വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് പോയോ ……? തിരികെ ചേര്‍ക്കാൻ വീണ്ടും അവസരം
സംസ്ഥാനത്ത് നടന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി 25 ലക്ഷത്തോളം വോട്ടർമാരുടെ പേരുകള്‍ നീക്കം ചെയ്യപ്പെട്ടത് വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.ജീവിച്ചിരിക്കുന്നവരും താമസം മാറാത്തവരുമായ നിരവധി പേരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് പുറത്തായതായാണ് പരാതി ഉയരുന്നത്. മുൻ എം.എല്‍.എ രാജാജി മാത്യു തോമസും ഭാര്യയും ഉള്‍പ്പെടെയുള്ള പ്രമുഖരുടെ പേരുകള്‍ പോലും ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടത് പട്ടിക പരിഷ്കരണത്തിലെ അപാകതകള്‍ വെളിവാക്കുന്നു.
ഈ സാഹചര്യത്തില്‍, വോട്ടവകാശം നഷ്ടപ്പെട്ടവർക്ക് അത് തിരികെ ലഭിക്കുന്നതിനായി വോട്ടർ പട്ടികയില്‍ പേര് ചേർക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും അവസരം ഒരുക്കിയിട്ടുണ്ട്. പേര് ഒഴിവാക്കപ്പെട്ടവർക്ക് എപ്പോള്‍ മുതല്‍ അപേക്ഷിക്കാമെന്നും അതിനായി ചെയ്യേണ്ട നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നും കമ്മീഷൻ വ്യക്തമാക്കിക്കഴിഞ്ഞു. വോട്ടർമാർക്ക് തങ്ങളുടെ പേര് പട്ടികയിലുണ്ടെന്ന് ഉറപ്പുവരുത്താനും പരാതികള്‍ പരിഹരിക്കാനുമുള്ള സുവർണ്ണാവസരമാണിതെന്ന് അധികൃതർ അറിയിച്ചു.
അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കേണ്ട വിധം
നിശ്ചിത സമയപരിധിക്കുള്ളില്‍ അപേക്ഷാ ഫോമുകള്‍ സമർപ്പിക്കാൻ കഴിയാത്ത വോട്ടർമാർക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്. അവകാശവാദങ്ങളും എതിർപ്പുകളും ഉന്നയിക്കുന്നതിനായി അനുവദിച്ചിട്ടുള്ള 2025 ഡിസംബർ 23 മുതല്‍ 2026 ജനുവരി 22 വരെയുള്ള കാലയളവില്‍ ഇവർക്ക് പേര് ചേർക്കാൻ സാധിക്കും. ഇതിനായി നിശ്ചിത ഡിക്ലറേഷൻ ഫോമിനൊപ്പം ഫോം 6 പൂരിപ്പിച്ച് സമർപ്പിച്ചാല്‍ മതിയാകും.
ഫോം 6 – പേര് പുതുതായി ചേർക്കുന്നതിന്
ഫോം 6A – പ്രവാസി വോട്ടർമാരുടെ പേര് ചേർക്കുന്നതിന്
ഫോം 7 – മരണം, താമസം മാറാൻ, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാല്‍ പേര് ഒഴിവാക്കുന്നതിന്
ഫോം 8 – വിലാസം മാറ്റുന്നതിനും മറ്റ് തിരുത്തലുകള്‍ക്കും
ഈ ഫോമുകള്‍ https://voters.eci.gov.in/ എന്ന ലിങ്കില്‍ ലഭ്യമാണ്.
അപ്പീല്‍ സമർപ്പിക്കേണ്ടത് എങ്ങനെ?
കരട് വോട്ടർ പട്ടികയില്‍ ഉള്‍പ്പെട്ട ഒരാളുടെ പേര് ഹിയറിംഗിന് ശേഷം ഒഴിവാക്കപ്പെടുകയാണെങ്കില്‍, അവർക്ക് നീതിക്കായി അപ്പീല്‍ നല്‍കാൻ നിയമപരമായ അവകാശമുണ്ട്. ഇലക്ടറല്‍ രജിസ്ട്രേഷൻ ഓഫീസർ (ERO) പുറപ്പെടുവിക്കുന്ന ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് (DEO) ഒന്നാം അപ്പീല്‍ സമർപ്പിക്കാവുന്നതാണ്. 1950-ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 24(A), രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് റൂള്‍സ് 27 എന്നിവ പ്രകാരമാണ് വോട്ടർമാർക്ക് ഈ സൗകര്യം ഉറപ്പാക്കിയിരിക്കുന്നത്.
