November 8, 2026

കുരങ്ങുകൾ ആസ്പറ്റോസ് ഷീറ്റുകളും പുകക്കുഴലുകളും തകർത്തു : വാനരശല്യത്താൽ പൊറുതിമുട്ടി പച്ചിലക്കാട് നിവാസികൾ 

Share

 

കണിയാമ്പറ്റ : പച്ചിലക്കാടിൽ കുരങ്ങുകൾ വീടിന് മുകളിലെ ആസ്പറ്റോസ് ഷീറ്റുകളും പുകക്കുഴലുകളും നശിപ്പിച്ചു. പച്ചിലക്കാട് ടൗണിന് സമീപത്തെ പാലത്തി റഷീദിൻ്റെ വീടിൻ്റെ അടുക്കള ഭാഗത്തെ രണ്ട് ആസ്പറ്റോസ് ഷീറ്റുകളും പുകക്കുഴലുകളുമാണ് വാനരസംഘം തകർത്തത്. സമീപത്തെ സ്വകാര്യ കെട്ടിടത്തിന് മുകളിലെ ഷീറ്റുകളും കുരങ്ങുകൾ നശിപ്പിച്ചിട്ടുണ്ട്.

പ്രദേശത്തെ അതിരൂക്ഷമായ വാനരശല്യത്തിന് ഉടൻ പരിഹാരം കാണണമെന്ന ആവശ്യം ശക്തമാവുകയാണ്.കൂട്ടത്തോടെയെത്തുന്ന വാനരശല്യത്താൽ പൊറുതിമുട്ടിയതായാണ് പ്രദേശവാസികളായ പാലത്തി ആസിയ, ഷഹർബാൻ, റോഷ്‌ന പർവ്വിൻ, ലിസ്സി ഹരിദാസൻ തുടങ്ങിയവർ പറയുന്നത്.

 

 

 

പച്ചിലക്കാട് ടൗൺ പ്രദേശങ്ങളിലും പരിസരങ്ങളിലും കുരങ്ങുശല്യം അതിരൂക്ഷമാണിപ്പോൾ. പച്ചിലക്കാട്, പടിക്കംവയൽ, തെക്കൻകനി, മിച്ചഭൂമി തുടങ്ങി പ്രദേശങ്ങളിലാണ് കുരങ്ങുകൾ സ്ഥിരം പ്രശ്നക്കാരാവുന്നത്.

വാനരസംഘം വീടുകൾക്കുള്ളിൽവരെ കയറി നാശനഷ്ടം വരുത്തുകയാണ്. തോട്ടങ്ങളിൽ വിളഞ്ഞ പച്ചക്കറികളും പഴങ്ങളുമെല്ലാം ഭക്ഷണമാക്കുകയാണ്. കുടിവെള്ള ടാങ്കുകളും പൈപ്പുകളുമെല്ലാം തകർക്കുന്നതും പതിവായിട്ടുണ്ട്. അലക്കിയിട്ട വസ്ത്രങ്ങൾ ഉൾപ്പെടെ എടുത്ത് കൊണ്ടുപോവുന്നുമുണ്ട്.

 

 

വലിയ തോട്ടങ്ങളിലും എസ്റ്റേറ്റുകളിലും തമ്പടിച്ച് പകൽ സമയത്താണ് ഇവ കൂട്ടത്തോടെയെത്തി പരാക്രമം നടത്തുന്നത്. ഇവയിൽ ചില തോട്ടങ്ങൾ കാടുമൂടിയത് കുരങ്ങുകൾക്ക് ആവാസ കേന്ദ്രമൊരുക്കാൻ ഇടയാക്കുകയുമാണ്. വനമില്ലാത്ത നാട്ടിൽ കുരങ്ങുകൾ എത്തുന്നത് തന്നെ കൗതുകമാണ്. എന്നാൽ അടുത്തകാലത്തായി ഇവിടെ വാനരന്മാരുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. അതോടൊപ്പം ശല്യവും അധികരിക്കുകയാണ്. അതിനാൽ എത്രയും പെട്ടെന്ന് ബന്ധപ്പെട്ടവർ കുരങ്ങു ശല്യത്തിന് അറുതി വരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

 


Share
Copyright © All rights reserved. | Newsphere by AF themes.