September 13, 2026

അജൈവ മാലിന്യം തിരികെ നല്‍കിയാല്‍ ഹരിത കര്‍മ സേന ഇനി പണം ഇങ്ങോട്ടുതരും : യൂസര്‍ ഫീ ഈടാക്കുക വീടിന്റെ വലിപ്പത്തിനനുസരിച്ച്‌ 

Share

 

തിരുവനന്തപുരം : സംസ്ഥാനത്തെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള അജൈവ മാലിന്യ ശേഖരണത്തിലും സംസ്കരണത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് തദ്ദേശ സ്വയംഭരണ വകുപ്പ്.

 

റീസൈക്കിള്‍ ചെയ്യാവുന്ന അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച്‌ ഹരിതകർമ്മസേനയ്ക്ക് കൈമാറുന്ന വീട്ടുകാർക്ക് നിശ്ചിത തുക പ്രതിഫലമായി നല്‍കുന്ന പദ്ധതി സർക്കാർ തലത്തില്‍ സജീവ പരിഗണനയിലാണ്.

 

പൊതുജനങ്ങള്‍ക്കിടയില്‍ മാലിന്യങ്ങള്‍ കൃത്യമായി തരംതിരിക്കാനുള്ള താല്പര്യം വർദ്ധിപ്പിക്കാനും പുനരുപയോഗിക്കാൻ സാധിക്കാത്ത സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കുകളുടെ ഉപയോഗം പൂർണ്ണമായി ഇല്ലാതാക്കാനുമാണ് ഈ പുത്തൻ ചുവടുവെപ്പ്.

 

അതേസമയം, ഹരിതകർമ്മസേന ഈടാക്കുന്ന യൂസർ ഫീ സമ്പ്രദായം തുടരുമെങ്കിലും അതില്‍ വലിയ ഇളവുകളും മാറ്റങ്ങളും വരുത്താൻ സർക്കാർ ഒരുങ്ങുന്നുണ്ട്. നിലവിലെ ഏകീകൃത ഫീസിന് പകരം വീടുകളുടെ വലിപ്പം അടിസ്ഥാനമാക്കി യൂസർ ഫീ നിശ്ചയിക്കാനാണ് ആലോചന.ഇതനുസരിച്ച്‌ ചെറിയ വീടുകളില്‍ താമസിക്കുന്ന സാധാരണക്കാർ കുറഞ്ഞ തുക മാത്രം യൂസർ ഫീയായി നല്‍കിയാല്‍ മതിയാകും. മന്ത്രി കെ.എം. ഷാജി, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ എന്നിവരുടെ സാന്നിധ്യത്തില്‍ ചേർന്ന പുനഃസംഘടിപ്പിച്ച സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് യോഗത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങള്‍ ചർച്ചയായത്.

 

മാലിന്യ സംസ്കരണത്തില്‍ ശാസ്ത്രീയവും സുസ്ഥിരവുമായ പുതിയ കർമ്മപദ്ധതിക്ക് രൂപം നല്‍കാൻ കേരള പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അനില്‍ അക്കര ചെയർമാനായും, ക്ലീൻ കേരള കമ്പനി മുൻ എം.ഡി കബീർ ബി. ഹാറൂണ്‍ കണ്‍വീനറായും പ്രത്യേക ഉപസമിതിയെയും നിയോഗിച്ചു.

 

പൊതുസ്ഥലങ്ങളും വഴിയോരങ്ങളും കയ്യേറി നിയമവിരുദ്ധമായി സ്ഥാപിക്കുന്ന ബോർഡുകള്‍, ഫ്ലെക്സ് ബാനറുകള്‍, പോസ്റ്ററുകള്‍, കൊടിതോരണങ്ങള്‍ എന്നിവയ്ക്കെതിരെ യുദ്ധപ്രഖ്യാപനവുമായി സർക്കാർ ഉത്തരവിറക്കി.

 

* നിയമലംഘനം നടത്തുന്ന ഓരോ ബോർഡിനും ഒന്നിന് 5,000 രൂപ നിരക്കില്‍ പിഴ ചുമത്താൻ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാർക്ക് കർശന നിർദ്ദേശം നല്‍കി.

 

* പിഴത്തുകയ്ക്ക് പുറമെ, ഈ അനധികൃത ബോർഡുകള്‍ എടുത്തുമാറ്റാനും അവ ശാസ്ത്രീയമായി സംസ്കരിക്കാനും തദ്ദേശ സ്ഥാപനത്തിന് വരുന്ന മുഴുവൻ ചെലവും നിയമലംഘകരില്‍ നിന്ന് തന്നെ ഈടാക്കും.

 

* അനധികൃത ബോർഡുകള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ വീഴ്ചവരുത്തുകയോ പിഴ ഈടാക്കുന്നതില്‍ അനാസ്ഥ കാണിക്കുകയോ ചെയ്യുന്ന തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ ശമ്പളത്തില്‍ നിന്നോ വ്യക്തിപരമായ ആസ്തിയില്‍ നിന്നോ ഈ തുക പിടിച്ചെടുക്കുമെന്നും സർക്കാർ ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.