August 14, 2026

വായ്പ എടുത്തവര്‍ക്ക് വന്‍ ആശ്വാസം ; പലിശ കണക്കാക്കുന്നതില്‍ ആര്‍ബിഐയുടെ പുതിയ നിയമം

Share

 

രാജ്യത്ത് വായ്പാ പലിശ നിരക്കുകള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ ലക്ഷ്യമിട്ട് ആര്‍ബിഐയുടെ പുതിയ മാര്‍ഗരേഖ വരുന്നു. 2027 മുതല്‍ നടപ്പിലാകുന്ന ഈ മാറ്റങ്ങള്‍ വാണിജ്യ ബാങ്കുകളില്‍ നിന്നുള്ള വായ്പകളെ കൂടുതല്‍ ആകര്‍ഷകമാക്കുമെന്നു കരുതുന്നു.

 

അതേസമയം പുതിയ മാറ്റങ്ങള്‍ നിങ്ങളുടെ വായ്പകളെ എങ്ങനെ ബാധിക്കുമെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്. ആര്‍ബിഐയുടെ പുതിയ വായ്പാ പലിശ നിരക്ക് നിയമങ്ങളെക്കുറിച്ചും, 2027 ഏപ്രില്‍ മുതല്‍ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും മനസിലാക്കാം.

 

2027 ഏപ്രില്‍ മുതലുള്ള പ്രധാന മാറ്റങ്ങള്‍വായ്പാ വിതരണം കൂടുതല്‍ സുതാര്യമാക്കുന്നതിനായി പലിശ നിരക്കുകള്‍ നിശ്ചയിക്കുന്നതിന് ആര്‍ബിഐ ഒരു പൊതു ചട്ടക്കൂട് വരികയാണ്. 2027 ഏപ്രില്‍ 1 മുതലാണ് ഇം പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.

 

ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും വായ്പാ പലിശ നിരക്കുകള്‍ തീരുമാനിക്കുന്നതിന് ബോര്‍ഡ് അംഗീകരിച്ച കൃത്യമായ നയം ഉണ്ടാകും. ഈ നയം വര്‍ഷത്തില്‍ ഒരു തവണയെങ്കിയും വിലയിരുത്തപ്പെടണമെന്നും ആര്‍ബിഐ പറയുന്നു.

 

വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന ഫ്‌ലോട്ടിംഗ് റേറ്റ് റീട്ടെയില്‍ വായ്പകള്‍, എംഎസ്‌എംഇ (MSME) വായ്പകള്‍ എന്നിവ ബാഹ്യ ബെഞ്ച്മാര്‍ക്കുമായി (External Benchmark) നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന് നിയമം വ്യക്തമാക്കുന്നു. ഈ വായ്പയുടെ പലിശ നിരക്ക് അടിസ്ഥാന ബെഞ്ച്മാര്‍ക്ക് നിരക്കിന് താഴെയാകാന്‍ പാടില്ലെന്നും വ്യക്തമാക്കുന്നു.ബാഹ്യ ബെഞ്ച്മാര്‍ക്ക് മാനദണ്ഡങ്ങള്‍

വാണിജ്യ ബാങ്കുകളുടെ എല്ലാ ഫ്‌ലോട്ടിംഗ് റേറ്റ് വ്യക്തിഗത, റീട്ടെയില്‍, എംഎസ്‌എംഇ വായ്പകളും എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്കുമായി ബന്ധിപ്പിക്കുന്നതോടെ, ആര്‍ബിഐയുടെ പോളിസി നിരക്കുകളിലെ മാറ്റങ്ങളുടെ ഗുണം വായ്പക്കാര്‍ക്ക് വേഗത്തില്‍ ലഭിക്കും.

