August 17, 2026

കൃഷിനാശ ധനസഹായം, വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തിന് സെപ്റ്റംബർ 5 വരെ അപേക്ഷിക്കാം

Share

 

കൽപ്പറ്റ : സംസ്ഥാനത്ത് ഈ വർഷം ജൂലൈ 29 മുതൽ ഓഗസ്റ്റ് 10 വരെ ഉണ്ടായ പ്രകൃതിക്ഷോഭങ്ങളിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് പ്രകൃതിക്ഷോഭ ദുരിതാശ്വാസ ധനസഹായത്തിനും വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തിനും അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ അഞ്ച് വരെ നീട്ടിയതായി കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അറിയിച്ചു.

പുതുക്കിയ സമയപരിധി പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യം എ.ഐ.എം.എസ് പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്.

 

അതിശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ കൃഷിനാശം സംഭവിച്ച സാഹചര്യത്തിൽ, അർഹരായ ഒരു കർഷകനും അപേക്ഷിക്കാനുള്ള അവസരം നഷ്ടപ്പെടരുതെന്ന ലക്ഷ്യത്തോടെയാണ് സമയപരിധി ദീർഘിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. പ്രകൃതിക്ഷോഭത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തര ആശ്വാസം ഉറപ്പാക്കുന്നതിനും കൂടുതൽ കർഷകരെ വിള ഇൻഷുറൻസ് പരിരക്ഷയുടെ പരിധിയിൽ കൊണ്ടുവരുന്നതിനുമായി നേരത്തെ ചേർന്ന ഉന്നതതല യോഗത്തിൽ വിവിധ നടപടികൾക്ക് തീരുമാനമെടുത്തിരുന്നു. അതിന്റെ തുടർച്ചയായാണ് അപേക്ഷാ തീയതി നീട്ടിയത്.

 

ഇതുവരെ അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്ത അർഹരായ എല്ലാ കർഷകരും സെപ്റ്റംബർ അഞ്ചിനകം എ.ഐ.എം.എസ് പോർട്ടൽ വഴിയോ സമീപത്തെ കൃഷിഭവനുമായി ബന്ധപ്പെട്ടോ അപേക്ഷ സമർപ്പിക്കണം. അവസാന ദിവസത്തേക്ക് കാത്തിരിക്കാതെ കർഷകർ എത്രയും വേഗം അപേക്ഷ നൽകണമെന്നും മന്ത്രി അഭ്യർഥിച്ചു. പ്രകൃതിക്ഷോഭം മൂലം കൃഷിനാശം നേരിട്ട കർഷകർക്ക് അർഹമായ ധനസഹായവും ഇൻഷുറൻസ് നഷ്ടപരിഹാരവും ലഭ്യമാക്കുന്നതിനൊപ്പം കൃഷി പുനരാരംഭിക്കുന്നതിനാവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സർക്കാർ മുൻഗണനയോടെ തുടരുമെന്നും കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അറിയിച്ചു.

 


Share
Copyright © All rights reserved. | Newsphere by AF themes.