July 3, 2026

പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്ത് സ്‌പെയിൻ, പോർച്ചുഗൽ, സ്വിറ്റ്സര്‍ലൻഡും : ക്രൊയേഷ്യയും ഓസ്ട്രിയയും അള്‍ജീരിയയും പുറത്ത്

Share

 

മൂന്നടിയില്‍ ഓസ്ട്രിയ വീണു, പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്ത് സ്പാനിഷ് നിര ; ഇരട്ട ഗോളോടെ ഒയാര്‍സബാല്‍

 

അട്ടിമറികളൊന്നുമുണ്ടായില്ല, മുന്‍ ചാംപ്യന്‍മാരായ സ്‌പെയിനിന്റെ സമ്പൂര്‍ണ ആധിപത്യത്തിനു മുന്നില്‍ ഓസ്ട്രിയ നിരുപാധികം കീഴടങ്ങി.

ഇരുപകുതികളിലുമായി നേടിയ മൂന്നു ഗോളുകളുടെ മികവില്‍ ഓസ്ട്രിയയെ (3-0) നാട്ടിലേക്ക് അയച്ച്‌ പ്രീക്വാര്‍ട്ടറിലേക്കു ടിക്കറ്റ് വാങ്ങിയിക്കുകയാണ്.

 

മൈക്കല്‍ ഒയര്‍സബാല്‍ (36ാം മിനിറ്റ്, 89), പെഡ്രോ പോറോ (66) എന്നിവരാണ് സ്‌പെയിനിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. 90 മിനിറ്റും കളിയില്‍ മികച്ചുനിന്ന ചെമ്പട അര്‍ഹിച്ച വിജയം കടിയാണിത്, ഓസ്ട്രിയന്‍ ഗോളിയുടെ ചില മികച്ച സേവുകള്‍ക്കൊപ്പം ക്രോസ് ബാറും വില്ലനായിരുന്നില്ലെങ്കില്‍ ഇതിനേക്കാള്‍ വലിയ മാര്‍ജിനില്‍ സ്‌പെയിന്‍ ജയിച്ചേനെ.

 

വളരെ അഗ്രസീവായി തന്നെയാണ് സ്‌പെയിന്‍ ഈ മല്‍സരത്തില്‍ തുടങ്ങിയത്. അതിവേഗ നീക്കങ്ങളിലൂടെ ആദ്യ മിനിറ്റുകളില്‍ തന്നെ ലീഡ് നേടി മല്‍സരത്തില്‍ പിടിമുറുക്കുകയായിരുന്നു പ്ലാന്‍. യങ് സെന്‍സേഷന്‍ ലാമിന്‍ യമാലിനെ പ്ലെിയിങ് ഇലവനില്‍ തന്നെ കളിപ്പിച്ചതോടെ സ്‌പെയിന്റെ ആക്രമണങ്ങളുടെ മൂര്‍ച്ചയും കൂടി.

 

രണ്ടാം മിനിറ്റില്‍ തന്നെ ഗോളിലേക്കു ആദ്യത്തെ ഷോട്ട് പരീക്ഷിച്ച യമാലും സ്‌പെയിനും ഓസ്ട്രിയക്കു മുന്നറിയിപ്പും നല്‍കി. ഓസ്ട്രിയന്‍ ഹാഫില്‍ നിന്നും അതിവേഗം പന്തുമായി കുതിച്ച ശേഷം ബോക്‌സിന്റെ എഡ്ജില്‍ നിന്നും യമാല്‍ ഒരു ലോങ്‌റേഞ്ചര്‍ പരീക്ഷിക്കുകയായിരുന്നു. പക്ഷെ ഇതു നേരെ ഗോളിയുടെ കൈകളിലേക്കാണ് വന്നത്.

 

 

29ാം മിനിറ്റില്‍ സെറ്റ് പീസില്‍ നിന്നും കുക്കുറെല്ല സ്‌പെയിനിനായി പന്ത് വലയിലെത്തിച്ചെങ്കിലും അതു അനുവദിക്കപ്പെട്ടില്ല. വലത് മൂലയില്‍ നിന്നും സ്‌പെയിനിന് അനുകൂലമായി കോര്‍ണര്‍ കിക്ക്. പന്ത് കൈക്കുള്ളിലാക്കാന്‍ ഗോളി ഉയര്‍ന്നു ചാടിയെങ്കിലും അതു വരുതിയിലാവാതെ നേരെ വലയ്ക്കു പുറത്തേക്ക് വീണു.

