വി.ഡി സതീശൻ മന്ത്രിമാരെ പ്രഖ്യാപിച്ചു ; 21 അംഗ മന്ത്രിസഭയില്‍ രണ്ട് വനിതകള്‍ ; തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ സ്പീക്കറാകും
തിരുവനന്തപുരം : യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകറിന് മന്ത്രിമാരുടെ അന്തിമ പട്ടിക കൈമാറിയ ശേഷമാണ് വി ഡി സതീശൻ വാർത്താസമ്മേളനം നടത്തി പ്രഖ്യാപനം നടത്തിയത്. ഘടകകക്ഷികളുമായുള്ള നീണ്ട ചർച്ചകള്‍ക്കും ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കും ഒടുവിലാണ് കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടുള്ള പട്ടിക തയ്യാറാക്കിയത്. കോണ്‍ഗ്രസ്, മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ്, ആർഎസ്പി, സിഎംപി, കേരള കോണ്‍ഗ്രസ് ജേക്കബ്, കെഡിപി എന്നീ കക്ഷികള്‍ക്കെല്ലാം മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ട്.
കോണ്‍ഗ്രസില്‍ നിന്ന് മുഖ്യമന്ത്രി അടക്കം 12 മന്ത്രിമാരാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുക. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവർക്കൊപ്പം എ പി അനില്‍ കുമാർ, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, പി സി വിഷ്ണുനാഥ്, റോജി എം ജോണ്‍, ടി സിദ്ദിഖ്, റോജി എം ജോണ്‍, കെ എ തുളസി എന്നിവരാണ് കോണ്‍ഗ്രസ് പ്രതിനിധികളായി മന്ത്രിസഭയിലെത്തുന്നത്. കൂടാതെ, രണ്ടര വർഷത്തിന് ശേഷം ടേം വ്യവസ്ഥയില്‍ വയനാട്ടില്‍ നിന്നുള്ള ഐ സി ബാലകൃഷ്ണനും മന്ത്രിയാകുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. മുതിർന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ പദവിയിലേക്കും ഷാനിമോള്‍ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കും പാർട്ടി നിശ്ചയിച്ചു.
മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിംലീഗില്‍ നിന്ന് അഞ്ച് മന്ത്രിമാരാണുള്ളത്. പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീർ, എൻ ഷംസുദ്ദീൻ, കെ എം ഷാജി, വി ഇ അബ്ദുള്‍ ഗഫൂർ എന്നിവരാണ് ലീഗ് മന്ത്രിമാർ. ആദ്യഘട്ടത്തില്‍ കോഴിക്കോട് ജില്ലയില്‍ നിന്ന് പ്രതിനിധികളില്ലാത്തത് കണക്കിലെടുത്ത്, പ്രാദേശിക സമവായത്തിന്റെ ഭാഗമായി രണ്ടര വർഷത്തിന് ശേഷം പാറക്കല്‍ അബ്ദുള്ള ടേം വ്യവസ്ഥയില്‍ മന്ത്രിസഭയിലെത്തും.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്നുള്ള തർക്കങ്ങള്‍ക്കൊടുവില്‍ മോൻസ് ജോസഫ് മന്ത്രിയാകും. പാർട്ടിയിലെ അപു ജോസഫിനെ പുതിയ ചീഫ് വിപ്പായി നിയമിക്കുമെന്നാണ് സൂചന. മറ്റ് ഘടകകക്ഷികളായ ആർഎസ്പിയില്‍ നിന്ന് ഷിബു ബേബി ജോണും സിഎംപിയില്‍ നിന്ന് സി പി ജോണും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബും കെഡിപിയുടെ ഏക എംഎല്‍എയായ മാണി സി കാപ്പനും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിട്ടെടുക്കാനാണ് യുഡിഎഫ് നേതൃത്വം ഉണ്ടാക്കിയ അന്തിമ ധാരണ. നാളെയാണ് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക.
