ബിജെപിക്ക് അടുത്ത ഷോക്ക്, സിജെപിയെ പോലെ പുതിയ കൂട്ടായ്മയുമായി ഇ20 ജനതാ പാര്‍ട്ടി
ഡല്‍ഹി : കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) സമര വിജയത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെയും ബിജെപിയെയും ഞെട്ടിച്ച് മറ്റൊരു പുതിയ സോഷ്യല്‍ മീഡിയ മൂവ്മെന്റ് കൂടി രംഗത്ത്. ‘ഇ20 ജനതാ പാർട്ടി’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പുതിയ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
100 ശതമാനം ശുദ്ധമായ പെട്രോള്‍ വാങ്ങാനുള്ള ഓരോ പൗരന്റെയും അവകാശത്തിനായി ഈ കൂട്ടായ്മ പോരാടുന്നു എന്നാണ് എക്സ് അക്കൗണ്ടിന്റെ ബയോയില്‍ വ്യക്തമാക്കുന്നത്. ഉപഭോക്താക്കള്‍ അവരുടെ ഇന്ധന ടാങ്കുകളിലേക്ക് എന്ത് പോകണമെന്ന് തീരുമാനിക്കട്ടെയെന്നും, ശുദ്ധമായ പെട്രോള്‍ ലഭ്യമാക്കണമെന്നും ഇവർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു.
20 ശതമാനം എഥനോള്‍ ചേർത്ത ‘ഇ20 പെട്രോള്‍’ പൂർണമായും സുരക്ഷിതവും പരിസ്ഥിതി സൗഹൃദപരവുമായ ഇന്ധനമാണെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. എഥനോള്‍ കലർത്താത്ത പഴയ പെട്രോളിലേക്ക് ഇനി ഒരു തിരിച്ചുപോക്കില്ലെന്ന് പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി പാർലമെന്റിനെ അറിയിച്ചിരുന്നു. എന്നാല്‍, 20 ശതമാനത്തില്‍ കൂടുതല്‍ എഥനോള്‍ പെട്രോളില്‍ കലർത്താൻ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.ഇ20 പെട്രോള്‍ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ എൻജിൻ തകരാറിലാക്കുമെന്നും മൈലേജ് ഗണ്യമായി കുറയ്ക്കുമെന്നും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഈ വാദങ്ങളെ കേന്ദ്ര സർക്കാർ പൂർണ്ണമായും തള്ളിക്കളയുന്നു. നീതി ആയോഗ് അടക്കമുള്ള വിവിധ ഏജൻസികളുടെ ലാബ് പരിശോധനകളിലും പ്രായോഗിക പഠനങ്ങളിലും ഇ20 ഇന്ധനം എൻജിനുകള്‍ക്ക് അസാധാരണമായ തകരാറുകളോ തേയ്മാനമോ ഉണ്ടാക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്തെ പ്രമുഖ കാർ നിർമ്മാതാക്കള്‍ സർവീസ് ചെയ്ത 2.84 കോടി വാഹനങ്ങളില്‍ (പഴയ മോഡലുകള്‍ ഉള്‍പ്പെടെ) എഥനോള്‍ കാരണം എൻജിൻ തകരാർ സംഭവിച്ചതായി ഒറ്റ പരാതി പോലും ലഭിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കള്‍ക്കും സമാനമായ അനുഭവമാണുള്ളത്. നിലവില്‍ രാജ്യത്ത് 20 കോടിയിലധികം ഇരുചക്ര വാഹനങ്ങളും 3 കോടിയിലധികം പെട്രോള്‍ കാറുകളും ഇ15, ഇ20 പെട്രോളില്‍ ഓടുന്നവയാണെന്നും കേന്ദ്ര സർക്കാർ കൂട്ടിച്ചേർത്തു.
