മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ റീല്‍സ് മത്സരം : ജൂണ്‍ 30 നകം അയക്കണം
കൽപ്പറ്റ : മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസ് റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്താനും അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാനുമായാണ് മത്സരം. തലമുറകള്‍ തമ്മിലുള്ള ആശയവിനിമയ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുക, മുതിര്‍ന്ന പൗരന്മാരുടെ പ്രയാസങ്ങളും പ്രതിസന്ധികളും തിരിച്ചറിഞ്ഞ് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുക, വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തി സാമൂഹ്യമായ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കണം റീല്‍സ് തയ്യാറാക്കേണ്ടത്. റീല്‍സ് വീഡിയോകളുടെ ദൈര്‍ഘ്യം 60 സെക്കന്റില്‍ താഴെ ആയിരിക്കണം. വീഡിയോകള്‍ എംപി4 ഫോര്‍മാറ്റില്‍ ആയിരിക്കണം അയക്കേണ്ടത്. ഏത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും വീഡിയോ ഷൂട്ട് ചെയ്യാം. സമ്മാനര്‍ഹരാകുന്നവര്‍ക്ക് യഥാക്രമം 3000, 2000, 1000 രൂപ ലഭിക്കും. തയ്യാറാക്കിയ റീല്‍സ് വീഡിയോകള്‍ ജൂണ്‍ 30 നകം dsjowydelder@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കണം. ഫോണ്‍- 04936-205307
