പുതിയ കണക്ഷന് ഷോക്ക്, വൈദ്യുതി കണക്ഷന് ഫീസ് കുത്തനെ കൂട്ടി, മൂന്നിരട്ടിവരെ വര്‍ധന
പുതിയ വൈദ്യുതി കണക്ഷന് എടുക്കുന്നതിനുള്ള ഫീസ് കുത്തനെ കൂട്ടി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്. ചില വിഭാഗങ്ങളില്‍ നിരക്ക് മൂന്നിരട്ടിവരെ വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്ക് ഒക്ടോബര്‍ 12 മുതല്‍ പ്രാബല്യത്തില്‍ വരും.
പോസ്റ്റ്, അധിക വയര്‍, ട്രാന്‍സ്ഫോര്‍മര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ആവശ്യമുള്ളവര്‍ക്കും ആവശ്യമില്ലാത്തവര്‍ക്കും 200 മീറ്ററിനുള്ളില്‍ ഏകീകൃത നിരക്കാണ് ഇനി ഈടാക്കുക. കിലോവാട്ട് അടിസ്ഥാനത്തില്‍ നിരക്ക് ഏകീകരിച്ചതോടെ പുതിയ കണക്ഷന് അപേക്ഷ നല്കുമ്പോള് തന്നെ ഫീസ് അടയ്ക്കാം. നിലവില്‍ കെ.എസ്.ഇ.ബി. പരിശോധന നടത്തി ഫീസ് കണക്കാക്കിയശേഷമാണ് തുക അടയ്ക്കേണ്ടിയിരുന്നത്.
രണ്ടുകിലോവാട്ട് വരെ സിംഗിള്‍ ഫേസ് ഗാര്‍ഹിക കണക്ഷന് ഇനി 2,000 രൂപ നല്‍കണം. അഞ്ചുകിലോവാട്ട് വരെ 1,740 രൂപയായിരുന്ന നിരക്കാണ് പരിഷ്കരിച്ചത്. രണ്ടിന് മുകളിലും അഞ്ചുകിലോവാട്ട് വരെയും 5,000 രൂപയാകും. ഗാര്‍ഹികേതര കണക്ഷനില്‍ ഒരു കിലോവാട്ട് വരെ 2,500 രൂപയും രണ്ടുകിലോവാട്ട് വരെ 3,000 രൂപയുമാണ് പുതിയ നിരക്ക്.
ത്രീഫേസ് കണക്ഷനിലാണ് നിരക്ക് വര്‍ധന കൂടുതല്‍ പ്രകടം. അഞ്ചുമുതല്‍ ഏഴുകിലോവാട്ട് വരെ 8,000 രൂപയും ഏഴുമുതല്‍ 10 കിലോവാട്ട് വരെ 10,000 രൂപയുമാകും. നേരത്തെ അഞ്ചുമുതല്‍ 10 കിലോവാട്ട് വരെ 4,220 രൂപയായിരുന്നു.10 മുതല്‍ 30 കിലോവാട്ട് വരെ ഓരോ കിലോവാട്ടിനും 1,560 രൂപ വീതമാണ് പുതിയ നിരക്ക്. 25 കിലോവാട്ടിന് 39,000 രൂപ നല്‍കണം. 30 മുതല്‍ 40 കിലോവാട്ട് വരെ കിലോവാട്ടിന് 2,890 രൂപയും 50 മുതല്‍ 100 കിലോവാട്ട് വരെ 5,670 രൂപയുമാണ് നിരക്ക്.
നിരക്ക് പരിഷ്കരണത്തിന്റെ വലിയ ആഘാതം വ്യക്തമാകുന്നത് 50 കിലോവാട്ട് കണക്ടഡ് ലോഡുള്ള കണക്ഷനിലാണ്. നിലവില്‍ 21,750 രൂപയായിരുന്ന ഫീസ് ഇനി ഏകദേശം 2.11 ലക്ഷം രൂപ നല്‍കണം. എന്നാല്‍ ഈ വിഭാഗത്തില്‍ ട്രാന്‍സ്ഫോര്‍മറോ മറ്റ് അനുബന്ധ ഉപകരണങ്ങളോ ആവശ്യമുണ്ടെങ്കില്‍ അവയ്ക്കായി അധിക തുക ഈടാക്കില്ല. ലൈനില്‍നിന്ന് 200 മീറ്ററിനുള്ളിലുള്ള കണക്ഷനുകള്‍ക്കാണ് പുതിയ ഏകീകൃത നിരക്ക് ബാധകം. 200 മീറ്ററിന് അപ്പുറം അധിക പോസ്റ്റുകളും മറ്റ് ഉപകരണങ്ങളും ആവശ്യമായ കണക്ഷനുകള്‍ക്ക് നിലവിലെ നിരക്ക് തുടരും. ഈ നിരക്കും രണ്ടുമാസത്തിനകം പരിഷ്കരിച്ച് ശുപാര്‍ശ നല്കാന് കമ്മിഷന് നിര്‍ദേശിച്ചിട്ടുണ്ട്.
കണക്ടഡ് ലോഡില്‍ മാറ്റമില്ലാതെ സിംഗിള്‍ ഫേസ് കണക്ഷന് ത്രീഫേസാക്കി മാറ്റുന്നതിനും ഇനി അധിക ഫീസ് നല്‍കണം. കിലോവാട്ടിന് 700 രൂപയാണ് ഇതിനുള്ള പുതിയ നിരക്ക്. കണക്ഷന് ഫീസ് കുത്തനെ ഉയരുമ്പോള്‍ ഉപഭോക്താവിന് ആശ്വാസമാകുന്നത് അധിക ഉപകരണങ്ങള്‍ക്കുള്ള ചെലവ് ഒഴിവാക്കുന്നതാണ്. എന്നാല്‍ ഉപകരണങ്ങള്‍ ആവശ്യമില്ലാത്ത കണക്ഷനുകള്‍ക്കും അതേ നിരക്ക് ഈടാക്കുന്നതാണ് പുതിയ പരിഷ്കരണത്തിലെ പ്രധാന മാറ്റം.
