ട്രെയിൻ യാത്രക്കാര്‍ക്ക് തിരിച്ചടി; റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് ഭക്ഷണങ്ങള്‍ക്ക് വില കൂട്ടി, 60 ഇനം ഭക്ഷണസാധനങ്ങള്‍ക്ക് അഞ്ച് മുതല്‍ 15 രൂപ വരെ വര്‍ധന
തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില വർധിപ്പിച്ചു. അഞ്ച് രൂപ മുതല്‍ 15 രൂപ വരെയാണ് വില കൂട്ടിയത്.
60 ആഹാര സാധനങ്ങളുടെ വിലയാണ് കൂട്ടിയത്.
95 രൂപയുണ്ടായിരുന്ന മീൻകറി ഊണിന് 110 രൂപയാണ് പുതിയ വില. ഡിപ്പ് ചായയും കാപ്പിയും 10 രൂപയില്‍ തുടരും. പഴംപൊരിയുടെ വിലയില്‍ മാറ്റമില്ല. 20 രൂപ തന്നെയാണ് വില. വെള്ളിയാഴ്ചമുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നു.
രണ്ട് ഇഡ്ഡലിക്കും ചട്ട്ണിക്കും 25 രൂപയായി. നേരത്തേ ഇത് 20 രൂപയായിരുന്നു. മസാലദോശക്ക് 30 രൂപയായി. 25 രൂപയായിരുന്നു നിലവില്‍. രണ്ട് സമൂസക്ക് 30 രൂപ നല്‍കണം. വെജിറ്റബിള്‍ സാൻഡ്വിച്ച് 30 രൂപയില്‍നിന്ന് 35 രൂപയായി. രണ്ട് വെജിറ്റബ്ള്‍ കട്ട്ലെറ്റിന് 40 രൂപയായിരുന്നത് 50 രൂപയായി.റവദോശക്കും റവ ഇഡ്ഡലിക്കും അഞ്ച് രൂപയാണ് കൂടിയത്. ഇതോടെ റവദോശക്ക് 30 രൂപയും റവ ഇഡ്ഡലിക്ക് 25 രൂപയുമായി. രണ്ട് പൊറോട്ടയും കറി അല്ലെങ്കില്‍ നാല് ചപ്പാത്തിയും കറിക്കും 10 രൂപ വർധിച്ച് 55 രൂപയായി. ഒരു ചപ്പാത്തിക്ക് അഞ്ച് രൂപയും ഒരു പൊറോട്ടക്ക് 10 രൂപയും തുടരും. മധുവട, മസാലവട എന്നിവക്ക് 30 രൂപയായി. ഇടിയപ്പത്തിന് (രണ്ടെണ്ണം) 20 രൂപയും കടലക്കറിക്ക് 45 രൂപയുമായി. ടൊമാറ്റോ സൂപ്പ് 30 രൂപയാക്കി.ചിക്കൻ കറി 95 രൂപ, ചിക്കൻ ഫ്രൈഡ് റൈഡ് 105 രൂപ, എഗ് ഫ്രൈഡ് റൈസ് 80 രൂപ, വെജ് ഫ്രൈഡ് റൈസ് 65 രൂപ, ചില്ലി ചിക്കൻ 125 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില നിലവാരം
