October 4, 2026

പി.ജി വിദ്യാര്‍ഥികള്‍ക്ക്‌ നാഷണല്‍ സ്‌കോളര്‍ഷിപ്പ്‌ ; മൂന്നു ലക്ഷം രൂപവരെ നേടാനവസരം

Share

 

ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കായി സര്‍വകലാശാല ഗ്രാന്റ്‌സ്‌ കമ്മീഷന്‍ (യു.ജി.സി.) നടപ്പാക്കുന്ന പ്രധാനപ്പെട്ട ധനസഹായ പദ്ധതിയാണ്‌ നാഷണല്‍ സ്‌കോളര്‍ഷിപ്പ്‌ ഫോര്‍ പി.ജി.സ്‌റ്റഡീസ്‌. അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ്‌ കോഴ്‌സുകളില്‍ നാലാം വര്‍ഷം പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. സ്ഥാപനതലത്തിലും ജില്ലാ/സംസ്‌ഥാന തലത്തിലും അപേക്ഷകള്‍ പരിശോധിച്ചാണ്‌ തുക വിദ്യാര്‍ഥികളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ നേരിട്ട്‌ ലഭ്യമാക്കുന്നത്‌.

 

 

30% സ്‌കോളര്‍ഷിപ്പുകള്‍ പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്‌തിട്ടുണ്ട്‌. ആര്‍ട്‌സ്‌, ഹ്യുമാനിറ്റീസ്‌, സോഷ്യല്‍ സയന്‍സ്‌, നിയമം, മാനേജ്‌മെന്റ്‌, സയന്‍സ്‌, എന്‍ജിനീയറിങ്‌, മെഡിക്കല്‍, ടെക്‌നിക്കല്‍, അഗ്രികള്‍ച്ചര്‍ തുടങ്ങിയ മേഖലയിലെ ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ബിരുദ പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്‌ഥാനത്തില്‍ മെറിറ്റില്‍ മാത്രമാണ്‌ തെരഞ്ഞെടുപ്പ്‌. കഴിഞ്ഞ അധ്യയന വര്‍ഷം സ്‌കോളര്‍ഷിപ്പ്‌ കിട്ടിയവര്‍ക്ക്‌ സെലക്‌ഷന്‍ സ്‌റ്റാറ്റസ്‌, അപ്‌ഡേറ്റ്‌ ആകുന്ന മുറയ്‌ക്ക്‌ റീന്യൂവല്‍ ചെയ്യാനാവും.

 

നാഷണല്‍ സ്‌കോളര്‍ഷിപ്പ്‌ പോര്‍ട്ടലിലെ മറ്റു വെല്‍ഫയര്‍ ബേസ്‌ഡ്‌ സ്‌കോളര്‍ഷിപ്പുകള്‍ ലഭിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക്‌ അപേക്ഷിക്കാനാവില്ല. അതിനാല്‍, സെന്‍ട്രല്‍ സെക്‌ടര്‍ സ്‌കോളര്‍ഷിപ്പ്‌ കിട്ടുന്നവര്‍ അതില്‍നിന്നും ഒഴിവായ ശേഷം അപേക്ഷിക്കുക. ഒറ്റ പെണ്‍കുട്ടികള്‍ക്ക്‌ മുന്‍ഗണനയുള്ളതിനാല്‍ ഈ വിഭാഗത്തില്‍ പെടുന്നവര്‍ നിര്‍ബന്ധമായും അപേക്ഷിക്കണം.

 

 

അപേക്ഷാ ക്രമം: നാഷണല്‍ സ്‌കോളര്‍ഷിപ്പ്‌ പോര്‍ട്ടല്‍ (എന്‍.എസ്‌.പി.) വഴി ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാനാകൂ. ഒക്‌ടോബര്‍ 31 വരെ സമയമുണ്ട്‌. ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌, വണ്‍ ടൈം രജിസ്‌ട്രേഷന്‍ സംവിധാനം വഴി, ഫേസ്‌ ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കി പ്രാഥമിക രജിസ്‌ട്രേഷന്‍ നടത്തുക. പിന്നീട്‌, പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്‌ത്‌ യു.ജി.സി. സ്‌കോളര്‍ഷിപ്പ്‌ വിഭാഗത്തില്‍നിന്ന്‌ ലിങ്ക്‌ കണ്ടെത്താം. തുടര്‍ന്ന്‌ വ്യക്‌തിഗത വിവരങ്ങളും, വിദ്യാഭ്യാസ യോഗ്യതകളും, ബാങ്ക്‌ വിവരങ്ങളും നല്‍കിയ ശേഷം ആവശ്യമായ രേഖകള്‍ അപ്‌ലോഡ്‌ ചെയ്യുക. അപേക്ഷ സമര്‍പ്പിച്ച ശേഷം, അതിന്റെ പ്രിന്റൗട്ട്‌ ഭാവിയിലെ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക.

പ്രതിമാസം 15,000 രൂപ വീതം, രണ്ട്‌ വര്‍ഷത്തേക്ക്‌ ആകെ മൂന്നു ലക്ഷം രൂപയാണ്‌ സ്‌കോളര്‍ഷിപ്പ്‌. രാജ്യത്താകെ പ്രതിവര്‍ഷം 10,000 സോട്ടുകളാണുള്ളത്‌. അംഗീകൃത സര്‍വകലാശാലകളിലോ കോളജുകളിലോ (സ്വാശ്രയ കോളജ്‌ അടക്കം) റഗുലര്‍/ഫുള്‍ ടൈം ബിരുദാനന്തര ബിരുദ കോഴ്‌സിന്റെ ആദ്യ വര്‍ഷത്തില്‍ പ്രവേശനം നേടിയിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ്‌ അര്‍ഹത. അപേക്ഷകരുടെ ആദ്യ ബിരുദാനന്തര ബിരുദ കോഴ്‌സായിരിക്കണം. പ്രായപരിധി 30 വയസ്‌.

 

ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം ഇനി പറയുന്ന രേഖകള്‍ സമര്‍പ്പിക്കുക: ഡിഗ്രി മാര്‍ക്ക്‌ ലിസ്‌റ്റ്‌. ജോയിനിങ്ങ്‌ കം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ (സര്‍ട്ടിഫിക്കറ്റ്‌ മാതൃക അപേക്ഷയുടെ അവസാനം നല്‍കിയിട്ടുണ്ട്‌). ഒ.ബി.സി. നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്‌ (ബാധകമെങ്കില്‍). ഇ.ഡബ്ല്യു.എസ്‌. സര്‍ട്ടിഫിക്കറ്റ്‌ (ബാധകമെങ്കില്‍). ഭിന്ന ശേഷി വിദ്യാര്‍ഥികള്‍ക്ക്‌ മെഡിക്കല്‍ ബോര്‍ഡ്‌ സര്‍ട്ടിഫിക്കറ്റ്‌ (യു.ഡി.ഐ.ഡി. വേണം.). ഒറ്റ പെണ്‍ കുട്ടി സര്‍ട്ടിഫിക്കറ്റ്‌ (മാതൃക അപേക്ഷയുടെ അവസാനം ലഭിക്കുന്നതാണ്‌). ആധാര്‍ ലിങ്ക്‌ ചെയ്‌തിട്ടുള്ളതും ആക്‌ടീവുമായ ബാങ്ക്‌ പാസ്‌ബുക്ക്‌ വിശദാംശങ്ങള്‍. ആധാര്‍ കാര്‍ഡും, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറും.

 

 


Share
Copyright © All rights reserved. | Newsphere by AF themes.