February 10, 2026

സ്പീക്കര്‍ക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കി പ്രതിപക്ഷം : ഒപ്പുവെച്ചത് 118 എംപിമാര്‍, ലോക്സഭ ചരിത്രത്തില്‍ ഇത് നാലാം തവണ

Share

 

ഡല്‍ഹി : ലോക്സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി പ്രതിപക്ഷം. ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്ത സാഹചര്യത്തില്‍ സെക്രട്ടറി ജനറലിന് ആണ് നോട്ട്സ് കൈമാറിയിട്ടുണ്ട്. നോട്ടീസില്‍ 118 എംപിമാരാണ് ഒപ്പുവെച്ചിരിക്കുന്നത്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം അവസാനിക്കുന്നതുവരെ സസ്‌പെന്റ് ചെയ്‌ത 8 പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്തും സ്പീക്കർക്ക് നല്‍കി.

 

ലോക്സഭ ചരിത്രത്തില്‍ ഇത് നാലാം തവണയാണ് സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കുന്നത്. ഇന്ത്യസഖ്യ യോഗം ചേർന്നാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നല്‍കാൻ തീരുമാനിച്ചത്. എന്‍ഡിഎ ഭരണത്തില്‍ ഇത് ആദ്യമായിട്ടാണ് സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കുന്നത്. 14 ദിവസത്തിന് ശേഷമായിരിക്കും നോട്ടീസ് പരിഗണിക്കുക. അതേസമയം സ്പീക്കർക്കെതിരായ അവിശ്വാസ നോട്ടീസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒപ്പുവെച്ചില്ല.

 

സ്പീക്കർ ഓം ബിർലക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ആലോചനയിലേക്ക് കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത് മൂന്ന് കാര്യങ്ങളാണ്. ഇതില്‍ ഒന്ന് നന്ദിപ്രമേയ ചർച്ചയില്‍ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയെ സംസാരിക്കാൻ അനുവദിച്ചില്ലെന്നതാണ്. രണ്ടാമത്തേത് സഭയില്‍ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എംപിമാരെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം അവസാനിക്കുന്നതുവരെ (ഏപ്രില്‍ 13 വരെ) സസ്‌പെന്റ് ചെയ്‌തതാണ്. മൂന്നാമത്തെ കാരണം പ്രധാനമന്ത്രിയെ വനിതാ എംപിമാർ അപായപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തില്‍ വിശദീകരണം നല്‍കാൻ രാഹുല്‍ ഗാന്ധിക്ക് അവസരം നല്‍കിയില്ല എന്നുള്ളതാണ്. തിങ്കളാഴ്‌ച രാവിലെ സഭ ചേർന്നപ്പോഴും വനിതാ എംപിമാർക്കെതിരായ ആരോപണത്തില്‍ വിശദീകരണം നല്‍കാൻ അവസരം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സ്‌പീക്കർ ഇതിന് അനുവാദം നല്‍കിയില്ല. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കിയത്.

 

 


Share

You may have missed

Copyright © All rights reserved. | Newsphere by AF themes.