കഞ്ചാവ് കേസിലെ പ്രതിക്ക് 3 വർഷം തടവും 25000 രൂപ പിഴയും ശിക്ഷ
കൽപ്പറ്റ : കഞ്ചാവ് കേസിലെ പ്രതിക്ക് 3 വർഷം തടവും 25000 രൂപ പിഴയും ശിക്ഷ. മാനന്തവാടിഎക്സൈസ് സർക്കിൾ ഓഫിസിലെ ക്രൈം നമ്പർ 2/2019 കേസിലെ പ്രതി തരുവണ, പരിയാരംമുക്ക് പള്ളിയാൽ കാസിം ( 47) നെയാണ് 1.5 കിലോ കഞ്ചാവ് വിൽപനയ്ക്കായി സൂക്ഷിച്ച കുറ്റത്തിന് 3 വർഷം കഠിന തടവിനും 25000 രൂപ പിഴയും നൽകി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 6 മാസം കൂടി തടവ് ലഭിക്കും.
2019 ഫെബ്രുവരി 14 ന് ആണ് കേസിനാസ്പദമായ സംഭവം. മാനന്തവാടി എക്‌സൈസ് സർക്കിൾ ഓഫിസിലെ സർക്കിൾ ഇൻസ്പെക്ടർ എ.ജെ.ഷാജിയും പാർട്ടിയും കണ്ടെടുത്ത കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് മാനന്തവാടി സർക്കിൾ ഇൻസ്പെക്ടറായിരുന്ന എസ്.അനിൽകുമാർ ആണ്. കൽപറ്റ അഡ്ഹോക്ക് – 11 കോടതി ജഡ്ജ് അനസ്.വി.ആണ് ശിക്ഷ വിധിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ ലിജിഷ് .ഇ.വി. പ്രോസിക്യൂഷനു വേണ്ടി ഹാജരായി.