 

അതേസമയം എന്‍ബിഎഫ്‌സികള്‍ (NBFC), സഹകരണ ബാങ്കുകള്‍, ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ എന്നിവയ്ക്ക് എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് നടപ്പിലാക്കണോ എന്ന് സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും പുതിയ വ്യാവസ്ഥകള്‍ നല്‍കുന്നു. മുന്‍നിര ബാങ്കുകളോട് മത്സരിക്കാന്‍ ഇവരും നിയമങ്ങള്‍ പിന്തുടരേണ്ടി വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

 

എപിആര്‍ പരിധികള്‍ ശ്രദ്ധിക്കണം

അമിതമായ പലിശ ഈടാക്കുന്നത് തടയാന്‍, ചെറുകിട വായ്പകള്‍ക്കും മൈക്രോഫിനാന്‍സ് വായ്പകള്‍ക്കും ബാധകമായ എപിആര്‍ സംബന്ധിച്ച്‌ വ്യക്തമായ ഉയര്‍ന്ന പരിധി നിശ്ചയിക്കും. എപിആര്‍ എന്നാല്‍ വാര്‍ഷിക ശതമാന നിരക്ക് എന്നാണ് അര്‍ത്ഥം. ഇതില്‍ പലിശയും മറ്റ് ഫീസുകളും ഉള്‍പ്പെടുന്നു.

 

50,000 രൂപ വരെയുള്ള വ്യക്തിഗത വായ്പകള്‍ ഈ നിയമപ്രകാരം ചെറുകിട വായ്പകളായി കണക്കാക്കും. ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് നല്‍കുന്ന ഹ്രസ്വകാല കാര്‍ഷിക വായ്പകളില്‍ ഈടാക്കുന്ന ആകെ പലിശയും മറ്റ് ഫീസുകളും വായ്പാ തുകയേക്കാള്‍ കൂടാന്‍ പാടില്ലെന്നും പറയുന്നു.

 

നിലവിലെ വായ്പകള്‍ക്ക് എന്തുസംഭവിക്കും?

 

പുതിയ നിയമങ്ങള്‍ നിലവിലെ വായ്പകളെയും ബാധിക്കും. നിലവില്‍ വായ്പ എടുത്തിട്ടുള്ളവര്‍ക്ക് പുതിയ വ്യവസ്ഥകളിലേക്ക് മാറാന്‍ സാവകാശം ലഭിക്കും. 2029 ഏപ്രില്‍ 1നകം നിലവിലുള്ള എല്ലാ വായ്പകളും ഒറ്റത്തവണ മാപ്പിംഗ് പ്രക്രിയയിലൂടെ പുതിയ നിയമത്തിന്റെ ചട്ടക്കൂടിലേക്ക് മാറ്റണം.

 

വായ്പയെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പലിശ കണക്കാക്കുന്നത് പ്രതിദിന റെഡ്യൂസിംഗ് ബാലന്‍സ് (Daily reducing balance) അടിസ്ഥാനത്തിലായിരിക്കും.

 

ഫ്‌ലോട്ടിംഗ് റേറ്റ് വായ്പകളുടെ ബെഞ്ച്മാര്‍ക്ക് പരമാവധി മൂന്ന് മാസത്തിലൊരിക്കല്‍ റിസെറ്റ് ചെയ്യണം. ഇക്കാര്യം വായ്പാ കരാറില്‍ കൃത്യമായി വ്യക്തമാക്കിയിരിക്കണം.

 

വായ്പക്കാരന്റെ ക്രെഡിറ്റ് പ്രൊഫൈലില്‍ മാറ്റമുണ്ടായാല്‍ മാത്രമേ ക്രെഡിറ്റ് റിസ്‌ക് പ്രീമിയത്തില്‍ മാറ്റം വരുത്താന്‍ പാടുള്ളൂ. പലിശ നിരക്കിലെ മറ്റ് ഘടകങ്ങള്‍ സാധാരണഗതിയില്‍ മൂന്ന് വര്‍ഷത്തിന് മുമ്പ് മാറ്റാന്‍ പാടില്ല.

 

വാണിജ്യ ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുന്നവര്‍ക്ക് എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്കിന്റെ സുതാര്യത ലഭിക്കുമെങ്കിലും, എന്‍ബിഎഫ്‌സികളില്‍ നിന്ന് വായ്പ എടുക്കുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കണമെന്നില്ല.

 

ആര്‍ബിഐയുടെ ഈ പുതിയ കരട് നിര്‍ദ്ദേശങ്ങളിന്മേല്‍ 2026 സെപ്റ്റംബര്‍ 11 വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം.

 

വിവിധ വിഭാഗത്തിലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഈ നിയമങ്ങള്‍ ബാധകമായിരിക്കും.

 

 

 

 


Share
Copyright © All rights reserved. | Newsphere by AF themes.