25000 വോട്ടിന് വിജയിക്കും, തോറ്റാല്‍ മൊട്ടയടിച്ച് കമ്മലിട്ട് റെയില്‍വേ സ്റ്റേഷൻ വരെ നടക്കും; മുഹമ്മദ് റിയാസിനെ വെല്ലുവിളിച്ച് പി.വി.അൻവര്‍
കോഴിക്കോട് : ബേപ്പൂരില്‍ തോറ്റാല്‍ മൊട്ടയടിച്ച് കമ്മലിട്ട് മിഠായിത്തെരുവിലൂടെ നടക്കുമെന്ന് പ്രഖ്യാപിച്ച് പി.വി.അൻവർ. തോറ്റാല്‍ മുഹമ്മദ് റിയാസ് മൊട്ടയടിക്കുമോ എന്ന് വെല്ലുവിളിയും അൻവർ ഉയർത്തി. കിഡ്‌സണ്‍ കോർണർ മുതല്‍ എസ്‌എം സ്ട്രീറ്റ് വഴി റെയില്‍വേ സ്റ്റേഷൻ വരെ നടക്കുമെന്നാണ് അൻവറിൻ്റെ പ്രഖ്യാപനം.
സംസ്ഥാന വ്യാപകമായി നല്ല സഖാക്കള്‍ വോട്ട് മറിച്ചതായും പി.വി. അൻവർ ആരോപിച്ചു. ഒരു മണ്ഡലത്തില്‍ 7500 മുതല്‍ 15000 വോട്ടു വരെ മാറിയിട്ടുണ്ട്. പിണറായിയുടെ കുടുംബാധിപത്യം തകർത്ത് യഥാർഥ കമ്യൂണിസം നിലനിർത്തണം എന്നാഗ്രഹിക്കുന്നവരാണ് വോട്ട് മറിച്ചത്. മേല്‍ക്കമ്മറ്റികള്‍ക്ക് നല്‍കിയ കണക്കുകളെല്ലാം തെറ്റാണ്. ബേപ്പൂരില്‍ 25000 വോട്ടിന് വിജയിക്കുമെന്നും പി.വി. അൻവർ പറഞ്ഞു.
എക്സിറ്റ് പോള്‍ ഫലങ്ങളിലും അൻവർ പ്രതീക്ഷ പ്രകടിപ്പിച്ചു. സുനാമി പോലെയാകും യുഡിഎഫ് ജയമെന്നും ആരും അറിയാതെ അവസാനം മുകളില്‍ വന്ന് ഉയരുമെന്നും അൻവർ പറഞ്ഞു. പിണറായി ബിജെപി വോട്ട് ധാരണ പാളീസാകുമെന്നും യഥാർഥ വിശ്വാസികള്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്നും അൻവർ പറഞ്ഞു.
തന്റെ ലക്ഷ്യം പിണറായിയെ എടുത്ത് കിടത്തുക എന്നതാണെന്നും പിന്നാലെ മരുമകനേയും കിടത്തുമെന്നും അൻവർ പറഞ്ഞു. വെള്ളാപ്പള്ളി ന്യൂനപക്ഷങ്ങളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചവനാണ്. അത്തരക്കാരെ മാലയിട്ട് സ്വീകരിച്ചവരാണ് പിണറായിയും മരുമകനുമെന്നും അൻവർ കുറ്റപ്പെടുത്തി. ജയിക്കും എന്ന് കാണിച്ച് റിയാസിന്റെ ആളുകള്‍ പണപ്പിരിവ് നടത്തുകയാണെന്നും അൻവർ ആരോപിച്ചു.
