എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 1 മുതല്‍ ; അര്‍ധവാര്‍ഷിക പരീക്ഷ ഡിസംബര്‍ 8ന്, ക്രിസ്മസ് അവധിയും പ്രഖ്യാപിച്ചു
എസ്.എസ്.എല്‍.സി, ഹയർ സെക്കൻഡറി പരീക്ഷകളുടെ തീയതികളില്‍ ധാരണയായി. എസ്.എസ്.എല്‍.സി പരീക്ഷ മാർച്ച് ഒന്നുമുതല്‍ 30 വരെയും പ്ലസ് വണ്‍, പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ മാർച്ച് രണ്ടുമുതല്‍ 30 വരെയും നടത്താനാണ് തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന ക്യു.ഐ.പി യോഗത്തിലാണ് പരീക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് ധാരണയായത്.
എസ്.എസ്.എല്‍.സി പരീക്ഷകളില്‍ ഒന്നൊഴികെയുള്ളവയും ഹയർ സെക്കൻഡറിയില്‍ രണ്ടൊഴികെയുള്ളവയും രാവിലെയായിരിക്കും. സ്കൂള്‍ വാർഷിക പരീക്ഷകള്‍ ഫെബ്രുവരി 26ന് ആരംഭിക്കും. എസ്.എസ്.എല്‍.സി, ഹയർ സെക്കൻഡറി പരീക്ഷകളില്ലാത്ത ദിവസങ്ങളിലായിരിക്കും വാർഷിക പരീക്ഷകള്‍ നടത്തുക. ഇതിന്റെ കരട് സമയക്രമത്തിനും യോഗം അംഗീകാരം നല്‍കി.
സ്കൂളുകളിലെ അർധവാർഷിക പരീക്ഷ ഡിസംബർ എട്ടിന് ആരംഭിച്ച് 17ന് അവസാനിക്കും. ഡിസംബർ 18ന് ക്രിസ്മസ് ആഘോഷങ്ങളോടെ സ്കൂളുകള്‍ അടയ്ക്കും. ക്രിസ്മസ് അവധിക്ക് ശേഷം ഡിസംബർ 28ന് സ്കൂളുകള്‍ വീണ്ടും തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, സി.ഐ.എസ്.സി.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ തീയതികളും പ്രഖ്യാപിച്ചു. ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ മാർച്ച് 31 വരെയും ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി ഒമ്പത് മുതല്‍ ഏപ്രില്‍ എട്ട് വരെയും നടക്കും.
പത്താം ക്ലാസ് പരീക്ഷയുടെ സമയക്രമത്തിലും മാറ്റമുണ്ട്. ചോദ്യപേപ്പർ വായിക്കാനുള്ള സമയം രാവിലെ 10ന് ആരംഭിക്കും. 10.15ന് എഴുത്തുപരീക്ഷ തുടങ്ങും. നേരത്തേ ഇത് യഥാക്രമം 10.45, 11 മണി എന്നിങ്ങനെയായിരുന്നു. പരീക്ഷാർഥികള്‍ രാവിലെ 9.45നകം ഹാളില്‍ പ്രവേശിക്കണമെന്ന് സി.ഐ.എസ്.സി.ഇ ചീഫ് എക്സിക്യൂട്ടിവും സെക്രട്ടറിയുമായ ജോസഫ് ഇമ്മാനുവല്‍ അറിയിച്ചു.
രണ്ട് ബോർഡ് പരീക്ഷകളിലുമായി 3,79,980 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. 3,106 സ്കൂളുകളില്‍നിന്നായി ഏകദേശം 2.70 ലക്ഷം പേർ പത്താം ക്ലാസ് പരീക്ഷയും 1,651 സ്കൂളുകളില്‍നിന്നായി 1,10,025 പേർ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും എഴുതും. പത്താം ക്ലാസില്‍ 76 വിഷയങ്ങളും പന്ത്രണ്ടാം ക്ലാസില്‍ 60 വിഷയങ്ങളുമാണ് പരീക്ഷയ്ക്കുള്ളത്.
