പുകവലി ഉപേക്ഷിക്കാൻ ആഗ്രഹമുണ്ടോ ?; ഈ അഞ്ച് കാര്യങ്ങൾ ചെയ്തു നോക്കൂ
പുകവലിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ഭൂരിഭാഗം ആളുകള്‍ക്കും അറിവുണ്ടെങ്കിലും അതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത് പുകവലി ഉപേക്ഷിക്കുക എന്ന വെല്ലുവിളി നിറഞ്ഞ പ്രക്രിയ ഓർത്താണ്. തമാശക്കായി ആരംഭിക്കുകയും പിന്നീട് നിക്കോട്ടിൻ അഡിക്ഷനായി അതൊരു ശീലമായി മാറുകയും ചെയ്യും. പുകവലി നിർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനായി ഒരു പദ്ധതി തന്നെ തയ്യാറാക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
പുകവലി ഉപേക്ഷിക്കാനുള്ള അഞ്ച് സ്റ്റെപ്പുകള്‍
1. ഒരു കൃത്യമായ പ്ലാൻ തയ്യാറാക്കുക
പുകവലി നിർത്താനുള്ള നിങ്ങളുടെ യാത്ര ആരംഭിക്കുന്നത് അതിനായി ഒരു പ്രത്യേക ദിവസം തീരുമാനിക്കുന്നിടത്താണ്. പുകവലി നിർത്താൻ തീരുമാനമെടുത്താല്‍ നിങ്ങള്‍ ആ തിയതി എഴുതിവെക്കണം. പുകവലിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ തിരിച്ചറിയണം. ഓരോരുത്തരിലും അത് വ്യത്യസ്തമാവും. ചിലർക്കത് മാനസിക സമ്മർദമാണെങ്കില്‍ മറ്റ് ചിലർക്ക് അത് കോഫി ബ്രേക്കുകളും സുഹൃത്തുക്കളുമായുള്ള ഒത്തു ചേരലുകളായിരിക്കും. എന്താണെന്ന് കണ്ടെത്തി അതില്‍ നിന്ന് മാറി നില്ക്കാൻ ശ്രമിക്കണം. പുകവലി നിർത്താൻ ശ്രമിക്കുന്ന ആദ്യ ഘട്ടങ്ങളില്‍ അഡിക്ഷൻ ഒഴിവാക്കാനായി ച്യൂയിംഗ് ഗം, കൌണ്സിലിംഗ് സേവനങ്ങളോ ക്വിറ്റ് ലൈൻ പ്രോഗ്രാമുകളോ ഉപയോഗിക്കാവുന്നതാണ്. മറ്റൊരു കാര്യം പുകവലി നിർത്താൻ നിങ്ങള്‍ തീരുമാനിച്ച കാര്യം അടുത്ത ബന്ധുക്കള്‍ സുഹൃത്തുക്കള്‍ എന്നിവരോട് പറയുക. അവരുടെ പിന്തുണ പുകവലി നിർത്താനുള്ള നിങ്ങളുടെ ശ്രമത്തിന് അനിവാര്യമാണ്.
2. നിങ്ങളെ പ്രേരിപ്പിക്കുന്ന വസ്തുക്കളും സാഹചര്യവും ഒഴിവാക്കുക
പുകവലിക്കാൻ നിങ്ങളെ പലപ്പോഴും പ്രേരിപ്പിക്കുന്നത് ചില വസ്തുക്കളോ സാഹചര്യങ്ങളോ ആണ്. അത് പൂർണമായും ഒഴിവാക്കണം. സിഗരറ്റുകള്‍, ലൈറ്ററുകള്‍, ആഷ് ട്രേകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വസ്തുക്കളും വീട്, വാഹനം, ജോലിസ്ഥലം എന്നിവിടങ്ങളില്‍ നിന്ന് ഒഴിവാക്കണം. പുകയുടെ മണം വീണ്ടും പുകവലിക്കാൻ തോന്നിച്ചേക്കാം, അതിനാല്‍ നിങ്ങളുടെ വസ്ത്രങ്ങള്‍ നന്നായി കഴുകുക. പുകവലിക്കാനുള്ള ആഗ്രഹം വരുമ്പോള്‍ അതിനു പകരം ഷുഗർലെസ്സ് ഗം, കാരറ്റ് എന്നിവ ഉപയോഗിക്കാം. പുകവലി ഉപേക്ഷിക്കുന്നതിന്റെ ആദ്യ ഘട്ടങ്ങളില്‍ മുൻപ് പുകവലിച്ചിരുന്ന സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. പുകയിലയുമായി ബന്ധപ്പെട്ട കാഴ്ചകളും മണങ്ങളും എത്രത്തോളം കുറയുന്നുവോ, അത്രത്തോളം പുകവലിക്കാനുള്ള ആഗ്രഹത്തെ പ്രതിരോധിക്കാൻ സാധിക്കും.
