November 8, 2026

വയനാട് അതിവേഗ റെയില്‍ യാത്ര ; കോഴിക്കോട്ടേക്ക് 35 മിനുട്ട് മാത്രം, 4 സ്‌റ്റോപ്പുകള്‍, രേഖ കൈമാറി

Share

 

സംസ്ഥാനത്തിന്റെ ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ നിര്‍ദേശിച്ച്‌ മെട്രോമാന്‍ ഇ ശ്രീധരന്‍. തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ വരെയുള്ള അതിവേഗ റെയില്‍വെ പദ്ധതിയുടെ ഭാഗമായിട്ടാണ് വയനാട്ടിലേക്കും പാത നിര്‍ദേശിച്ചിട്ടുള്ളത്. കോഴിക്കോട് നിന്നായിരിക്കും അതിവേഗ റെയില്‍പാത വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയിലേക്ക് നീട്ടുക. നിലവില്‍ ബസ് യാത്രയ്ക്ക് മൂന്നേകാല്‍ മണിക്കൂര്‍ വേണ്ടിവരുന്ന റൂട്ട് ആണിത്.

 

സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന പരിപാടിയില്‍ ഇ ശ്രീധരന്‍ പദ്ധതി രേഖ വിശദീകരിച്ചു. മുഖ്യമന്ത്രിക്ക് പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. വയനാട് ജില്ലയുടെ ചുമതലയുള്ള മന്ത്രി ടി സിദ്ദിഖുമായും സംസാരിച്ചു. സര്‍ക്കാരിന്റെ പ്രതികരണം ലഭിച്ചിട്ടില്ല. സര്‍ക്കാരിന്റെ മറുപടി അനുസരിച്ച്‌ ഡിപിആര്‍ തയ്യാറാക്കുമെന്നും ശ്രീധരന്‍ വിശദീകരിച്ചു.

 

നിലവില്‍ റെയില്‍വേ തൊടാത്ത കേരളത്തിലെ ജില്ലകളിലൊന്നാണ് വയനാട്. പല പദ്ധതികളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ജില്ലയുടെ ഭൂമിശാസ്ത്രപരമായ സാഹചര്യമാണ് തടസം. നാല് ചുരങ്ങളാണ് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് വയനാട്ടിലേക്കുള്ളത്. അതിലൊന്ന് താമരശേരി ചുരമാണ്. ഇതിന് ബദലായി തുരങ്കപാത നിര്‍മാണത്തിന് തുടക്കമിട്ടത് മാസങ്ങള്‍ക്ക് മുമ്പാണ്. അഞ്ച് പേര്‍ മരിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ നിര്‍മാണം നിര്‍ത്തിവെച്ചു.തുരങ്ക പാത, 35 മിനുട്ട്, 4 സ്റ്റോപ്പ്

 

ഇ ശ്രീധരന്‍ നിര്‍ദേശിക്കുന്നത് അതിവേഗ റെയില്‍ പദ്ധതിയാണ്. നിലവില്‍ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള അതിവേഗ റെയില്‍ പദ്ധതി സംബന്ധിച്ച നിര്‍ദേശം അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. നാല് മണിക്കൂറിനുള്ളില്‍ സര്‍വീസ് പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് അതിവേഗ റെയില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്.

 

അതിവേഗ റെയില്‍ പാതയില്‍ നിന്ന് കോഴിക്കോട് വച്ച്‌ വയനാട്ടിലേക്ക് മറ്റൊരു പാതയാണ് ഇ ശ്രീധരന്‍ നിര്‍ദേശിച്ചിട്ടുള്ളത്. കൊടുവള്ളി, അടിവാരം, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നിങ്ങനെ നാല് സ്റ്റോപ്പുകളാണുണ്ടാകുക. 35 മിനുട്ടില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കോഴിക്കോട് എത്താന്‍ സാധിക്കും. അടിവാരം മുതല്‍ കല്‍പ്പറ്റ വരെ തുരങ്കപാതയാകും.വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കാന്‍ അഞ്ച് കോടി രൂപയാണ് ആവശ്യം. ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ പഠനം തുടങ്ങുമെന്ന് ശ്രീധരന്‍ പറഞ്ഞു. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് വയനാട് ജില്ല. അതുകൊണ്ടുതന്നെ പരിസ്ഥിതി പഠനം അനിവാര്യമാകും. എല്ലാം അനുകൂലമായാല്‍ സംസ്ഥാനത്തിന്റെ ഗതാഗത രംഗത്ത് വലിയ മാറ്റം സൃഷ്ടിക്കുന്നതാകും കോഴിക്കോട്-സുല്‍ത്താന്‍ ബത്തേരി അതിവേഗ റെയില്‍പദ്ധതി.

 

 


Share
Copyright © All rights reserved. | Newsphere by AF themes.