ലോകചാമ്പ്യന്മാരുടെ വമ്പൊടിച്ച് അയര്‍ലന്‍ഡ് ! ഇന്ത്യക്ക് 34 റൺസിൻ്റെ നാണംകെട്ട തോല്‍വി
ബെല്‍ഫാസ്റ്റ്: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി.
ബെല്‍ഫാസ്റ്റില്‍ നടന്ന മത്സരത്തില്‍ 34 റണ്‍സിനാണ് ആതിഥേയരായ അയര്‍ലന്‍ഡ് ഇന്ത്യയെ കീഴടക്കിയത്. ടി20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യ വഴങ്ങുന്ന ആദ്യ തോല്‍വിയാണിത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെന്ന ശക്തമായ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.5 ഓവറില്‍ 148 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. അഭിഷേക് ശര്‍മയൊഴികെയുള്ള മുന്‍നിര ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
നേരത്തെ ബാറ്റിങ് ആരംഭിച്ച അയര്‍ലന്‍ഡിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. പവര്‍ പ്ലേയില്‍ തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ ഐറിഷ് പട ഒരു ഘട്ടത്തില്‍ 30 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയില്‍ പതറിയിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഹര്‍ഷിത് റാണയാണ് അയര്‍ലന്‍ഡിനെ തുടക്കത്തില്‍ പ്രതിരോധത്തിലാക്കിയത്. നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി മൂന്ന് നിര്‍ണായക വിക്കറ്റുകളാണ് റാണ വീഴ്ത്തിയത്. എന്നാല്‍, തകര്‍ച്ചയില്‍ നിന്നും നായകന്‍ ലോര്‍കന്‍ ടക്കറും മധ്യനിര താരം ഗാരത് ഡെലാനിയും ചേര്‍ന്ന് അയര്‍ലന്‍ഡിനെ രക്ഷപ്പെടുത്തുകയായിരുന്നു. 50 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടക്കറാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ഡെലാനി 49 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്നുള്ള 64 റണ്‍സിന്റെ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് അയര്‍ലന്‍ഡിനെ തിരികെ കൊണ്ടുവന്നത്. ടക്കര്‍ മടങ്ങിയ ശേഷം ഡെലാനിയും ഡോക്റെലും (19) ചേര്‍ന്ന് 49 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തതോടെ 17 ഓവറില്‍ 164-5 എന്ന ശക്തമായ നിലയിലേക്ക് അയര്‍ലന്‍ഡ് എത്തി. അവസാന ഓവറുകളില്‍ അക്ഷര്‍ പട്ടേല്‍ ഡോക്റെലിനെ പുറത്താക്കി ഈ കൂട്ടുകെട്ട് പൊളിച്ചതോടെ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണെങ്കിലും അയര്‍ലന്‍ഡ് 182 റണ്‍സ് എന്ന വലിയ സ്‌കോറിലേക്ക് എത്തിയിരുന്നു.
183 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്ന് ആദ്യ ഓവറില്‍ തന്നെ 16 റണ്‍സ് അടിച്ചുകൂട്ടി. എന്നാല്‍ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ മലയാളി താരം സഞ്ജു സാംസണെ (5) ബൗള്‍ഡാക്കി അയര്‍ലന്‍ഡിന്റെ അരങ്ങേറ്റക്കാരനായ ജയ് മൂന്ദ്ര ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. അരങ്ങേറ്റ മത്സരത്തിലെ തന്റെ ആദ്യ പന്തില്‍ തന്നെയാണ് ഇന്ത്യന്‍ വംശജനായ ജയ് മൂന്ദ്ര സഞ്ജുവിന്റെ വിക്കറ്റ് വീഴ്ത്തിയത്. നാലാം ഓവറിലെ രണ്ടാം പന്തില്‍ ഇഷാന്‍ കിഷനും (1) വീണെങ്കിലും ഒരറ്റത്ത് അഭിഷേക് ശര്‍മ തകര്‍ത്തടിക്കുകയായിരുന്നു. ഇതോടെ ഇന്ത്യ നാലോവറില്‍ 57 റണ്‍സിലെത്തി. 15 പന്തില്‍ 46 റണ്‍സടിച്ച അഭിഷേക് ആയിരുന്നു പവര്‍ പ്ലേയില്‍ ഇന്ത്യയുടെ പ്രധാന സ്‌കോറര്‍. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ നായകനായി അരങ്ങേറ്റം കുറിച്ച ശ്രേയസ് അയ്യരെ (7 പന്തില്‍ 3) മടക്കി മാത്യു ഹോളാര്‍ഡ് ഇന്ത്യയെ വീണ്ടും പ്രതിരോധത്തിലാക്കി. പവര്‍ പ്ലേയില്‍ 3 വിക്കറ്റ് നഷ്ടമായെങ്കിലും 68 റണ്‍സടിച്ച ഇന്ത്യക്കായി തിലക് വര്‍മയും അഭിഷേക് ശര്‍മയും ചേര്‍ന്ന് പ്രതീക്ഷ നിലനിര്‍ത്തി.