 

ഇതിനു പിന്നാലെ ലഭിച്ച ലൂസ് ബോള്‍ കുക്കുറേല വലയിലേക്കു അടിച്ചുകയറ്റി. പക്ഷെ കോര്‍ണറിനിടെ ബോള്‍ പിടിക്കാന്‍ ശ്രമിക്കവെ ഗോളി ഫൗള്‍ ചെയ്യപ്പെട്ടതായി കണ്ടെത്തിയതോടെ റഫറി അതു ഗോളല്ലെന്നു വിധിച്ചതോടെ കുക്കുറെല്ലയും സ്പാനിഷ് താരങ്ങളും ഒരുപോലെ ഞെട്ടുകയായിരുന്നു.

 

 

തുടര്‍ച്ചയായുള്ള ഗോള്‍ ശ്രമങ്ങള്‍ക്കും ഹൈ പ്രസിങ് ഗെയിമിനും 36ാം മിനിറ്റില്‍ സ്‌പെയിനിന് ഒടുവില്‍ ഫലം ലഭിച്ചു. മൈക്കല്‍ ഒയര്‍ബാലിന്റെ വകയായിരുന്നു ചെമ്പട കാത്തിരുന്ന ഈ ഗോള്‍. ഒരു അതിവേഗത മുന്നേറ്റത്തിനൊടുവിലായിരുന്നു താരത്തിന്റെ കിടിലന്‍ ഫിനിഷിങ്.

 

ഇടതു വിങില്‍ നിന്നും ബോക്‌സിലേക്കു വന്ന കുക്കുറെല്ലയുടെ താഴ്ന്ന പാസ് അകത്ത് സെന്റില്‍ വച്ച്‌ ഒയര്‍സബാല്‍ വലയിലേക്കു പ്ലേസ് ചെയ്തപ്പോള്‍ അതുവരെ പിടിച്ചുനിന്ന ഗോള്‍കീപ്പര്‍ നിസ്സഹായനാവുകയും ചെയ്തു. ഈ ടൂര്‍ണമെന്റിലെ നാലു മല്‍സരങ്ങളില്‍ നിന്നും ഒയര്‍സബാലിന്റെ മൂന്നാം ഗോള്‍ കൂടിയാണിത്.

 

ലീഡ് നേടിയ ശേഷവും രണ്ടാം ഗോളിനായി സ്‌പെയിന്‍ നിരന്തരം ശ്രമിച്ചു കൊണ്ടേയിരുന്നു. പലപ്പോഴും കോര്‍ണറുകള്‍ വഴങ്ങിയാണ് ഓസ്ടിയ ഇവയെ പ്രതിരോധിച്ചത്. 41 മിനിറ്റാവുമ്പോഴേക്കും അവര്‍ വിട്ടുകൊടുത്തത് ആറു കോര്‍ണറുകളാണ്.

 

നാലു മിനിറ്റാണ് ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമായി അനുവദിക്കപ്പെട്ടത്. രണ്ടാം മിനിറ്റില്‍ സ്‌പെയിന്‍ 2-0ന് മുന്നില്‍ കടക്കേണ്ടതുമായിരുന്നു. പക്ഷെ 25 വാർ അകലെ നിന്നും അലെക്‌സ് ബെയ്‌നയുടെ വെടിയുണ്ട കണക്കെയുള്ള ഫ്രീകിക്ക് ഗോളിയെ നിസ്സഹായനാക്കിയെങ്കിലും ക്രോസ് ബാറില്‍ ഇടിച്ചു തെറിക്കുകയായിരുന്നു.

 

 

രണ്ടാംപകുതിയിലും സ്‌പെയിന്‍ തന്നെയായിരുന്നു ബെസ്റ്റ് ടീം. ഓസ്ട്രിയക്കു തിരിച്ചുവരവിനുള്ള കാര്യമായ അവസരങ്ങളൊന്നും നല്‍കാതെ രണ്ട് ഗോള്‍ നേടിയ സ്പാനിഷ് പട ജയവും പ്രീക്വാര്‍ട്ടറും ഉറപ്പിക്കുകയായിരുന്നു.

 

66ാം മിനിറ്റിലാണ് ബെയ്‌നയുടെ ഇടതു വിങില്‍ നിന്നുള്ള മികച്ചൊരു ക്രോസ് ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ വലയിലെത്തിച്ച്‌ പോറോ സ്‌പെിനിന്റെ ലീഡുയര്‍ത്തിയത്. 89ാം മിനിറ്റില്‍ ഒയര്‍സാബല്‍ തന്റെ രണ്ടാം ഗോളിനൊപ്പം സ്‌പെയിനിന്റെ ഗോള്‍ പട്ടികയും തികച്ചു. ഇടതു വിങില്‍ നിന്നുള്ള കുക്കുറേലയുടെ ക്രോസാണ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഒയര്‍സാബല്‍ വലയിലേക്കു വഴി തിരിച്ചുവിട്ടത്.

