വീട്ടാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ ബുക്കിംഗ് ഇടവേള 25 ദിവസമായി കുറച്ചു
ഡല്‍ഹി : ഗാർഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള കാത്തിരിപ്പ് സമയം കേന്ദ്ര സർക്കാർ 45 ദിവസത്തില്‍ നിന്ന് 25 ദിവസമായി കുറച്ചു. നഗര പ്രദേശങ്ങളിലും ഗ്രാമീണ മേഖലകളിലുമുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും ഒരുപോലെ പുതിയ നിയമം ഉടനടി നിലവില്‍ വരുമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
മിഡില്‍ ഈസ്റ്റിലെ സംഘർഷങ്ങളെ തുടർന്ന് ഗ്യാസ് ലഭ്യതയില്‍ ഉണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഈ വർഷം ആദ്യമാണ് ഗ്യാസ് ബുക്കിംഗിന് താല്‍ക്കാലികമായി നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്. 2026 മാർച്ച് മാസത്തില്‍ പെട്രോളിയം മന്ത്രാലയം നഗരപ്രദേശങ്ങളിലുള്ളവർക്ക് 25 ദിവസവും ഗ്രാമീണ മേഖലയിലുള്ളവർക്ക് 45 ദിവസവുമായിരുന്നു ബുക്കിംഗ് ഇടവേള നിശ്ചയിച്ചിരുന്നത്. ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനും വിതരണത്തിലെ അനിശ്ചിതത്വം ഒഴിവാക്കുന്നതിനുമായിരുന്നു അന്ന് ഈ ഘടന നടപ്പിലാക്കിയത്.
നിലവില്‍ രാജ്യത്ത് എല്‍പിജി ലഭ്യത വർധിക്കുകയും മുൻകാല ബുക്കിംഗുകള്‍ വേഗത്തില്‍ തീർപ്പാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കള്‍ക്ക് മുൻപത്തേതിനേക്കാള്‍ 20 ദിവസം മുൻപ് തന്നെ അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കും.
പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ ലിമിറ്റഡ് (IOCL), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL) എന്നിവയോട് പുതിയ മാർഗ്ഗനിർദ്ദേശം ഉടനടി നടപ്പിലാക്കാൻ പെട്രോളിയം മന്ത്രാലയം നിർദ്ദേശം നല്‍കിയിട്ടുണ്ട്. വിപണിയിലെ തടസ്സങ്ങള്‍ ഒഴിവാക്കാനും ആഭ്യന്തര പാചകവാതക ഉല്‍പ്പാദനം കാര്യക്ഷമമായി വിതരണം ചെയ്യാനും പുതിയ മാറ്റം സഹായിക്കും.