ഒന്നാം അപ്പീലിലെ ഉത്തരവ് വന്ന് 30 ദിവസത്തിനകം ചീഫ് ഇലക്ടറല്‍ ഓഫീസർക്ക് രണ്ടാം അപ്പീല്‍ സമർപ്പിക്കാം. (1950-ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 24(B), രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് റൂള്‍സ് 27 പ്രകാരം).
വോട്ടർപട്ടികയുടെ കൃത്യത ഉറപ്പാക്കാൻ പൗരന്മാർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം.
നോട്ടീസ് ഘട്ടം: പുറപ്പെടുവിക്കല്‍, ഹിയറിംഗ് & പരിശോധന
എന്യൂമറേഷൻ ഫോമുകള്‍ പരിശോധിക്കുന്നതും ഇതുമായി ബന്ധപ്പെട്ട പരാതികള്‍ തീർപ്പാക്കുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍ 2025 ഡിസംബർ 23 മുതല്‍ 2026 ഫെബ്രുവരി 14-നുള്ളില്‍ ഇലക്ടറല്‍ രജിസ്ട്രേഷൻ ഓഫീസർമാർ പൂർത്തിയാക്കും. എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി 2026 ഫെബ്രുവരി 21-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതാണ്. വോട്ടർമാർക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.ceo.kerala.gov.in സന്ദർശിച്ച് പട്ടികയില്‍ തങ്ങളുടെ പേര് ഉണ്ടെന്ന് ഉറപ്പുവരുത്താവുന്നതാണ്.
സാധുവായ രേഖകള്‍
ഏതെങ്കിലും കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാരൻ/പെൻഷൻകാരൻ നല്‍കുന്ന ഏതെങ്കിലും തിരിച്ചറിയല്‍ കാർഡ് / പെൻഷൻ പേയ്മെന്റ് ഓർഡർ.
01.07.1987 ന് മുമ്ബ് ഇന്ത്യയില്‍ സർക്കാർ / തദ്ദേശീയ അധികാരികള്‍ / ബാങ്കുകള്‍ / പോസ്റ്റ് ഓഫീസ് / എല്‍.ഐ.സി. / പൊതുമേഖലാ സ്ഥാപനങ്ങള്‍ നല്‍കിയ തിരിച്ചറിയല്‍ കാർഡ് / സർട്ടിഫിക്കറ്റ് / രേഖ.
യോഗ്യതയുള്ള അധികാരി നല്‍കുന്ന ജനന സർട്ടിഫിക്കറ്റ്.
പാസ്‌പോർട്ട്.
അംഗീകൃത ബോർഡുകള്‍ / സർവ്വകലാശാലകള്‍ നല്‍കുന്ന മെട്രിക്കുലേഷൻ / വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്.
യോഗ്യതയുള്ള സംസ്ഥാന അധികാരി നല്‍കുന്ന സ്ഥിര താമസ സർട്ടിഫിക്കറ്റ്.
വനാവകാശ സർട്ടിഫിക്കറ്റ്.
ഒബിസി / എസ്.സി / എസ്.ടി അല്ലെങ്കില്‍ യോഗ്യതയുള്ള അധികാരി നല്‍കുന്ന ജാതി സർട്ടിഫിക്കറ്റ്.
ദേശീയ പൗരത്വ രജിസ്റ്റർ (അത് നിലവില്‍ കൊണ്ടിടത്തെല്ലാം).
സംസ്ഥാന / തദ്ദേശീയ അധികാരികള്‍ തയ്യാറാക്കിയ കുടുംബ രജിസ്റ്റർ.
സർക്കാർ നല്‍കുന്ന ഭൂമി / വീട് അലോട്ട്മെന്റ് സർട്ടിഫിക്കറ്റ്.
ആധാർ.
സഹായത്തിനായി ബന്ധപ്പെടാം
അപ്പീലുകള്‍ അല്ലെങ്കില്‍ എസ്‌ഐആർ നടപടിക്രമങ്ങള്‍ സംബന്ധിച്ച സഹായത്തിനായി
ഇന്ത്യയില്‍ ഉള്ളവർ: 1950 ല്‍ വിളിക്കുക
വിദേശത്തുള്ളവർ: +91 471 2551965
ഇമെയില്‍: overseasselectorsir26@gmail.com
ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റ്: https://voters.eci.gov.in
സോഷ്യല്‍ മീഡിയ ലിങ്കുകള്‍:
www.ceo.kerala.gov.in
X: /CeoKerala
Instagram: @ChiefElectoralOfficerKerala
Facebook: /CeoKeralaOffice
