June 27, 2026

പ്ലസ് വൺ പ്രവേശനം : മൂന്നാം അലോട്‌മെൻ്റ് നാളെ , 87000 പേർക്ക് കൂടി അവസരം

Share

 

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ അവസാന അലോട്മെന്റ് (മൂന്നാം അലോട്മെൻ്റ്) നാളെ (ജൂൺ 28 ന് ഞായറാഴ്ച ) പ്രസിദ്ധപ്പെടുത്തും. തിങ്കളാഴ്ച രാവിലെ 10 മുതൽ ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ സ്കൂളിൽ ചേരാം.

 

രണ്ടാം അലോട്മെന്റിനുശേഷം 77,334 സീറ്റാണ് ബാക്കിയുണ്ടായിരുന്നത്. അലോട്മെൻ്റ് ലഭിച്ചവരിൽ 10,431 പേർ സ്കൂളിൽ ചേർന്നില്ല. അപേക്ഷയിലെ അപാകം കാരണം 229 പേരുടെ അലോട്മെന്റ് റദ്ദാക്കി. ഈ മൂന്നിനങ്ങളിലുമായുള്ള 87,994 സീറ്റാണ് മൂന്നാമത്തെ അലോട്മെൻ്റിൽ പരിഗണിക്കുന്നത്. സർക്കാർ സ്കൂളുകളിലെ എല്ലാ സീറ്റും എയ്ഡഡ് സ്കൂളുകളിലെ മെറിറ്റ് സീറ്റും ഉൾപ്പെടെ ഏകജാലകത്തിൽ പരിഗണിക്കുന്ന സീറ്റുകൾ മാത്രമാണിത്.

 

എയ്‌ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്മെൻ്റ് സീറ്റും അൺഎയ്‌ഡഡ് സീറ്റും ചേരുമ്പോൾ അപേക്ഷകരെക്കാൾ 70,000-ൽ സീറ്റാണുള്ളത്.

 

ആദ്യ രണ്ട് അലോട്മെന്റ്റിലൂടെ 2,29,435 പേരാണ് സ്കൂളുകളിൽ ചേർന്നത്. 1,43,351 പേർ സ്ഥിരം പ്രവേശനം നേടിയവരാണ്. അടുത്ത അലോട്മെന്റിൽ ഉയർന്ന ഓപ്ഷൻ പ്രതീക്ഷിച്ച് 86,084 പേർ താത്കാലിക പ്രവേശനത്തിൽ തുടരുകയാണ്.

 

ആദ്യ രണ്ട് അലോട്മെന്റിൽ താഴ്ന്ന ഓപ്ഷൻ ലഭിച്ചവർക്ക് താത്കാലിക പ്രവേശനത്തിന് അവസരമുണ്ടായിരുന്നു. എന്നാൽ, മൂന്നാം അലോട്മെൻ്റിൽ ഈ സൗകര്യമുണ്ടാകില്ല. അലോട്മെന്റ്റ് ലഭിക്കുന്ന സ്കൂളിൽ ഫീസടച്ച് ചേർന്നിരിക്കണം.

 

മുഖ്യ അലോട്മെന്റിൽ ഉൾപ്പെടാത്തവർ സപ്ലിമെൻ്ററി അലോട്മെന്റിൽ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കണം. സപ്ലിമെൻ്ററി അലോട്മെൻ്റിനായി ഓരോ സ്കൂളിലും ലഭ്യമായ സീറ്റിൻ്റെ വിവരം ഹയർസെക്കൻഡറി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. ഇതു പരിശോധിച്ച് പുതിയ ഓപ്ഷൻ ചേർത്താണ് അപേക്ഷ പുതുക്കേണ്ടത്.

 

വിവിധ ജില്ലകളിൽ മെറിറ്റിൽ മിച്ചമുള്ള സീറ്റുകൾ

 

തിരുവനന്തപുരം 5,515

 

കൊല്ലം 4,778

 

പത്തനംതിട്ട 3,086

 

ആലപ്പുഴ 4,439

 

കോട്ടയം 4,223

 

ഇടുക്കി 2,416

 

എറണാകുളം 6,015

 

തൃശ്ശൂർ 6,384

 

പാലക്കാട് 6,402

 

കോഴിക്കോട് 9,037

 

മലപ്പുറം 19,135

 

വയനാട് 2,404

 

കണ്ണൂർ 9,003

 

കാസർകോട് 5,157

 

ആകെ 87,994


Share
Copyright © All rights reserved. | Newsphere by AF themes.