ഇലക്ട്രിക് ഓട്ടോ വാങ്ങാൻ വനിതകള്‍ക്ക് ഒരു ലക്ഷം രൂപ വരെ സബ്സിഡി ; ഡിസംബര്‍ 15 വരെ അപേക്ഷിക്കാം
കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വനിതകള്‍ക്ക് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങാന്‍ ഒരു ലക്ഷം രൂപ വരെ മൂലധന സബ്സിഡി നല്കുന്ന സമുന്നതി ഇ-യാത്ര (2026-27) പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷനും (KSWCFC), ധനലക്ഷ്മി ബാങ്കും സംയുക്തമായി നടപ്പിലാക്കുന്ന ഈ സ്വയംതൊഴില്‍ പദ്ധതിയിലേക്ക് 2026 ഡിസംബര്‍ 15 വരെ അപേക്ഷിക്കാം.
E-Auto Subsidy Kerala
സമുന്നതി ഇ-യാത്ര (2026-27) പദ്ധതികേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്പ്പറേഷന് (KSWCFC) ധനലക്ഷ്മി ബാങ്കുമായി (Dhanlaxmi Bank) സഹകരിച്ച് നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതിയാണിത്. സംസ്ഥാനത്തെ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വനിതകള്‍ക്ക് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നതിന് മൂലധന സബ്സിഡി നല്‍കും. സ്ത്രീകള്‍ക്ക് തൊഴിലും, സ്ഥിരവരുമാനവും ഉറപ്പാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ നേട്ടങ്ങളും ഹൈലൈറ്റുകളുംഉയര്ന്ന സബ്സിഡി തുകയാണ് പ്രധാന ഹൈലൈറ്റ്. ബാങ്ക് അനുവദിക്കുന്ന വായ്പാ തുകയുടെ 40% അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപ വരെ ഒറ്റഗഡുവായി മൂലധന സബ്സിഡി ലഭിക്കും. ഇലക്ട്രിക് ഓട്ടോ വാങ്ങുന്നതിനാവശ്യമായ വ്യക്തിഗത വായ്പയും ധനലക്ഷ്മി ബാങ്ക് മുഖേന ലഭ്യമാക്കും.
അപേക്ഷകരില്‍ ഏറ്റവും കുറഞ്ഞ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാകും പദ്ധതിയില്‍ മുന്‍തൂക്കം ലഭിക്കുക. ഒരേ വരുമാനപരിധിയിലുള്ളവരില് വിധവകള്‍, മാരക രോഗബാധിതര്‍ (അല്ലെങ്കില്‍ റേഷന്‍ കാര്‍ഡിലെ അടുത്ത ബന്ധുവിന് മാരക രോഗമുള്ളവര്‍), ഉയര്‍ന്ന പ്രായമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ ആനുകൂല്യം ലഭിക്കും.
മലയാളികള്‍ക്ക് നേട്ടമാകുന്നത് എങ്ങനെ
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മലയാളി വനിതകള്‍ക്ക് സ്വന്തമായി ഒരു വരുമാനമാര്‍ഗവും ഉപജീവനവും കണ്ടെത്താന്‍ സാധിക്കും.
ഒരു ലക്ഷം രൂപ വരെ സര്‍ക്കാര്‍ സബ്സിഡി ലഭിക്കുന്നതിനാല്‍ വായ്പാ ബാധ്യത വലിയൊരളവില്‍ കുറയ്ക്കാന്‍ സാധിക്കും. കുറഞ്ഞ ചെലവില്‍ വാഹനം സ്വന്തമാക്കാം.
ഇലക്ട്രിക് ഓട്ടോകള്‍ വഴി ഇന്ധനച്ചെലവ് കുറയ്ക്കാനും, കേരളത്തിലെ ഹരിത ഗതാഗത സംവിധാനം വികസിപ്പിക്കാനും സാധിക്കും.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
കേരളത്തിലെ സംവരണേതര വിഭാഗങ്ങളില്‍ (Forward Communities) ഉള്‍പ്പെടുന്ന സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വനിതകള്‍ക്ക് മാത്രമേ ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. ഒരു കുടുംബത്തില്‍ (റേഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍) ഒരു വ്യക്തിക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ.യോഗ്യതാ മാനദണ്ഡങ്ങള്അപേക്ഷകയുടെ പ്രായം 01/01/2026-ല്‍ 50 വയസിന് താഴെ ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം എല്ലാ മാര്‍ഗങ്ങളില്‍ നിന്നും നാല് ലക്ഷം രൂപ കവിയരുത്. അപേക്ഷാ കാലയളവില്‍ സാധുതയുള്ള LMV (Light Motor Vehicle) ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. കൂടാതെ ഇലക്ട്രിക് ഓട്ടോ വാങ്ങുന്നതിന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഇ-വെഹിക്കിള്‍ പോളിസി (EV Policy) പ്രകാരമുള്ള ഇന്‍സെന്റീവോ, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ മറ്റ് സബ്സിഡികളോ കൈപ്പറ്റിയവരോ, അപേക്ഷിക്കുന്നവരോ ആകരുത്.അപേക്ഷ സമര്‍പ്പിക്കേണ്ടത് എങ്ങനെ
അപേക്ഷാ ഫോമും വിശദവിവരങ്ങളും http://www.kswcfc.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച സമുന്നതിയുടെ പൊതു അപേക്ഷയോടൊപ്പം ധനലക്ഷ്മി ബാങ്കിന്റെ വായ്പാ അപേക്ഷയും, അനുബന്ധ രേഖകളും ചേര്‍ത്ത് നേരിട്ട് ധനലക്ഷ്മി ബാങ്കിന്റെ ബ്രാഞ്ചില്‍ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്ന കവറിന് മുകളില്‍ ‘സമുന്നതി ഇ-യാത്ര (2026-27) പദ്ധതിയിലേയ്ക്കുള്ള അപേക്ഷ’ എന്ന് നിര്‍ബന്ധമായും രേഖപ്പെടുത്തിയിരിക്കണം. അപേക്ഷകള്‍ ബാങ്കില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2026 ഡിസംബര്‍ 15 ആണ്.
അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട നിര്‍ബന്ധിത രേഖകള്‍
വില്ലേജ് ഓഫീസര്‍/ റവന്യൂ അധികാരി നല്കുന്ന കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്. ഇത് അപേക്ഷകയുടെയോ, റേഷന്‍ കാര്‍ഡില്‍ അംഗമായ അടുത്ത ബന്ധുവിന്റെയോ പേരിലുള്ളതായിരിക്കണം. വ്യക്തിഗത വരുമാന സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കില്ല. കൂടാതെ ജാതി തെളിയിക്കുന്ന രേഖ വേണം. ഇത് വില്ലേജ് ഓഫീസര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ SSLC സര്‍ട്ടിഫിക്കറ്റിലെ ജാതി രേഖപ്പെടുത്തിയ പേജ് മതി.
സിവില്‍ സപ്ലൈസ് വകുപ്പ് മുഖേന ഏറ്റവും ഒടുവില്‍ ലഭ്യമായിട്ടുള്ള പുതിയ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, പ്രായം തെളിയിക്കുന്ന രേഖ (SSLC അല്ലെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ്), സാധുതയുള്ള LMV ഡ്രൈവിംഗ് ലൈസന്‍സിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, അപേക്ഷയില്‍ പതിക്കാനുള്ള ഫോട്ടോ എന്നിവയും വേണം.
രേഖകളില്‍ പേര് വിവരങ്ങളില്‍ വ്യത്യാസമുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനുള്ള One & the Same സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കണം. വിധവയോ, മാരക രോഗത്തിന് ചികിത്സ തേടുന്നവരോ ആണെങ്കില്‍ അത് തെളിയിക്കുന്ന രേഖകളും, മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും EV Policy പ്രകാരമുള്ള ഇന്‍സെന്റീവ് കൈപ്പറ്റിയിട്ടില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രവും സമര്‍പ്പിക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വാഹനം കൊമേഴ്സ്യല്‍ പാസഞ്ചര്‍ (Commercial passenger) ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
ആരുടെ പേരിലാണോ വാഹനം അനുവദിക്കുന്നത് ആ വ്യക്തി മാത്രമേ വാഹനം ഓടിക്കാന്‍ പാടുള്ളൂ. കൂടാതെ വാഹന കൈമാറ്റം ഒരുകാരണവശാലും അനുവദനീയമല്ല.
തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ സമുന്നതിയുമായി 3 വര്‍ഷ കാലയളവിലേക്കുള്ള കരാറില്‍ ഏര്‍പ്പെടണം.
കരാര്‍ കാലാവധിക്കുള്ളില്‍ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയാല്‍ അനുവദിച്ച സബ്സിഡി തുക 12% കൂട്ടുപലിശ ഉള്‍പ്പെടെ തിരിച്ചടയ്ക്കേണ്ടി വരും. കൂടാതെ ഭാവിയില്‍ പദ്ധതിക്ക് അപേക്ഷിക്കാനുള്ള അര്‍ഹതയും നഷ്ടമാകും.
ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട ഒന്നിലധികം പേര് അപേക്ഷിച്ചാല്‍ ആ അപേക്ഷകള്‍ നിരുപാധികം നിരസിക്കപ്പെടും.
വായ്പ അനുവദിക്കുന്നതിന് ജാമ്യവസ്തു, പലിശ നിരക്ക്, തിരിച്ചടവ് കാലാവധി എന്നിവ സംബന്ധിച്ച അന്തിമ തീരുമാനം ധനലക്ഷ്മി ബാങ്കിന്റേതായിരിക്കും.
ബാങ്ക് വായ്പ അനുവദിച്ച ശേഷം വാഹനം, RC ബുക്ക്, ഇന്‍ഷുറന്‍സ് പേപ്പറുകള്‍, EV Policy ഇന്‍സെന്റീവ് വാങ്ങിയിട്ടില്ലെന്ന സാക്ഷ്യപത്രം എന്നിവ സമുന്നതി ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് ലോണ്‍ അക്കൗണ്ടിലേക്ക് ഒറ്റഗഡുവായി സബ്സിഡി തുക കൈമാറുക.
