October 3, 2026

ടോള്‍ അടയ്ക്കേണ്ട, ഫാസ്‍ടാഗ് നിയമങ്ങളില്‍ നിര്‍ണായക മാറ്റം

Share

 

രാജ്യത്തെ ഹൈവേകളിലും എക്സ്പ്രസ് വേകളിലും ദിവസേന യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് വാഹനങ്ങള്‍ക്ക് ബാധകമായ ഫാസ്ടാഗ് സംവിധാനത്തില്‍ പുതിയ മാറ്റം. വികലാംഗർക്ക് ടോള്‍ ഇളവ് ലഭിക്കുന്ന ഡിസ്‍കൌണ്ട് ഫാസ്‍ടാഗിന്റെ കാലാവധി സംബന്ധിച്ച നിയമങ്ങളാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പരിഷ്‍കരിച്ചത്. പുതിയ വ്യവസ്ഥകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. വികലാംഗർക്ക് ടോള്‍ പ്ലാസകളിലൂടെ കൂടുതല്‍ എളുപ്പത്തില്‍ യാത്ര ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. മുമ്പ് ഇളവുള്ള ഫാസ്ടാഗ് ഓരോ വർഷവും പുതുക്കേണ്ടി വന്നിരുന്നു. ഇതിനായി വീണ്ടും അപേക്ഷയും ആവശ്യമായ രേഖകളും സമർപ്പിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. പുതിയ നിയമത്തോടെ ഈ വാർഷിക പുതുക്കല്‍ ഒഴിവാകും.

 

വൈകല്യത്തിന്റെ ശതമാനം അനുസരിച്ച്‌ കാലാവധി

 

പുതിയ നിയമപ്രകാരം ഡിസ്കൗണ്ട് ഫാസ്ടാഗിന്റെ സാധുത വ്യക്തിയുടെ വൈകല്യത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയായിരിക്കും നിശ്ചയിക്കുക. വൈകല്യം 70% മുതല്‍ 100% വരെ ഉള്ള യോഗ്യരായ വ്യക്തികള്‍ക്ക് ലഭിക്കുന്ന ഡിസ്കൗണ്ട് ഫാസ്ടാഗിന് 5 വർഷം സാധുതയുണ്ടാകും. അതേസമയം 40%ന് മുകളില്‍, 70%ല്‍ താഴെ വൈകല്യമുള്ള യോഗ്യരായ വ്യക്തികള്‍ക്ക് 3 വർഷം സാധുത ലഭിക്കും.ഇനി എല്ലാ വർഷവും അപേക്ഷിക്കേണ്ട

 

പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ അർഹരായ വ്യക്തികള്‍ക്ക് എല്ലാ വർഷവും ഫാസ്ടാഗ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂർത്തിയാക്കേണ്ടി വരില്ല. 3 അല്ലെങ്കില്‍ 5 വർഷത്തെ സാധുത അവസാനിച്ച ശേഷം മാത്രമേ ആവശ്യമായ രേഖകള്‍ സഹിതം വീണ്ടും അപേക്ഷിക്കേണ്ടതുള്ളൂ. അപേക്ഷ ഓണ്‍ലൈനായോ ഓഫ്‌ലൈനായോ സമർപ്പിക്കാം. ഇതോടെ ടോള്‍ ഇളവ് ലഭിക്കുന്നതിന് ഓരോ വർഷവും നടത്തേണ്ടിയിരുന്ന പേപ്പർവർക്കും മറ്റ് നടപടിക്രമങ്ങളും കുറയും.

 

ടോള്‍ ഇളവിന് ഈ നിബന്ധനകള്‍ ബാധകം

 

എല്ലാ വാഹനങ്ങള്‍ക്കും ഡിസ്കൗണ്ട് ഫാസ്ടാഗ് ലഭിക്കില്ല. യോഗ്യരായ വ്യക്തികള്‍ക്ക് സർക്കാർ അംഗീകരിച്ച സാധുവായ വൈകല്യ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. വാഹനം വികലാംഗന്റെ പേരില്‍ രജിസ്റ്റർ ചെയ്തതോ അവരുടെ ഉപയോഗത്തിനായി പ്രത്യേകം രജിസ്റ്റർ ചെയ്തതോ ആയിരിക്കണം. ഇത്തരം പ്രത്യേക ഫാസ്ടാഗ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രമേ ടോള്‍ ഇളവ് ലഭിക്കൂ. യോഗ്യതയില്ലാത്ത വ്യക്തി ഈ സൗകര്യം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയാല്‍ ഫാസ്ടാഗ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനും നടപടിയുണ്ടാകാം.ഡിജിറ്റല്‍ പരിശോധനയും എളുപ്പമാകും

 

ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് പരിശോധിക്കുന്ന നടപടിക്രമം കൂടുതല്‍ ലളിതമാക്കാനും പുതിയ സംവിധാനം സഹായിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഡിജിറ്റല്‍ പരിശോധനയിലൂടെ സമയം ലാഭിക്കുന്നതിനൊപ്പം വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ ടോള്‍ ഇളവ് നേടാനുള്ള ശ്രമങ്ങള്‍ തടയാനും സാധിക്കും. യോഗ്യരായ വികലാംഗർക്ക് എൻ.എച്ച്‌.എ.ഐയുടെയോ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെയോ ഔദ്യോഗിക സൗജന്യ ഫാസ്ടാഗ് പോർട്ടല്‍ വഴി ദീർഘകാല സാധുതയുള്ള ഫാസ്ടാഗിന് അപേക്ഷിക്കാം. ഇതിനായി സാധുവായ യു.ഡി.ഐ.ഡി കാർഡും ബന്ധപ്പെട്ട വാഹന രേഖകളും സമർപ്പിക്കേണ്ടതുണ്ട്.


Share
Copyright © All rights reserved. | Newsphere by AF themes.