August 15, 2026

സ്വര്‍ണം മോഷ്ടിച്ചാല്‍ വില്‍ക്കാന്‍ പാടുപെടും ; പുതിയ നീക്കവുമായി കേന്ദ്രം

Share

 

ഡല്‍ഹി : സ്വര്‍ണാഭരണ വിപണി കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. മോഷ്ടിച്ച സ്വര്‍ണം വില്‍ക്കുന്നത് തടയുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. സ്വര്‍ണത്തിന്റെ ഹോള്‍മാര്‍ക്കിനൊപ്പം സോള്‍ഡ് എന്ന രേഖപ്പെടുത്തി തട്ടിപ്പ് തടയാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പറിന് നേരെയാകും സോള്‍ഡ് എന്ന് രേഖപ്പെടുത്തുക.

 

നിലവില്‍ ഓരോ സ്വര്‍ണാഭരണത്തിനും പ്രത്യേക ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പറുണ്ട്. ഈ ആഭരണം വില്‍ക്കുമ്പോള്‍ സോള്‍ഡ് എന്ന രേഖപ്പെടുത്തും. ഒരിക്കല്‍ വിറ്റതായി രേഖപ്പെടുത്തിയ എച്ച്‌യുഐഡി നമ്പര്‍ വീണ്ടും മറ്റൊരു ആഭരണത്തിനായി ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ സിസ്റ്റം തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കും. പുനര്‍വില്‍പ്പനക്കായി എത്തുന്ന ആഭരണങ്ങളുടെ ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ പരിശോധിച്ചാല്‍ യഥാര്‍ഥ ഉടമയാണോ വില്‍ക്കാന്‍ വരുന്നതെന്ന് ജ്വല്ലറി ഉടമകള്‍ക്ക് മനസിലാക്കാം. പുതിയ സംവിധാനം വരുന്നതോടെ ബിഐഎസ് കെയര്‍ ആപ് വഴി ഉപഭോക്താക്കള്‍ക്ക് വാങ്ങുന്ന ആഭരണത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാം.

 

പദ്ധതി നഗരങ്ങളിലും വന്‍കിട റീടെയില്‍ ജ്വല്ലറികള്‍ക്കിടയിലുമാണ് ആദ്യമായി നടപ്പാക്കുക. രണ്ടാംഘട്ടത്തില്‍ ഗ്രാമീണ മേഖലയിലേക്കും അസംഘടിത മേഖലയിലെ ജ്വല്ലറികളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പദ്ധതി വ്യാപിപ്പിക്കുന്നതോടെ തട്ടിപ്പുകള്‍ ഒരു പരിധി വരെ തടയാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍.

 

 


Share
Copyright © All rights reserved. | Newsphere by AF themes.