കേരളത്തില്‍ ഭക്ഷ്യവിലക്കയറ്റം ദേശീയ ശരാശരിക്കും മുകളില്‍! താളംതെറ്റി കുടുംബ ബജറ്റ്
കേരളത്തില്‍ ഭക്ഷ്യവിലക്കയറ്റം ദേശീയ ശരാശരിയെയും മറികടന്ന് ഉയരുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ദേശീയ ഭക്ഷ്യവിലക്കയറ്റ നിരക്ക് 9.94 ശതമാനമാണെങ്കില്‍ കേരളത്തിലേത് 10.92 ശതമാനമാണ്. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളാണ് വിലക്കയറ്റത്തില്‍ മുന്നില്‍. ആന്ധ്രപ്രദേശില്‍ 13.23 ശതമാനവും തമിഴ്നാട്ടില്‍ 12.37 ശതമാനവും കർണാടകയില്‍ 12.11 ശതമാനവും തെലങ്കാനയില്‍ 11.66 ശതമാനവുമാണ് നിരക്ക്. മഴക്കുറവും കൃഷിയിലെ നിയന്ത്രണങ്ങളും വിലക്കയറ്റത്തിന് കാരണമായതായാണ് വിലയിരുത്തല്‍.
പലവ്യഞ്ജനങ്ങള്‍ക്കും അരിക്കും വൻതോതിലാണ് വില വർധിച്ചത്. ചില ഇനങ്ങള്‍ക്ക് 40 ശതമാനം വരെയും ചിലതിന് 100 ശതമാനത്തിലധികവുമാണ് വർധന. വറ്റല്മുളകിന് കിലോയ്ക്ക് 330 രൂപയായി. ഒരു മാസത്തിനിടെ മാത്രം 130 രൂപയുടെ വർധന. ചെറിയ ഉള്ളിക്ക് 80 രൂപയില്‍നിന്ന് 220 രൂപയായും സവാളയ്ക്ക് 40 രൂപയില്‍നിന്ന് 80 രൂപയായും വില ഉയർന്നു. വെളുത്തുള്ളിക്ക് 100 രൂപയില്‍നിന്ന് 260 രൂപയായി. പഞ്ചസാര, തുവരപ്പരിപ്പ്, മല്ലി, ജീരകം, പയറുവർഗങ്ങള്‍ തുടങ്ങിയവയ്ക്കും 20 മുതല്‍ 40 രൂപ വരെ വർധനയുണ്ടായി. അണക്കെട്ടുകളിലെ ജലനിരപ്പിലും ആശങ്കയുണ്ട്. 178 അണക്കെട്ടുകളിലായി 37 ശതമാനം വെള്ളത്തിന്റെ കുറവുണ്ടെന്നാണ് കേന്ദ്ര ജലകമ്മിഷന്റെ നവംബർ 11-ലെ കണക്ക്.
വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിനെയും പ്രതിസന്ധിയിലാക്കി. കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാള്‍ നാലംഗ കുടുംബത്തിന് പലവ്യഞ്ജനങ്ങള്‍ക്കായി ചെലവഴിക്കേണ്ട തുക ഇരട്ടിയായി. അരിയുടെ മാസച്ചെലവില്‍ മാത്രം 500 മുതല്‍ 600 രൂപ വരെ വർധനയുണ്ടായി. 1600 ഔട്ട്ലെറ്റുകളുള്ള സപ്ലൈകോയില്‍ 13 സബ്സിഡി ഇനങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്നത് മാത്രമാണ് ആശ്വാസം. ഭക്ഷ്യവസ്തുക്കളുടെ വില ഇനിയും ഉയർന്നാല്‍ സാധാരണക്കാരുടെ ജീവിതച്ചെലവ് കൂടുതല്‍ പ്രതിസന്ധിയിലാകും.