 

 

ആദ്യം പിന്നില്‍, പിന്നെ രണ്ടടിച്ച്‌ ജയം ; ക്രൊയേഷ്യയെ വീഴ്ത്തി പറങ്കിപ്പട പ്രീ ക്വാര്‍ട്ടറില്‍, വലകുലുക്കി റൊണാള്‍ഡോ

 

ഫിഫ ലോകകപ്പ് 2026 ല്‍ ക്രൊയേഷ്യയെ മറികടന്ന് പോർച്ചുഗല്‍ പ്രീ ക്വാർട്ടറില്‍. 2-1നാണ് പറങ്കിപ്പട പ്രീ ക്വാർട്ടർ ടിക്കറ്റെടുത്തത്.

ആദ്യം ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ട് ഗോളുകളടിച്ചാണ് റൊണാള്‍ഡോയും സംഘവും മുന്നോട്ടേക്ക് പോയത്. അവസാന മിനുട്ടില്‍ ക്രൊയേഷ്യ ഗോളടിച്ചെങ്കിലും അത് ഓഫ്സെെഡ് കെണിയില്‍ അകപ്പെട്ടതോടെയാണ് പോർച്ചുഗല്‍ രക്ഷപെട്ടത്. പ്രീ ക്വാർട്ടറില്‍ കരുത്തരായ സ്പെയിനിനെയാണ് പോർച്ചുഗല്‍ നേരിടാൻ പോകുന്നത്.

 

4-2-3-1 ഫോർമേഷനില്‍ ബൂട്ടണിഞ്ഞ പോർച്ചുഗലിനെ അതേ ഫോർമേഷനിലാണ് ക്രൊയേഷ്യയും നേരിട്ടത്. രണ്ട് ടീമുകളും തുടക്കം മുതല്‍ മികച്ച ആക്രമണമാണ് കാഴ്ചവെച്ചത്. ആദ്യ സമയത്ത് പോർച്ചുഗല്‍ ആക്രമണത്തില്‍ മുന്നിട്ട് നിന്നപ്പോള്‍ പതിയെ ക്രൊയേഷ്യയും താളം കണ്ടെത്തി. ഇതോടെ മത്സരം ആവേശകരമായി. നാലാം മിനുട്ടില്‍ത്തന്നെ പോർച്ചുഗലിന്റെ ബ്രൂണോ ഫെർണാണ്ടസിന് സുവർണ്ണാവസരം.

 

എന്നാല്‍ താരത്തിന്റെ ഷോട്ട് ഗോളി തടുത്തു. റീബൗണ്ട് പന്തില്‍ വിറ്റിഞ്ഞയും ഗോള്‍ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഏഴാം മിനുട്ടില്‍ പോർച്ചുഗലിന്റെ ജാവോ കാൻസെലോയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയി. 16ാം മിനുട്ടില്‍ പോർച്ചുഗലിന്റെ റൂബൻ ഡിയാസിന്റെ മുന്നേറ്റം. പക്ഷെ ഇതും ലക്ഷ്യത്തിലേക്ക് എത്തുന്നില്ല. 18ാം മിനുട്ടില്‍ ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച്‌ ബോക്സിലേക്ക് ക്രോസ് നല്‍കുന്നു.

 

പക്ഷെ പന്ത് കൃത്യമായി പ്രതിരോധ നിര തടുത്തു. 23ാം മിനുട്ടില്‍ പോർച്ചുഗലിന്റെ ജാവോ നെവസ് ബോക്സിലേക്ക് ക്രോസ് നല്‍കിയെങ്കിലും ഇത് പ്രതിരോധിക്കപ്പെട്ടു. 34ാം മിനുട്ടില്‍ ബ്രൂണോ ഫെർണാണ്ടസ് ബോക്സിലേക്ക് നല്‍കിയ ക്രോസ് പ്രതിരോധിക്കപ്പെട്ടതോടെ പോർച്ചുഗലിന് അനുകൂലമായി കോർണർ. പക്ഷെ ഇതും ഗോളാക്കി മാറ്റാനാവുന്നില്ല.

 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലേക്ക് പന്തെത്താതിരിക്കാനുള്ള കൃത്യമായ ശ്രമം ക്രൊയേഷ്യൻ താരങ്ങളില്‍ നിന്നുണ്ടാകുന്നു. ലഭിച്ച അവസരങ്ങളെ മുതലാക്കാൻ റൊണാള്‍ഡോക്കും സാധിച്ചില്ല. ഫ്രീകിക്ക് ലഭിച്ചപ്പോള്‍ റൊണാള്‍ഡോക്ക് ലക്ഷ്യം കണ്ടെത്താനായില്ല. ക്രൊയേഷ്യ നീളൻ പാസുകളിലൂടെ പോർച്ചുഗല്‍ ബോക്സിലേക്ക് ആക്രമിക്കാനുള്ള ശ്രമമാണ് നടത്തിയത്. എങ്കിലും പോർച്ചുഗലിന്റെ തുടർ‍ ആക്രമണത്തിന് മുന്നില്‍ ക്രൊയേഷ്യക്ക് പ്രതിരോധത്തിലേക്ക് ഒതുങ്ങേണ്ടി വന്നു.

