May 17, 2026

എസ്എസ്എലസി പുനര്‍മൂല്യനിര്‍ണ്ണയം : അപേക്ഷാ നടപടികള്‍ ആരംഭിച്ചു, മെയ് 22 വരെ അപേക്ഷിക്കാം

Share

 

ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം പുറത്തുവന്നതിന് പിന്നാലെ, ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള അപേക്ഷാ നടപടികള്‍ ആരംഭിച്ചു. ലഭിച്ച മാര്‍ക്കില്‍ അതൃപ്തിയോ സംശയമോ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുനര്‍മൂല്യനിര്‍ണ്ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കായി ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി മെയ് 22 വരെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക പോര്‍ട്ടല്‍ സന്ദര്‍ശിച്ച്‌ തങ്ങളുടെ രജിസ്റ്റര്‍ നമ്പരും ജനനത്തീയതിയും നല്‍കി ലോഗിന്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം.

 

പുനര്‍മൂല്യനിര്‍ണ്ണയം: ഒരു പേപ്പറിന് 400 രൂപ. സൂക്ഷ്മപരിശോധന: ഒരു പേപ്പറിന് 50 രൂപ. ഉത്തരക്കടലാസിന്റെ പകര്‍പ്പ്: ഒരു പേപ്പറിന് 200 രൂപ. ഐടി പരീക്ഷയ്ക്ക് പുനര്‍മൂല്യനിര്‍ണ്ണയമോ സൂക്ഷ്മപരിശോധനയോ ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം ലഭിക്കുന്ന പ്രിന്റൗട്ട് ബന്ധപ്പെട്ട സ്‌കൂള്‍ പ്രധാനാധ്യാപകന് നിശ്ചിത സമയത്തിനകം ഫീസ് സഹിതം കൈമാറേണ്ടതാണ്. അപേക്ഷകളില്‍ എന്തെങ്കിലും തിരുത്തലുകള്‍ വരുത്തണമെങ്കില്‍ സ്‌കൂള്‍ ലോഗിന്‍ വഴി മാത്രമേ സാധിക്കൂ.

 

ഇത്തവണ 99.69 ശതമാനം വിജയമാണ് സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് രേഖപ്പെടുത്തിയത്. ഫലം പുനര്‍മൂല്യനിര്‍ണ്ണയം നടത്തുന്നതിലൂടെ മാര്‍ക്കില്‍ മാറ്റമുണ്ടായാല്‍ അത് പുതിയ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തി നല്‍കുമെന്നും പരീക്ഷാ ഭവന്‍ അറിയിച്ചു.

 


Share
Copyright © All rights reserved. | Newsphere by AF themes.