September 4, 2026

തിന്മയ്ക്കുമേല്‍ നന്മയുടെ ജയം ; ഇന്ന് ശ്രീകൃഷ്ണജയന്തി : നാടും നഗരവും നിറയാന്‍ ഉണ്ണിക്കണ്ണന്മാരും രാധികമാരും

Share

 

ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനമായ അഷ്ടമി രോഹിണി അഥവാ കൃഷ്ണ ജന്മാഷ്ടമി ആഘോഷമാക്കുകയാണ് ഇന്ന് നാടോട്ടാകെ. പ്രധാനപ്പെട്ട ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ എല്ലാം ഇന്നത്തെ ദിവസം പ്രത്യേകപൂജകളും അനുഷ്ഠാനങ്ങളും നടക്കും.

 

മധുരയിലെ യദുവംശത്തില്‍ വസുദേവരുടേയും ദേവകിയുടെയും മകനായാണ് ഭഗവാൻ ശ്രീകൃഷ്ണൻ ജനിച്ചത്. രോഹിണി നക്ഷത്രം വരുന്ന ദിവസത്തിലാണ് ശ്രീകൃഷ്ണജയന്തി ആഘോഷമാക്കുക. ഈ വർഷത്തെ ശ്രീകൃഷ്ണജയന്തി ഭഗവാൻ കൃഷ്ണന്റെ 5253ാംമത്തെ ജന്മവാർഷികമാണ്.

 

തിന്മയുടെ മേല്‍ നന്മ വിജയം നേടിയ തിന്മയെ ഇല്ലായ്മ ചെയ്യാൻ വേണ്ടി ഭഗവാൻ ശ്രീകൃഷ്ണൻ അവതരിച്ച ദിവസമാണ് ശ്രീകൃഷ്ണജയന്തി. ചാന്ദ്ര കലണ്ടർ പ്രകാരം ഭദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ എട്ടാമത്തെ ദിവസമാണ് ശ്രീകൃഷ്ണജയന്തി ആഘോഷമാക്കുക. ഈ ലോകത്തെ തിന്മകളില്‍ നിന്നും നന്മയിലേക്ക് നയിക്കുന്നതിനാണ് ഭഗവാൻ വിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണൻ അവതരിച്ചത് എന്നാണ് വിശ്വാസം.

 

മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിനമാണ് കൃഷ്ണ ജന്മാഷ്ടമി (അഷ്ടമി രോഹിണി). ഇന്നത്തെ ദിവസം വ്രതം അനുഷ്ഠിക്കുന്നതും ഭഗവാൻ കൃഷ്ണനെ ആരാധിക്കുന്നതും ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീങ്ങി ഐശ്വര്യവും സമ്പത്തും വരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

 

ഇന്നത്തെ ദിവസം തെരുവുകളില്‍ ഉണ്ണിക്കണ്ണൻമാരും ഗോപികമാരും അണിനിരക്കും. ശ്രീകൃഷ്ണ ജയന്തിയുടെ ഏറ്റവും ആകർഷകമായ ഒന്നാണ് ശോഭയാത്ര. വിവിധ ക്ഷേത്ര സമിതികളുടെ നേതൃത്വത്തില്‍ നടക്കുന്ന ശോഭ യാത്രകള്‍ വൈകുന്നേരത്തോടെ നഗരവീഥികളെ അകമ്പടി ആക്കി മാറ്റും. നിശ്ചലദൃശ്യങ്ങള്‍, തായമ്പക, ഉറിയടി, പഞ്ചവാദ്യം തുടങ്ങിയ കലാപരിപാടികളും ഇതിനോടനുബന്ധിച്ച്‌ ഉണ്ടായിരിക്കുന്നതായിരിക്കും.

 

കേരളത്തിലെ പ്രധാന കൃഷ്ണ ക്ഷേത്രങ്ങളായ ഗുരുവായൂർ, അമ്പലപ്പുഴ, ആറന്മുള, തിരുവമ്പാടി എന്നിവിടങ്ങളില്‍ അഷ്ടമിരോഹിണി പ്രമാണിച്ച്‌ വിശേഷാല്‍ ചടങ്ങുകള്‍ നടക്കുന്നതാണ്. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ശ്രീകൃഷ്ണ മന്ത്രങ്ങള്‍ ജപിക്കുന്നതും വളരെ നല്ലതാണ്. പ്രധാനമായും ഹരേ കൃഷ്ണ ഹരേ കൃഷ്ണ, ഹരേ രാമ ഹരേ രാമ , ഓം നമോ ഭഗവതേ വാസുദേവായ എന്നീ മന്ത്രങ്ങള്‍ ഇന്നത്തെ ദിവസം ജപിക്കുന്നത് ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം ചൊരിയുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.