September 28, 2026

നായയുടെ കടിയേറ്റാല്‍ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങള്‍

Share

 

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് പേവിഷബാധ. ഓരോ ഓരോ പത്ത് മിനിറ്റിലും ലോകത്ത് ഒരാളുടെയെങ്കിലും ജീവനെടുക്കുന്ന അതിമാരകമായ ജന്തുജന്യരോഗമാണ് പേവിഷബാധ എന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. പേവിഷബാധയ്ക്ക് കാരണം റാബ്‌ഡോ വൈറസ് കുടുംബത്തിലെ ലിസ്സ റാബീസ് എന്നയിനം ആർ.എൻ.എ. വൈറസുകളാണ്.

 

നായയുടെ കടി ഒരു ചെറിയ മുറിവായി തോന്നാമെങ്കിലും പേവിഷബാധയ്ക്ക് (rabies) സാധ്യതയുള്ള സാഹചര്യത്തില്‍, ആദ്യത്തെ ഏതാനും മിനിറ്റുകളില്‍ നിങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ ജീവൻ രക്ഷിക്കാൻ സഹായിച്ചേക്കാം. കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറല്‍ രോഗമാണ് പേവിഷബാധ. രോഗലക്ഷണങ്ങള്‍ പ്രകടമായിക്കഴിഞ്ഞാല്‍ ഇത് മിക്കവാറും മരണകാരണമായിത്തീരുന്നു. എന്നിരുന്നാലും, രോഗബാധയുണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തില്‍ മുറിവ് ശരിയായി ശുചീകരിക്കുന്നതും പേവിഷബാധയ്‌ക്കെതിരായ വാക്സിൻ ഉള്‍പ്പെടെയുള്ള പ്രതിരോധ ചികിത്സ (PEP) കൃത്യസമയത്ത് നല്‍കുന്നതും വഴി ഈ രോഗം മൂലമുള്ള മരണം തടയാനാകും. ആഗോളതലത്തില്‍, മനുഷ്യരിലുണ്ടാകുന്ന പേവിഷബാധ കേസുകളില്‍ ഏകദേശം 99 ശതമാനത്തിനും കാരണം നായ്ക്കളാണ്.ഇന്ത്യയില്‍ ഓരോ വർഷവും ഏകദേശം 91 ലക്ഷം മൃഗങ്ങളുടെ കടിയേല്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 2024-ല്‍ പ്രസിദ്ധീകരിച്ച ഒരു കണക്കെടുപ്പ് പ്രകാരം ഇന്ത്യയില്‍ പ്രതിവർഷം 5,726 പേർ പേവിഷബാധ (റാബീസ്) മൂലം മരിക്കുന്നുണ്ടെന്നാണ് സൂചന.

 

നായയുടെ കടിയേറ്റാല്‍ ഉടൻ എന്താണ് ചെയ്യേണ്ടത്?

 

മുറിവ് 15 മിനിറ്റ് നേരം കഴുകുക.

 

വീട്ടില്‍ വളർത്തുന്ന നായ ആണെങ്കിലും തെരുവുനായ ആണെങ്കിലും കടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് കടിയേറ്റ ഭാഗം നന്നായി കഴുകി വൃത്തിയാക്ക‍ുകയാണ്. ഒഴുകുന്ന വെള്ളത്തില്‍ 15 മിനിറ്റോളം കഴുകണം. സോപ്പ് ഉപയോഗിച്ചു വേണം മുറിവ് കഴുകാൻ. ആൻറിബാക്ടീരിയല്‍ സോപ്പ് തന്നെ വേണമെന്നില്ല. ചെറുതായി മാന്തിയതാണെങ്കിലും കഴുകണം.

 

അസ്വസ്ഥതയുണ്ടാക്കുന്നവ പുരട്ടരുത്

 

സസ്യങ്ങളുടെ സത്ത്, ആല്‍ക്കലികള്‍ അല്ലെങ്കില്‍ ദോഷകരമായേക്കാവുന്ന മറ്റ് വസ്തുക്കള്‍ എന്നിവ മുറിവില്‍ പുരട്ടരുത്. ഇത്തരം പരമ്പരാഗത ചികിത്സാ രീതികള്‍ പേവിഷബാധ തടയുകയില്ലെന്നു മാത്രമല്ല, അവ ശരീരകലകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തേക്കാം.ഉടൻ തന്നെ വൈദ്യസഹായം തേടുക.

 

വിദഗ്ധ പരിശോധനയ്ക്കായി പേവിഷബാധയ്‌ക്കെതിരായ ചികിത്സ നല്‍കുന്ന ക്ലിനിക്കിനെയോ സമീപിക്കുക. നായയില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത് വരെ കാത്തിരിക്കാതെ തന്നെ വൈദ്യസഹായം തേടുക.

 

കടിയേറ്റ ഭാഗം കെട്ടിവയ്ക്കണമെന്നില്ല

 

കടിയേറ്റ ഭാഗം ബാൻഡേജ് പോലുള്ളവ കൊണ്ട് കെട്ടിവയ്ക്കണമെന്നില്ല. മുറ‍ിവ് തുറന്ന രീതിയില്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുക. മുറ‍ിവില്‍ നിന്നുള്ള രക്തസ്രാവം അഞ്ച് മിനിറ്റു കൊണ്ടു തന്നെ നിലയ്ക്കും എന്നാല്‍ ചിലരില്‍ രക്തസ്രാവം കൂടുതല്‍ നേരം നീണ്ടുനില്‍ക്കാറുണ്ട്. ഇത്തരക്കാരുടെ മുറിവില്‍ നല്ല വൃത്തിയുള്ള തുണിയോ മറ്റോ കൊണ്ട് അമർത്തി പിടിക്കുക.

 

വീട്ടില്‍ നായയെ പരിപാലിക്കുമ്പോള്‍ നല്ല ശ്രദ്ധ വേണം. നായക്ക് കൃത്യസമയങ്ങളില്‍ പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കണം. വീട്ടിലെ കുട്ടികളെ നായയുടെ അടുത്തി‌ടപഴകാൻ അനുവദിക്കരുത്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.