സാധാരണക്കാരന് ഇരട്ട പ്രഹരം ; മൊബൈല്‍ റീച്ചാര്‍ജ് നിരക്കുകള്‍ വര്‍ധിപ്പിക്കാൻ ടെലികോം കമ്പനികള്‍
രാജ്യത്ത് വിലക്കയറ്റത്തിന്റെ ഭാരം ഇതിനകം തന്നെ ജനങ്ങളെ വലയ്ക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കും തിരിച്ചടിയാകുന്ന വാർത്തയാണ് പുറത്തുവരുന്നത്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ ടെലികോം കമ്പനികള്‍ മൊബൈല്‍ റീച്ചാർജ് നിരക്കുകള്‍ വീണ്ടും ഉയർത്താൻ സാധ്യതയുണ്ടെന്നാണ് പ്രമുഖ സാമ്പത്തിക ഗവേഷണ സ്ഥാപനമായ നൊമൂറയുടെ വിലയിരുത്തല്‍. 2026-27 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദമായ ഒക്ടോബർ മുതല്‍ ഡിസംബർ വരെയുള്ള കാലയളവിലാകും പുതിയ നിരക്ക് വർധന നടപ്പാക്കാൻ സാധ്യതയെന്നാണ് റിപ്പോർട്ട്.
ഏകദേശം രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും ടെലികോം താരിഫ് ഉയരാൻ സാധ്യതയുള്ളത്. ഇത്തവണ 15 ശതമാനം വരെ നിരക്ക് വർധന നടപ്പാക്കാനാണ് കമ്പനികള്‍ ആലോചിക്കുന്നതെന്നാണ് വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളും സൂചിപ്പിക്കുന്നത്. ഇതിലൂടെ മാത്രമേ കമ്പനികള്‍ക്ക് വരുമാനം മെച്ചപ്പെടുത്താനാകൂ എന്ന നിലപാടാണ് ടെലികോം മേഖലയിലുള്ളത്.
2019 മുതല്‍ ഏകദേശം രണ്ട് വർഷം കൂടുമ്പോഴൊക്കെ ഇന്ത്യൻ ടെലികോം കമ്പനികള്‍ 19 മുതല്‍ 29 ശതമാനം വരെ താരിഫ് വർധിപ്പിച്ച ചരിത്രമുണ്ട്. ഉപഭോക്താവില്‍ നിന്ന് പ്രതിമാസം ലഭിക്കുന്ന ശരാശരി വരുമാനം ഉയർത്താതെ നിലവിലെ നിക്ഷേപച്ചെലവുകള്‍ വഹിക്കാൻ കഴിയില്ലെന്നാണ് കമ്പനികളുടെ വാദം. 5ജി ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകള്‍, സ്പെക്‌ട്രം ഫീസ്, നെറ്റ്‌വർക്ക് വികസനം, പരിപാലനം എന്നിവയ്ക്കെല്ലാം വൻ ചെലവാണ് വരുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, ഇത്തവണത്തെ നിരക്ക് വർധന ഉപഭോക്താക്കള്‍ക്ക് എത്രത്തോളം താങ്ങാനാകുമെന്നതിലാണ് സാമ്പത്തിക വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രതിശീർഷ വരുമാനം ഇപ്പോഴും പരിമിതമാണ്. അതേസമയം, മൊബൈല്‍ ഫോണ്‍ ഇന്ന് വിദ്യാഭ്യാസം മുതല്‍ തൊഴില്‍, ബാങ്കിംഗ്, ഡിജിറ്റല്‍ പേയ്‌മെന്റ്, സർക്കാർ സേവനങ്ങള്‍ വരെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അനിവാര്യമായതിനാല്‍ റീച്ചാർജ് ചെലവില്‍ ചെറിയ വർധന പോലും കുടുംബ ബജറ്റിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് നൊമൂറയുടെ മുന്നറിയിപ്പ്.
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ടെലികോം വിപണികളിലൊന്നാണെങ്കിലും വലിയൊരു വിഭാഗം ഉപഭോക്താക്കള്‍ ഇപ്പോഴും കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാനുകളെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ ചെറിയ തോതിലുള്ള നിരക്ക് വർധന പോലും ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതിമാസ ചെലവില്‍ നേരിട്ട് പ്രതിഫലിക്കുമെന്ന് റിപ്പോർട്ടില്‍ പറയുന്നു.നിരക്ക് ഉയർന്നാല്‍ ഉപഭോക്താക്കളുടെ ഉപയോഗശൈലിയിലും മാറ്റം വന്നേക്കാമെന്നാണ് വിലയിരുത്തല്‍. പലരും റീച്ചാർജ് തുക കുറയ്ക്കുകയോ, ഒന്നിലധികം സിം കാർഡുകള്‍ ഉപയോഗിക്കുന്നവർ ഒരു കണക്ഷനിലേക്ക് ചുരുങ്ങുകയോ ചെയ്യാനുള്ള സാധ്യതയും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ബ്രോഡ്ബാൻഡ് സേവനങ്ങളുടെ കാര്യത്തില്‍ ഇന്ത്യയിലെ നിരക്കുകള്‍ ചൈന, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴും കുറഞ്ഞ നിലയിലാണ്. അതിനാല്‍ ബ്രോഡ്ബാൻഡ് നിരക്കുകളില്‍ ഭാവിയില്‍ മാറ്റമുണ്ടായാലും മൊബൈല്‍ റീച്ചാർജ് വർധനയോളം ഉപഭോക്താക്കളെ അത് ബാധിക്കില്ലെന്നും നൊമൂറ റിപ്പോർട്ട് വിലയിരുത്തുന്നു.