3. ശ്രദ്ധ തിരിക്കുക
പുകവലിയില്ലാത്ത ആദ്യ ആഴ്ചകളില്‍ കടുത്ത നിക്കോട്ടിൻ ക്രേവിംഗ്സ് (കടുത്ത ആഗ്രഹം) ഉണ്ടാകാം. പുകവലിക്കണമെന്ന ആഗ്രഹം തോന്നുമ്പോള്‍ 10 മിനിറ്റ് കാത്തിരിക്കുക. നിങ്ങളുടെ ശ്രദ്ധ മറ്റൊന്നിലേക്ക് തിരിക്കുമ്പോള്‍ ഭൂരിഭാഗം ക്രേവിംഗുകളും ഇല്ലാതാകും. ശ്വാസകോശത്തിലേക്ക് ശുദ്ധവായു കടന്നുപോകുന്നത് സങ്കല്‍പ്പിച്ചുകൊണ്ട് സാവധാനം ദീർഘമായി ശ്വാസമെടുക്കുന്നത് ക്രേവിംഗ്സ് നിയന്ത്രിക്കാൻ സഹായിക്കും.വ്യായാമം നിക്കോട്ടിൻ ക്രേവിംഗ്സിനെ തടഞ്ഞു നിർത്താൻ സഹായിക്കും. നടക്കുക, ഇടക്കിടക്ക് സ്ട്രെച്ചിംഗ് നടത്തിയോ ക്രേവിംഗ്സില് നിന്ന് പുറത്ത് കടക്കാം. ദിനചരിയില് മാറ്റം വരുത്തുന്നതും നല്ലതാണ്. രാവിലെ എഴുന്നേറ്റ് കാപ്പി കുടിച്ചിരുന്ന ആള് പകരം ഗ്രീൻ ടീ കുടിക്കുക, ജോലിസ്ഥലത്തേക്ക് പുതിയ വഴികളിലൂടെ പോവുക എന്നിവ നിങ്ങളുടെ പുകവലി ഉപേക്ഷിക്കാനുള്ള ശ്രമത്തെ സഹായിക്കുന്ന കാര്യങ്ങളാണ്.
4. ശരിയായ പിന്തുണ കണ്ടെത്തുക
പുകവലി ഉപേക്ഷിക്കുക എന്ന വെല്ലുവിളിയെ നിങ്ങള്‍ തനിയെ നേരിടേണ്ടതില്ല. മറ്റുള്ളവരുടെ പിന്തുണയുണ്ടെങ്കില്‍ ഈ ലക്ഷ്യം കൈവരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ ലക്ഷ്യം അടുത്ത കുടുംബാംഗങ്ങളുമായി പങ്കുവെക്കുകയും ഈ പ്രക്രിയയില്‍ അവരുടെ പിന്തുണ ആവശ്യപ്പെടുകയും ചെയ്യുക. ഓണ്‍ ലൈൻ പ്ലാറ്റ് ഫോമുകളില്‍ പുകവലി നിർത്താൻ സഹായിക്കുന്ന നിരവധി സപ്പോർട്ട് ഗ്രൂപ്പുകളുണ്ട് അവയില്‍ ഭാഗമാവാം. പുകവലി ഉപേക്ഷിക്കാനുള്ള നിരവധി വഴികള്‍ അത്തരം ഗ്രൂപ്പുകളില്‍ നിന്ന് ലഭിക്കും.
5. ശുഭാപ്തിവിശ്വാസിയായിരിക്കുക
പുകവലി പൂർണ്ണമായി ഉപേക്ഷിക്കുന്നതിന് മുമ്പ് പലതവണ ശ്രമങ്ങള്‍ നടത്തേണ്ടി വന്നേക്കാം. ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ടു എന്ന് കരുതി പ്രതീക്ഷ നഷ്ടപ്പെടേണ്ടതില്ല. കാരണം ഭൂരിഭാഗം ആളുകള്‍ക്കും പൂർണ്ണമായി പുകവലി നിർത്താൻ ഒന്നിലധികം ശ്രമങ്ങള്‍ ആവശ്യമായി വരാറുണ്ട്. ആദ്യ തവണ പരാജയപ്പെട്ടു എന്ന് കരുതി ശ്രമം ഉപേക്ഷിക്കരുത്. വീണ്ടും ശ്രമിക്കുക. ആദ്യ തവണ വരുത്തിയ പോരായ്മകള്‍ പരിഹരിച്ച് വീണ്ടും ശ്രമിച്ചാല്‍ പുകവലിയോട് ഗുഡ് ബൈ പറയാൻ തന്നെ നിങ്ങള്‍ക്ക് സാധിക്കും. പുകവലിക്കാത്ത ഒരു ദിവസം, പിന്നീട് ഒരു ആഴ്ച, തുടർന്ന് ഒരു മാസം എന്നിങ്ങനെയുള്ള ഓരോ ഘട്ടങ്ങളും ആഘോഷിക്കുക. പുകവലി ഉപേക്ഷിക്കുന്നത് വഴിയുള്ള മെച്ചപ്പെട്ട ആരോഗ്യം, സാമ്പത്തിക ലാഭം, പാസീവ് സ്മോക്കിംഗില് നിന്നുള്ള കുടുംബാംഗങ്ങളുടെ സംരക്ഷണം തുടങ്ങിയ പോസിറ്റീവ് വശങ്ങള് ഓർക്കുക.
പുകവലി ഉപേക്ഷിക്കാനുള്ള നിങ്ങളുടെ കാരണങ്ങള്‍ എഴുതിവെക്കുകയും, പുകവലിക്കാനുള്ള ആഗ്രഹം തോന്നുമ്പോഴെല്ലാം അത് എടുത്തുനോക്കുകയും ചെയ്യുക.
