October 6, 2026

വഖ്ഫ് ബോര്‍ഡ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Share

 

പ്രൊഫഷനല്‍ കോഴ്സുകളിലേക്ക് ഈ അധ്യയന വർഷം പ്രവേശനം ലഭിച്ച മുസ്‌ലിം വിദ്യാർഥികള്‍ക്ക് കേരള സംസ്ഥാന വഖ്ഫ് ബോർഡ് നല്‍കുന്ന ലോണ്‍ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈ ലോണ്‍ തീർത്തും പലിശരഹിതമാണ്. പ്രൊഫഷനല്‍ കോഴ്സുകള്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും എന്നാല്‍, പഠനത്തില്‍ മിടുക്കരുമായ വിദ്യാർഥികള്‍ക്കാണ് വായ്പാ സ്കോളർഷിപ്പ് രൂപത്തില്‍ സഹായം ലഭിക്കുക. നിലവില്‍ പ്രതിമാസം 5,000 രൂപ നിരക്കിലാണ് വായ്പാ സ്കോളർഷിപ്പ് നല്‍കുന്നത്.

 

വഖ്ഫ് ബോർഡിന്റെ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഭാഗമായി 1972 മുതല്‍ വിദ്യാർഥികള്‍ക്ക് സഹായം നല്‍കി വരുന്നുണ്ട്. 2002- 2003 മുതലാണ് ഒരു പ്രത്യേക പദ്ധതിയായി വിദ്യാഭ്യാസ സ്കോളർഷിപ്പ് ആരംഭിച്ചത്. വിവിധ കോഴ്സുകള്‍ക്കായി ആകെ 200 സ്കോളർഷിപ്പുകളാണ് ഈ വർഷം ലഭ്യമാകുക.

 

യോഗ്യത

 

പ്ലസ് ടു പരീക്ഷയില്‍ 80 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ നേടിയവരായിരിക്കണം അപേക്ഷകർ. കുടുംബ വാർഷിക വരുമാനം 2,50,000ത്തില്‍ താഴെയായിരിക്കണം. 2026-27 വർഷത്തില്‍ പ്രൊഫഷനല്‍ കോഴ്സുകളില്‍ ഒന്നാം വർഷ വിദ്യാർഥികളാണ് അപേക്ഷിക്കേണ്ടത്. ഒക്ടോബർ 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

 

അപേക്ഷ

 

അപേക്ഷാ ഫോം വഖ്ഫ് ബോർഡിന്റെ വെബ്സൈറ്റായ wwwkeralastatewakfboard.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. അപേക്ഷകള്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരളം സംസ്ഥാന വഖ്ഫ് ബോർഡ്, ഇന്റർനാഷനല്‍ സ്റ്റേഡിയത്തിന് സമീപം, വി ഐ പി റോഡ്, കലൂർ, കൊച്ചി, പിൻ 682017 എന്ന വിലാസത്തില്‍ അയക്കണം.

 

 

നിബന്ധനകള്‍

 

ലോണ്‍ സ്കോളർഷിപ്പിന് അർഹരായിട്ടുളളവർ 200 രൂപ മുദ്രപതത്തില്‍ നോട്ടിഫിക്കേഷനോടൊപ്പം പ്രസിദ്ധീകരിച്ച എഗ്രിമെന്റ് തയ്യാറാക്കി ഒപ്പിടേണ്ടതും രണ്ട് പേർ ജാമ്യം നില്‍ക്കേണ്ടതുമാണ്. ജാമ്യക്കാർ രണ്ട് പേരും സർക്കാർ/അർധസർക്കാർ/പൊതുമേഖല/സ്വയംഭരണാധികാര സ്ഥാപനങ്ങള്‍/സഹകരണ ബേങ്ക്/സൊസൈറ്റി എന്നിവയില്‍ ജോലിയുള്ളവരോ അല്ലെങ്കില്‍ ജാമ്യക്കാരില്‍ ഒരാള്‍ മുകളില്‍ പറഞ്ഞ വിഭാഗത്തില്‍പ്പെട്ട ഉദോഗസ്ഥനും മറ്റൊരാള്‍ വായ്പക്കാരന്റെ പിതാവ്/മാതാവ്/സഹോദരൻ/സഹോദരി എന്നിവരില്‍ വരുമാനമുളള ഏതെങ്കിലും വ്യക്തിയോ ആകാവുന്നതാണ്. ജാമ്യക്കാരനായ ഉദ്യോഗസ്ഥൻ അനുബന്ധ ഫോറത്തില്‍ ഒപ്പിട്ട് ജാമ്യം ഉറപ്പു നല്‍കേണ്ടതാണ്.

കരാർ കാലാവധിക്ക് ശേഷം രണ്ട് വർഷത്തിനകം റിട്ടയർ ചെയ്യുന്നവരുടെ ജാമ്യം സ്വീകരിക്കുന്നതല്ല.

 

എഗ്രിമെന്റില്‍ സാക്ഷികളായി ഒപ്പിടേണ്ടത് ലോണ്‍ എടുക്കുന്ന വ്യക്തിയുടെ മഹല്ല് ഭാരവാഹികളായിരിക്കണം. അവരുടെ പേരും ഔദ്യോഗിക പദവിയും വിലാസവും കൂടി വ്യക്തമാക്കിയിരിക്കേണ്ടതാണ്. കോഴ്സിന്റെ കാലാവധി കൃത്യമായി എഗ്രിമെന്റില്‍ യഥാസ്ഥാനത്ത് ചേർക്കേണ്ടതാണ്. യോഗ്യതാ പരീക്ഷയുടെ മാർക്ക് ലിസ്റ്റും മറ്റ് അനുബന്ധ രേഖകളും ബന്ധപ്പെട്ടവരെല്ലാം ഒപ്പിട്ട എഗ്രിമെന്റും അപേക്ഷയോടൊപ്പം സമർപ്പിക്കണം.

 

തിരിച്ചടവ്

 

കോഴ്സ് കഴിഞ്ഞ് ആറ് മാസത്തിനുശേഷം തിരിച്ചടവ് തുടങ്ങേണ്ടതും രണ്ട് വർഷത്തിനകം പലിശയില്ലാതെ തിരിച്ചടവ് പൂർത്തിയാക്കേണ്ടതുമാണ്. തിരിച്ചടവ് കാലാവധി കഴിഞ്ഞ ശേഷം കുടിശ്ശിക വരുത്തിയാല്‍ വഖ്ഫ് ബോർഡിനുണ്ടാകുന്ന നഷ്ടം നികത്താൻ 12 ശതമാനം പിഴ ഈടാക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വഖ്ഫ് ബോർഡിന്റെ വെബ്സൈറ്റ് സന്ദർശിക്കുകയോ 0484-2342485, 0484-2346091 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം.

 

 


Share
Copyright © All rights reserved. | Newsphere by AF themes.