യു.പി.ഐ ഉപഭോക്താക്കള്‍ക്ക് സേവനം പൂര്‍ണ്ണമായും സൗജന്യമായി തുടരും : ആശങ്കകള്‍ക്ക് വിരാമമിട്ട് കേന്ദ്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം
ഡല്‍ഹി : യു.പി.ഐ ഇടപാടുകള്‍ നടത്തുന്ന സാധാരണക്കാരായ ഉപഭോക്താക്കളില്‍ നിന്ന് യാതൊരുവിധ അധിക തുകയും ഈടാക്കില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ഭാവിയില്‍ നിശ്ചിത പരിധിക്ക് മുകളിലുള്ള ചില വ്യാപാരി ഇടപാടുകള്‍ക്ക് മാത്രം വളരെ ചെറിയ തുക മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ആയി ചുമത്തിയേക്കാമെങ്കിലും പൊതുജനങ്ങള്‍ക്ക് ഈ സേവനം പൂര്‍ണ്ണമായും സൗജന്യമായി തന്നെ തുടരുമെന്ന് കേന്ദ്രം അറിയിച്ചു.
ഭൂരിഭാഗം ചെറുകിട വ്യാപാരികളുടെ ഇടപാടുകളും ചാര്‍ജുകളില്‍ നിന്ന് ഒഴിവാക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ടില്‍ ഭേദഗതി വരുത്തുന്നതിനുള്ള ബില്‍ ലോക്സഭ ഓഗസ്റ്റ് 6-ന് പാസാക്കിയതിന് പിന്നാലെ ബാങ്കുകള്‍ക്കും സേവനദാതാക്കള്‍ക്കും സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ അനുമതി ലഭിക്കുമെന്ന ആശങ്കകള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഈ വ്യക്തത വരുത്തല്‍.
നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണം പാര്‍ലമെന്റ് പൂര്‍ണ്ണമായി അംഗീകരിച്ച ശേഷം നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സമിതിയായിരിക്കും വ്യാപാരികളില്‍ നിന്ന് ഈടാക്കേണ്ട എംഡിആര്‍ ചാര്‍ജ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളേക്കാള്‍ വളരെ കുറഞ്ഞ നിരക്കിലായിരിക്കും ഇത് ഏര്‍പ്പെടുത്തുകയെന്നും, ഡിജിറ്റല്‍ ഇടപാടുകളുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനാണ് ഈ ഭേദഗതിയെന്നും കേന്ദ്രം അറിയിച്ചു.