എട്ടാം ഓവറില്‍ 19 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ അഭിഷേക് ശര്‍മയും പുറത്തായി. 20 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്സും പറത്തി 50 റണ്‍സെടുത്ത അഭിഷേകിനെ ലിയാം മക്കാര്‍ത്തിയാണ് പുറത്താക്കിയത്. തിലക് വര്‍മ ക്രീസില്‍ പിടിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും 11-ാം ഓവറില്‍ മാത്യു ഹംഫ്രീസിന്റെ പന്തില്‍ മടങ്ങി. 21 പന്തില്‍ 19 റണ്‍സാണ് തിലക് നേടിയത്. പിന്നീടെത്തിയ വാഷിംഗ്ടണ്‍ സുന്ദറിനും (12 പന്തില്‍ 9) ക്രീസില്‍ പിടിച്ചു നില്‍ക്കാനായില്ല. അവസാന പ്രതീക്ഷയായിരുന്ന അക്ഷര്‍ പട്ടേല്‍-ശിവം ദുബെ സഖ്യം നാലോവറോളം ക്രീസില്‍ തുടര്‍ന്ന് ഇന്ത്യക്ക് നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും പതിനാറാം ഓവറിലെ അവസാന പന്തില്‍ ശിവം ദുബെയെ (14 പന്തില്‍ 25) തകര്‍പ്പനൊരു റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി ജയ് മൂന്ദ്ര ഇന്ത്യയുടെ ആ പ്രതീക്ഷയും തല്ലിക്കെടുത്തി. അവസാന നാലോവറില്‍ ജയിക്കാന്‍ 48 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. ശിവം ദുബെ പുറത്തായതിന് പിന്നാലെ പതിനേഴാം ഓവറിലെ അവസാന പന്തില്‍ അക്ഷര്‍ പട്ടേലിനെ (15) ഡെലാനി മടക്കിയതോടെ ഇന്ത്യയുടെ തോല്‍വി ഉറപ്പായി. ഒടുവില്‍ 18.5 ഓവറില്‍ 148 റണ്‍സിന് ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു.
അരങ്ങേറ്റക്കാരായ മാറ്റ് ഹൊല്ലാര്‍ഡ്, ജയ് മൂന്ദ്ര എന്നിവരുടെ തകര്‍പ്പന്‍ ബൗളിങ്ങാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. ഐറിഷ് നിരയ്ക്കായി മാത്യു ഹോളാര്‍ഡ് 28 റണ്‍സിന് 3 വിക്കറ്റും, മാത്യു ഹംഫ്രീസ് 38 റണ്‍സിന് 3 വിക്കറ്റും വീഴ്ത്തിയപ്പോള്‍ ജെയ് മൂന്ദ്ര 24 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച ഇതേ വേദിയില്‍ നടക്കും. ആദ്യ മത്സരത്തിലെ അപ്രതീക്ഷിത തോല്‍വിക്ക് മറുപടി നല്‍കി പരമ്പര സമനിലയിലാക്കാനാകും ടീം ഇന്ത്യ ഇനി അടുത്ത മത്സരത്തില്‍ ശ്രമിക്കുക.
