പിണറായിയുടെ ഭാഷയും ശൈലിയും ജനങ്ങളെ വെറുപ്പിച്ചു ; പ്രതിപക്ഷ നേതാവാക്കിയത് നൂറ്റാണ്ടിന്റെ മണ്ടത്തരം : വിമര്‍ശനം
സംസ്ഥാനത്തെ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ കൊല്ലം ജില്ലാ നേതൃയോഗങ്ങളിലും രൂക്ഷ വിമര്‍ശനം. കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. ജനവികാരം മാനിച്ച് പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്നാണ് ഉയര്‍ന്ന ആവശ്യം. പിണറായിയുടെ ഭാഷയും ശൈലിയും ജനങ്ങളെ വെറുപ്പിച്ചുവെന്നും വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രവര്‍ത്തന ശൈലിയിലും വിമര്‍ശനമുണ്ടായി.
സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇത്തവണ പിണറായി മത്സരിച്ചില്ലായിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെയെന്ന് പ്രതിനിധികള്‍ പറഞ്ഞു. സീറ്റ് പിടിച്ചെടുക്കാനെന്ന പേരില്‍ കെ കെ ശൈലജയെ തോല്‍ക്കുന്ന സീറ്റില്‍ മത്സരിപ്പിച്ച് ജനങ്ങളെ പുച്ഛിച്ചുവെന്നും പിടിച്ചെടുക്കാനുള്ള സീറ്റില്‍ മത്സരിച്ച് ധീരത കാട്ടേണ്ടത് പിണറായിയായിരുന്നുവെന്നുമുള്ള രൂക്ഷവിമര്‍ശനവുമുണ്ടായി.
എം വി ഗോവിന്ദന്‍ ഓരോ തവണ മാധ്യമങ്ങളെ കാണുമ്പോഴും 100 പേരെങ്കിലും പാര്‍ട്ടിക്കെതിരാകുന്നു. പിണറായിയെ പ്രതിപക്ഷ നേതാവാക്കിയത് നൂറ്റാണ്ടിന്റെ മണ്ടത്തരമാണ്. ഓരോ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് ഓരോ നയമാണ്. ഇഷ്ടമുള്ളവരെ മത്സരിപ്പിക്കാന്‍ ഒരു നയവും ഇഷ്ടമില്ലാത്തവരെ മാറ്റിനിര്‍ത്താന്‍ മറ്റൊരു നയവുമാണെന്നും വിമര്‍ശനമുണ്ടായി.
എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലും നേതാക്കള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ ലാളിത്യമാണ് പ്രതീക്ഷിക്കുന്നതെന്നും ഭരണാധികാരി നക്ഷത്രമാണെന്നും ജനങ്ങള്‍ മണ്ണില്‍ നിന്നും നോക്കി കാണേണ്ടവരാണ് എന്നുമുളള അവസ്ഥയുണ്ടാക്കരുതെന്നും ജില്ലാ കമ്മിറ്റിയില്‍ നിര്‍ദേശമുണ്ടായി.
നേതാക്കള്‍ ജനങ്ങളില്‍ നിന്നും അകന്നതായുളള പ്രതീതിയുണ്ടായെന്നും മുഖ്യമന്ത്രിയുടെ പല വാക്കുകളും തിരിച്ചടിയായെന്നും വിമര്‍ശനമുയര്‍ന്നു. ചില നേതാക്കള്‍ തെറ്റായ ശൈലി പിന്തുടര്‍ന്നപ്പോള്‍ പാര്‍ട്ടി തിരുത്തിയില്ല. വെളളാപ്പളളിയുടെ വര്‍ഗീയ പ്രസ്താവനകളെ തളളിപ്പറയണമായിരുന്നു. മുഖ്യമന്ത്രിയുടെ മൗനം സര്‍ക്കാരിന് തിരിച്ചടിയായി. ന്യൂനപക്ഷ വോട്ടുകള്‍ ഇതുവഴി അകന്നു എന്നും സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനമുണ്ടായി.
നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിലും നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉണ്ടായത്. ടി കെ ഗോവിന്ദനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും പാര്‍ട്ടി വിടുമെന്നത് മുന്‍കൂട്ടി കാണാനോ അതിനനുസരിച്ച് പ്രവര്‍ത്തിക്കാനോ കഴിഞ്ഞില്ലെന്നുമായിരുന്നു ഉയര്‍ന്ന വിമര്‍ശനം.
പോകുന്നവര്‍ പോകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്. പയ്യന്നൂരിലെ അമിത ആത്മവിശ്വാസം പാര്‍ട്ടിക്ക് തിരിച്ചടിയായി. വി കുഞ്ഞികൃഷ്ണനെ ചെറുതായി കണ്ടു. ഭരണ സുഖസൗകര്യങ്ങള്‍ ഒരു വിഭാഗത്തിന് ആഹ്ളാദം നല്‍കിയെന്നും വിമര്‍ശനം ഉയര്‍ന്നു. ഒരു വിഭാഗം ജനങ്ങള്‍ സര്‍ക്കാറിന്റെ ഗുണഭോക്താക്കളായി, മറുവിഭാഗം അകന്നു. പാര്‍ട്ടിയില്‍ നിന്നോ സര്‍ക്കാറില്‍ നിന്നോ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത ജനങ്ങളെ പ്രതിനിധീകരിച്ചില്ലെന്നും അതിനാല്‍ തന്നെ അവര്‍ അസ്വസ്ഥരായെന്നും ആരോപണം ഉയര്‍ന്നു.
