് നല്‍കിയതില്‍ സംസ്ഥാന സെക്രട്ടറിയേറ്റിനും സംസ്ഥാന കമ്മിറ്റിക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായി കേന്ദ്ര കമ്മിറ്റി അടിവരയിടുന്നു. സാമുദായിക സമവാക്യങ്ങള്‍ പാലിക്കുന്നതിലും കണ്ണൂരില്‍ വലിയ പാളിച്ചയുണ്ടായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും മുസ്ലിം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ഥാനാര്‍ത്ഥികളാണ് സി.പി.എം. ചിഹ്നത്തില്‍ മത്സരിച്ചിരുന്നതെങ്കില്‍, ഇത്തവണ അത് പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ടു. ഇത്തരം തീരുമാനങ്ങള്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ കൃത്യമായി വിലയിരുത്തുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നും, ഇതിന്റെ ഉത്തരവാദിത്തം ജില്ലാ കമ്മിറ്റികളുടെ തലയില്‍ മാത്രം കെട്ടിവെച്ച് സംസ്ഥാന നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
