November 13, 2026

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു ; പരാതികളും തിരുത്തലുകളും ഡിസംബര്‍ 11 വരെ സമര്‍പ്പിക്കാം  

Share

 

കേരളത്തിലെ എസ്‌എസ്‌ആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. നിലവില്‍ സംസ്ഥാനത്ത് 2 കോടി 73 ലക്ഷത്തിലധികം വോട്ടർമാരാണുള്ളത്.

 

വോട്ടർ പട്ടികയില്‍ പുതിയ പേരുകള്‍ ചേർക്കുന്നതിനും നിലവിലുള്ള വിവരങ്ങളിലെ തെറ്റുകള്‍ തിരുത്തുന്നതിനും അനർഹരായവരെ ഒഴിവാക്കുന്നതിനുമായാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചത്.

 

ഇന്നു മുതല്‍ ഡിസംബർ 11 വരെ വോട്ടർമാർക്ക് പട്ടിക സംബന്ധിച്ച പരാതികള്‍ സമർപ്പിക്കാം. ഇലക്ടറല്‍ രജിസ്ട്രേഷൻ ഓഫീസർ ഓഫീസുകളിലും ബൂത്ത് ലെവല്‍ ഓഫീസർമാർ മുഖേനയും കരട് പട്ടിക ലഭ്യമാകും. കരട് പട്ടിക പ്രകാരം സംസ്ഥാനത്ത് ഒരു കോടി 40 ലക്ഷത്തിലധികം സ്ത്രീ വോട്ടർമാരും ഒരു കോടി 33 ലക്ഷത്തിലധികം പുരുഷ വോട്ടർമാരുമാണുള്ളത്. ട്രാൻസ്‌ജെൻഡർ വിഭാഗത്തില്‍ 269 വോട്ടർമാരുണ്ട്. 18നും 19നും ഇടയില്‍ പ്രായമുള്ള പുതിയ വോട്ടർമാരുടെ എണ്ണം 4.07 ലക്ഷമാണ്. പ്രവാസി വോട്ടർമാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

 

നിലവില്‍ വോട്ടർ പട്ടികയില്‍ പേരുള്ളവർ പ്രത്യേകിച്ച്‌ പുതിയ ഫോമുകളൊന്നും പൂരിപ്പിക്കേണ്ടതില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. സജിത് ബാബു അറിയിച്ചു. എന്നാല്‍ പട്ടികയില്‍ പേര് ഉള്‍പ്പെടാത്തവരും പുതുതായി വോട്ടർ പട്ടികയില്‍ പേര് ചേർക്കാൻ ആഗ്രഹിക്കുന്നവരും ആവശ്യമായ ഫോമുകള്‍ സമർപ്പിക്കണം.


Share
Copyright © All rights reserved. | Newsphere by AF themes.