September 24, 2026

പെയിൻകില്ലറുകളും ആന്റിബയോട്ടിക്കുകളും വൃക്കയെ ബാധിക്കുമോ …? കേന്ദ്ര ഡ്രഗ്സ് കണ്‍ട്രോളറുടെ മുന്നറിയിപ്പ്

Share

 

ശരീരത്തില്‍ ചെറിയൊരു വേദനയോ പനിയോ വരുമ്പോള്‍ തന്നെ ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് വേദനസംഹാരികളും ആന്റിബയോട്ടിക്കുകളും വാങ്ങി കഴിക്കുന്ന ശീലം നമ്മളില്‍ പലർക്കുമുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള അനിയന്ത്രിതവും അശാസ്ത്രീയവുമായ മരുന്ന് ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പ്രത്യേകിച്ച്‌ വിട്ടുമാറാത്ത വൃക്കരോഗങ്ങള്‍ക്ക് വഴിവെക്കുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സെൻട്രല്‍ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്‍ട്രോള്‍ ഓർഗനൈസേഷൻ (CDSCO).

 

സെപ്റ്റംബർ 22-ന് പുറപ്പെടുവിച്ച പ്രത്യേക സർക്കുലറിലാണ് ഡ്രഗ്സ് റെഗുലേറ്റർ ആരോഗ്യപ്രവർത്തകർ, ഫാർമസികള്‍, ഹോസ്പിറ്റലുകള്‍, സാധാരണക്കാർ എന്നിവർക്ക് നിർദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

 

1. ഏതെല്ലാം മരുന്നുകളെക്കുറിച്ചാണ് CDSCO പ്രത്യാഘാതം വ്യക്തമാക്കുന്നത്?

 

പ്രധാനമായും നോണ്‍-സ്റ്റീറോയ്ഡല്‍ ആന്റി-ഇൻഫ്ലമേറ്ററി ഡ്രഗ്സ് (NSAIDs) വിഭാഗത്തില്‍പ്പെടുന്ന വേദനസംഹാരികളെക്കുറിച്ചാണ് സി.ഡി.എസ്.സി.ഒ ആശങ്ക പ്രകടിപ്പിക്കുന്നത്. വേദന, വീക്കം, പനി എന്നിവ കുറയ്ക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന മരുന്നുകളാണിത്. ഇതിന് പുറമെ ബാക്ടീരിയല്‍ അണുബാധകള്‍ക്ക് നല്‍കുന്ന ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗത്തെക്കുറിച്ചും സർക്കുലർ വ്യക്തമാക്കുന്നുണ്ട്.

 

എന്നാല്‍ ഈ രണ്ട് വിഭാഗം മരുന്നുകളും ശരീരത്തില്‍ ഉണ്ടാക്കുന്ന പാർശ്വഫലങ്ങളും വൃക്കകളുമായുള്ള ബന്ധവും വ്യത്യസ്തമാണ്.

 

2. വേദനസംഹാരികള്‍ (NSAIDs) വൃക്കകളെ എങ്ങനെ ബാധിക്കുന്നു?

 

വേദനസംഹാരികള്‍ എപ്പോഴും സാധ്യമായ ഏറ്റവും കുറഞ്ഞ അളവില്‍, കുറഞ്ഞ കാലയളവിലേക്ക് മാത്രം ഉപയോഗിക്കണമെന്നാണ് റെഗുലേറ്ററുടെ നിർദേശം.

 

വേദനസംഹാരികള്‍ ശരീരത്തിലെ ‘പ്രോസ്റ്റാ ഗ്ലാൻഡിൻ’ (Prostaglandin) എന്ന പദാർത്ഥത്തിന്റെ ഉത്പാദനത്തെ തടയുന്നു. വൃക്കകളിലേക്കുള്ള രക്തയോട്ടം സുഗമമായി നിലനിർത്താൻ സഹായിക്കുന്നത് പ്രോസ്റ്റാ ഗ്ലാൻഡിനാണ്.

 

പൂനൈ ഡോ. ഡി.വൈ പാട്ടീല്‍ മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം തലവൻ ഡോ. അമിതാവ് ബാനർജി വ്യക്തമാക്കുന്നത് അനുസരിച്ച്‌, ദീർഘകാലം അമിതമായി വേദനസംഹാരികള്‍ ഉപയോഗിക്കുന്നത് അക്യൂട്ട് കിഡ്നി ഇഞ്ചുറി (AKI), ശരീരത്തില്‍ സോഡിയവും വെള്ളവും കെട്ടിനില്‍ക്കല്‍, ഉയർന്ന രക്തസമ്മർദ്ദം, നിലവിലുള്ള വൃക്കരോഗങ്ങള്‍ വഷളാകല്‍ എന്നിവയ്ക്ക് കാരണമാകും.

