കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തി; മോട്ടോറില്‍ നിന്നും ഷോക്കേറ്റതായി സംശയം
പടിഞ്ഞാറത്തറ : കൃഷിയിടത്തിലെ മീന്‍കുളത്തിന് സമീപം കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ഞൂറ മാങ്കോട്ട് ബെന്നിയാണ്(57) മരിച്ചത്. ഇന്നു രാവിലെ ഏഴോടെ വീടിന് സമീപത്തെ മീന്‍ കുളത്തിനടുത്തേക്കുപോയ ബെന്നി കുറച്ചുനേരം കഴിഞ്ഞും തിരിച്ചെത്താത്തതിനാല്‍ ഭാര്യ മോളി അന്വേഷിച്ചപ്പോഴാണ് കുളക്കരയില്‍ വീണ് കിടക്കുന്ന ബെന്നിയെ കണ്ടത്. ഉടന്‍ കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുളത്തിലെ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്യുന്നതിനിടെ മോട്ടോറില്‍ നിന്നും വൈദ്യുതാഘാതമേറ്റതായാണ് സംശയം.
ദേവസ്യയുടേയും, പരേതയായ ഏലിയാമ്മയുടേയും മകനാണ്. ഭാര്യ മോളി കല്ലോടി പറമറ്റത്തില്‍ കുടുംബാംഗമാണ്. യുകെ യിലുള്ള ആല്‍ബിനും മെല്‍ബിനുമാണ് മക്കള്‍. മരുമകള്‍: ഹണി ആല്‍ബിന്‍(യുകെ). സഹോദരങ്ങള്‍: ഡെയ്‌സി പാലക്കത്തടത്തില്‍, സിബി സെബാസ്റ്റ്യന്‍(ഏരിയ മാനേജര്‍, ദീപിക, കല്‍പ്പറ്റ), ഷിന കളത്തിപറമ്പില്‍.
