കര്‍ക്കിടത്തില്‍ മഴ കാര്യമായി പെയ്തില്ല : തുലാമാസത്തില്‍ മഴ അപ്പാടെ മാറി നിന്നു ; ഒരാഴ്ചയ്ക്കുള്ളില്‍ നാലു ഡിഗ്രി ചൂടും കൂടി, കേരള ചരിത്രത്തില്‍ വൻ കാലാവസ്ഥാ പ്രതിഭാസം
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യത്തെ കാലാവസ്ഥാ പ്രതിഭാസമാണിത്. കർക്കിടത്തില്‍ മഴ കാര്യമായി പെയ്യാതിരിക്കെ തുലാമാസത്തില്‍ മഴ അപ്പാടെ മാറിനില്‍ക്കുകയും താപനില കുത്തനെ ഉയരുകയും ചെയ്യുന്ന സാഹചര്യം. ഒരാഴ്ചയ്ക്കുള്ളില്‍ നാലു ഡിഗ്രി ചൂട് കൂടിയ സാഹചര്യത്തില്‍ കടുത്ത പനി ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് പുറത്തുവരുന്നത്. പകല്‍ സമയം ആരും പുറത്തിറങ്ങരുത് എന്നുള്‍പ്പെടെ ജാഗ്രത നിർദേശങ്ങളാണ് സർക്കാർ നല്‍കിയിരിക്കുന്നത്.
ഒരിക്കലും സംഭവിച്ചിട്ടില്ലാത് ഈ പ്രതിഭാസം വലിയ പരിസ്ഥിതി നാശത്തിന്റെ ഭാഗമാണെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.സംസ്ഥാനത്ത് ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബുധനാഴ്ച വരെ സംസ്ഥാനത്ത് സാധാരണയെക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തീവ്രമായ ചൂട് സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ പകല്‍ 11 മണി മുതല്‍ വൈകുന്നേരം മുന്നു വരെ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് നിർദേശം. ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണം. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങള്‍ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കണം. കാട്ടുതീ സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെമന്നും അറിയിപ്പുണ്ട്.
ഉയർന്ന താപനിലയ്ക്കിടെ സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. അങ്ങനെയെങ്കില്‍ അതിശക്തമായ പ്രകൃതിദുരന്തങ്ങള്‍ക്കുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുള്ള സാഹചര്യത്തിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ അടുത്തയാഴ്ച പെയ്താല്‍ തന്നെ കേരളത്തില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. അള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണ തോതും ഉയർന്ന സാഹചര്യത്തില്‍ ഇന്നലെയും ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു. സൂപ്പർ എല്‍നിനോ പ്രതിഭാസമായതോടെ മഴ മേഘങ്ങള്‍ കുറഞ്ഞ അന്തരീക്ഷമാണ് കേരളത്തിന് വലിയ ഭീഷണിയായിരിക്കുന്നത്. ഇതിനൊപ്പം സൂര്യരശ്മികള്‍ ലംബമായി കേരളത്തില്‍ പതിക്കുന്ന സമയവും ചൂട് വർധിപ്പിക്കുന്നുണ്ട്.
ചൂടിനൊപ്പം അന്തരീക്ഷ ഈർപ്പവും ഉയർന്നുനില്‍ക്കുന്നതിനാല്‍ യഥാർഥ താപനിലയെക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന സാഹചര്യമാണുള്ളത്. തെക്കു പടിഞ്ഞാറൻ മണ്‍സൂണ്‍ ദുർബലമായതാണു ചൂടു കൂടാൻ കാരണം. അതേസമയം, ഇപ്പോഴത്തേത് ഉഷ്ണതരംഗ സാഹചര്യമായി വിലയിരുത്തിയിട്ടില്ല. മഴ മാറിനില്‍ക്കുന്നതിനൊപ്പം അന്തരീക്ഷ താപനില കുത്തനെ ഉയർന്നതോടെ സംസ്ഥാനം കടുത്ത പ്രതിസന്ധിയില്‍. വൈകുന്നേരങ്ങളില്‍ വൈദ്യുതി ഉപയോഗം വർധിച്ചതിനാല്‍ രാത്രികാലങ്ങളില്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്കി.
ഉയർന്ന ചൂട് ആരോഗ്യപ്രശ്നങ്ങള്‍ക്കും കാട്ടുതീക്കും കാരണമാകുമെന്നതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
കാലാവസ്ഥ വ്യതിയാനവും താപനിലയിലെ അപ്രതീക്ഷിത കുതിച്ചുചാട്ടവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സെപ്റ്റംബറിലെ അപ്രതീക്ഷിത മഴക്കുറവ് ജലാശയങ്ങളിലെ ജലനിരപ്പ് കുത്തനെ കുറച്ചു.കഴിഞ്ഞ മാസം പുഴകള്‍ നിറഞ്ഞു കവിഞ്ഞ് വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തില്‍ നിന്നാണ് അതിവേഗത്തിലുള്ള ഈ മാറ്റം. ഇത് വരും മാസങ്ങളില്‍ ഭൂഗർഭ ജലനിരപ്പ് താഴാനും കാർഷിക മേഖല തകരാനും വഴിവയ്ക്കും. മഴക്കുറവും ഉയർന്ന താപനിലയും കേരളത്തിലെ കൃഷിയെ കാര്യമായി ബാധിക്കും.
നെല്ല്, പച്ചക്കറി, വാഴ തുടങ്ങിയ വിളകള്‍ക്കൊപ്പം തെങ്ങ്, റബർ, കുരുമുളക്, ഏലം, കാപ്പി, തേയില തുടങ്ങിയ തോട്ടവിളകളെയും ബാധിക്കുന്നത് കർഷകരില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ജലവൈദ്യുത പദ്ധതികളില്‍ വെള്ളമില്ലാതാവുകയും കല്‍ക്കരി കേന്ദ്ര വിഹിതം കുറയുകയും ചെയ്യുന്നത് വരും മാസങ്ങളില്‍ കേരളത്തെ ദീർഘകാല പവർക്കട്ടിലേക്ക് തള്ളിവിട്ടേക്കാം.
ചൂട് കടുത്തതോടെ എയർ കണ്ടീഷണറുകളുടെയും മറ്റ് കൂളിങ് സംവിധാനങ്ങളുടെയും ഉപയോഗം വർധിച്ചു. ഇതോടെ വൈകുന്നേരങ്ങളിലെ വൈദ്യുതി ആവശ്യകത മുൻവർഷങ്ങളേക്കാള്‍ 500 മുതല്‍ 800 മെഗാവാട്ട് വരെ ഉയർന്നു.