 

ദീർഘകാല മരുന്ന് ഉപയോഗം വൃക്കയിലെ സൂക്ഷ്മ രക്തധമനികളിലൂടെയുള്ള രക്തശുദ്ധീകരണ നിരക്ക് (GFR) കുറയ്ക്കാൻ ഇടയാക്കും.

 

അതുകൊണ്ട് തന്നെ വൃക്കരോഗമുള്ളവരോ, ഹൃദ്രോഗം, നിർജ്ജലീകരണം തുടങ്ങിയ പ്രശ്നങ്ങളുള്ളവരോ വേദനസംഹാരികള്‍ ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറോട് വിവരങ്ങള്‍ കൃത്യമായി വ്യക്തമാക്കേണ്ടതുണ്ട്.

 

3. ആന്റിബയോട്ടിക്കുകളുടെ കാര്യത്തില്‍ നല്‍കുന്ന മുന്നറിയിപ്പ് എന്താണ്?

 

ആന്റിബയോട്ടിക്കുകള്‍ ബാക്ടീരിയല്‍ അണുബാധകള്‍ക്കെതിരെ മാത്രം പ്രവർത്തിക്കുന്നവയാണ്. എന്നാല്‍ പനിയോ ചുമയോ വരുമ്പോള്‍ അത് വൈറല്‍ അണുബാധയാണെങ്കില്‍ പോലും പലരും സ്വയം ചികിത്സയുടെ ഭാഗമായി ആന്റിബയോട്ടിക്കുകള്‍ കഴിക്കാറുണ്ട്.

 

അനാവശ്യമായി ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ബാക്ടീരിയകള്‍ ആ മരുന്നിനെതിരെ പ്രതിരോധശേഷി കൈവരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌, വൈറല്‍ രോഗങ്ങള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് ഭാവിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും.

 

മുൻപ് കഴിച്ച മരുന്നുകളുടെ ബാക്കി ഉപയോഗിക്കാനോ മറ്റുള്ളവർക്ക് നല്‍കാനോ പാടില്ല.

 

വേദനസംഹാരികള്‍ നേരിട്ട് ദീർഘകാല ഉപയോഗത്തിലൂടെ വൃക്കരോഗത്തിലേക്ക് നയിക്കുമ്പോള്‍, ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം പ്രധാനമായും ആന്റിമൈക്രോബിയല്‍ റെസിസ്റ്റൻസിനും ആന്റിബയോട്ടിക് സംബന്ധമായ താത്കാലിക വൃക്ക ആഘാതങ്ങള്‍ക്കുമാണ് കാരണമാകുന്നത്. റൂട്ടീൻ ആന്റിബയോട്ടിക് ഉപയോഗം നേരിട്ട് സി.കെ.ഡി ഉണ്ടാക്കണമെന്നില്ല.

 

4. പൊതുജനങ്ങള്‍ മരുന്നുകള്‍ പൂർണമായി നിർത്തണമെന്നാണോ ഇതിന്റെ അർത്ഥം?

 

ഒരിക്കലുമല്ല. അസുഖങ്ങള്‍ക്ക് കൃത്യമായ തോതില്‍ വേദനസംഹാരികളും ആന്റിബയോട്ടിക്കുകളും ഉപയോഗിക്കുന്നത് ജീവൻരക്ഷാകരമാണ്. ഇവ എന്ന്, എപ്പോള്‍, എത്ര അളവില്‍ കഴിക്കണം എന്നതിലാണ് ശ്രദ്ധ പുലർത്തേണ്ടത്.

 

ഷെഡ്യൂള്‍ H, H1 മരുന്നുകള്‍: മിക്ക വേദനസംഹാരികളും ഷെഡ്യൂള്‍ H വിഭാഗത്തിലും, ആന്റിബയോട്ടിക്കുകള്‍ ഷെഡ്യൂള്‍ H1 വിഭാഗത്തിലും പെടുന്നവയാണ്. അതായത് ഡോക്ടറുടെ കൃത്യമായ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് ഇവ വില്‍ക്കാൻ പാടില്ല.

 

ഡോക്ടറുടെ ഉപദേശം തേടുക: രോഗലക്ഷണങ്ങള്‍ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുകയാണെങ്കില്‍ സ്വയം മരുന്ന് കഴിക്കാതെ രോഗത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഡോക്ടറെ സമീപിക്കുക.

 


Share
Copyright © All rights reserved. | Newsphere by AF themes.