August 14, 2026

വെറും 36 മിനിറ്റിനുള്ളില്‍ ഏഴു ബില്ലുകള്‍ വരെ ; പ്രതിപക്ഷത്തിന്റെ പ്രതിഷേധ മറവില്‍ പാസ്സാക്കിയത് സുപ്രധാന 12 ബില്ലുകള്‍

Share

 

ഡല്‍ഹി : വിദ്യാര്‍ത്ഥിസമരവും എഫ്‌സിആര്‍എയ്ക്കും എതിരേയുള്ള വലിയ പ്രതിഷേധങ്ങളും കൊണ്ട് ശബ്ദമുഖരിതമായി മാറിയ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയെടുത്തത് 12 ബില്ലുകള്‍. ക്രിയാത്മക ചര്‍ച്ചകളൊന്നും കൂടാതെ തന്നെ കേന്ദ്രം മറയത്ത് ബില്ലുകള്‍ പാസ്സാക്കിയെടുത്തെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്.

 

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്നലെയാണ് പിരിഞ്ഞത്. അവസാനദിവസം വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ച ശേഷം പിരിയുകയായിരുന്നു. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ പല ബില്ലുകളും ശബ്ദവോട്ടോടെയാണ് പാസാക്കുകയായിരുന്നു. വെറും 36 മിനിറ്റിനുള്ളില്‍ 7 ബില്ലുകള്‍ വരെ ധൃതിപിടിച്ച്‌ പാസാക്കിയ ദിവസങ്ങളുമുണ്ട്.

 

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നത് തടയുന്നതിനുള്ള ഭേദഗതി ബില്‍, ജമ്മു കാശ്മീര്‍ പുനഃസംഘടനാ ഭേദഗതി ബില്‍, ഖനി-ധാതു ഭേദഗതി ബില്‍ തുടങ്ങി രാജ്യത്തെ നേരിട്ട് ബാധിക്കുന്ന ബില്ലുകള്‍ യാതൊരു സൂക്ഷ്മ പരിശോധനയും പാര്‍ലമെന്ററി കമ്മിറ്റിയുടെ പഠനവും കൂടാതെയാണ് സര്‍ക്കാര്‍ പാസാക്കിയത്. ഇതില്‍ ഏറെ വിവാദമുണ്ടാക്കിയ എഫ്‌സിആര്‍എ ഭേദഗതി ബില്ല് പ്രതിപക്ഷ പ്രതിഷേധം മറികടന്ന് ജെപിസിക്ക് വിട്ടു. 19 ദിവസത്തില്‍ 18 ദിവസവും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തരമന്ത്രി അമിത്ഷായും സഭയില്‍ എത്തുകയും ചെയ്തില്ല. പ്രതിപക്ഷം ശക്തമായ വിമര്‍ശനം ഉയര്‍ത്തുമ്പോഴും അമിത്ഷാ ഓഫീസിലെത്തി മടങ്ങുകയായിരുന്നു.

 

ജൂലൈ 20 ന് ആരംഭിച്ച്‌ വര്‍ഷകാല സമ്മേളനത്തില്‍ സഭയുടെ ഭൂരിഭാഗം സമയവും പ്രതിഷേധങ്ങളില്‍ മുങ്ങി. നീറ്റ് പരീക്ഷാ വിവാദവും, വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കു നേരെയുണ്ടായ പോലീസ് നടപടിയും പ്രതിപക്ഷം ഇരു സഭകളിലും ശക്തമായ ആയുധമാക്കി. ചോദ്യോത്തര വേള പല ദിവസങ്ങളിലും പൂര്‍ണ്ണമായും തടസ്സപ്പെട്ടു. മറുപടി നല്‍കാതെ സര്‍ക്കാരും, പിന്മമാറാതെ പ്രതിപക്ഷവും നിലയുറപ്പിച്ചതോടെ സഭ സ്തംഭിക്കുന്നതാണ് ഓരോ ദിവസവും കണ്ടത്.

 

പ്രതിപക്ഷ പ്രതിഷേധങ്ങളെ മറയാക്കി, പല സുപ്രധാന ബില്ലുകളും യാതൊരു ചര്‍ച്ചകളുമില്ലാതെ സര്‍ക്കാര്‍ പാസാക്കിയത് ജനാധിപത്യ പ്രക്രിയയോടുള്ള കടുത്ത വെല്ലുവിളിയാണെന്ന വിമര്‍ശനം ഇതിനോടകം ശക്തമാണ്. വരും ദിവസങ്ങളില്‍ ഈ വിഷയങ്ങള്‍ സഭയ്ക്ക് പുറത്ത് രാഷ്ട്രീയ ആയുധമാക്കാന്‍ തന്നെയാകും പ്രതിപക്ഷത്തിന്റെ നീക്കം.


Share
Copyright © All rights reserved. | Newsphere by AF themes.