 

ആദ്യ പകുതിയില്‍ ഇരു ടീമിന്റേയും ആക്രമണങ്ങള്‍ ലക്ഷ്യം കാണാതെ ഇരുന്നതോടെ ഗോള്‍രഹിത സമനിലയോടെ പിരിയേണ്ടി വന്നു. 69% പന്തടക്കത്തിലും മൂന്നിനെതിരേ ഒമ്പത് ഷോട്ടുകളുമായി ആക്രമണത്തിലും പോർച്ചുഗല്‍ മുന്നിട്ട് നിന്നെങ്കിലും ഗോള്‍ അകന്ന് നിന്നു.

 

 

രണ്ടാം പകുതിയുടെ തുടക്കം തന്നെ പോർച്ചുഗല്‍ മുന്നേറ്റം. റാഫേല്‍ ലിയാവോ റൊണാള്‍ഡോക്ക് പാസ് നല്‍കാൻ ശ്രമിച്ചതോടെ പ്രതിരോധം തടുത്തു. 47ാം മിനുട്ടില്‍ ക്രൊയേഷ്യൻ മുന്നേറ്റം. മാറ്റിയോ കൊവാസിച്ചിന്റെ ഷോട്ട് പോർച്ചുഗല്‍ ഗോളി തട്ടിയകറ്റി. 49ാം മിനുട്ടില്‍ നിക്കോളാ വ്ലാസിച്ചിന്റെ പോർച്ചുഗല്‍ പോസ്റ്റിലേക്കുള്ള ലോങ് ഷോട്ട്. പക്ഷെ പന്ത് പുറത്തേക്ക് പോകുന്നു. രണ്ടാം പകുതിയില്‍ ആക്രമണം കടുപ്പിച്ച ക്രൊയേഷ്യ 53ാം മിനുട്ടില്‍ വലകുലുക്കി.

 

ഇവാൻ പെരിസിച്ചാണ് ക്രൊയേഷ്യക്കായി വല കുലുക്കിയത്. പോർച്ചുഗല്‍ പ്രതിരോധത്തിന്റെ വീഴ്ച്ചയും ഈ ഗോളിന് കാരണമായി. 56ാം മിനുട്ടില്‍ ക്രൊയേഷ്യ വീണ്ടും വലകുലുക്കി. പക്ഷെ നിർഭാഗ്യവശാല്‍ ഓഫ്സെെഡായി അത് മാറി. 57ാം മിനുട്ടില്‍ പോർച്ചുഗലിന്റെ റാഫേല്‍ ലിയാവോയുടെ മിന്നല്‍ ഷോട്ട് പോസ്റ്റിലടിച്ച്‌ മടങ്ങി. 59ാം മിനുട്ടില്‍ ക്രൊയേഷ്യയുടെ പീറ്റർ സുസിച്ചിന്റെ ഷോട്ട് പോർച്ചുഗല്‍ ഗോളി തടുത്തു.

 

61ാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ പോർച്ചുഗലിന്റെ ഗോള്‍. പക്ഷെ അത് ഓഫ്സെെഡായി. 65ാം മിനുട്ടില്‍ പോർച്ചുഗലിന് അനുകൂലമായി പെനല്‍റ്റി. 67ാം മിനുട്ടില്‍ കിക്കെടുത്ത റൊണാള്‍ഡോ വലകുലുക്കിയതോടെ മത്സരം 1-1 സമനിലയിലേക്ക്. നോക്കൗട്ട് മത്സരങ്ങളില്‍ ഗോള്‍ നേടിയിട്ടില്ലെന്ന ചീത്തപ്പേര് മാറ്റാനും റൊണാള്‍ഡോക്ക് സാധിച്ചു.

 

75ാം മിനുട്ടില്‍ മാറ്റിയോ കൊവാസിച്ചിന്റെ ഷോട്ട് പോസ്റ്റിലടിച്ച്‌ മടങ്ങിയപ്പോള്‍ റീബൗണ്ടിലെ ഷോട്ട് പോർച്ചുഗല്‍ ഗോളി തടുത്തു. തുടർച്ചയായി ആക്രമണം അഴിച്ചുവിട്ട് ക്രൊയേഷ്യ. പോർച്ചുഗല്‍ പ്രതിരോധത്തിനും ഗോളിക്കും പണി കൂടുന്നു. 80ാം മിനുട്ടില്‍ ക്രൊയേഷ്യ വലകുലുക്കിയെങ്കിലും അത് ഓഫ്സെെഡാകുന്നതോടെ പോർച്ചുഗല്‍ രക്ഷപെടുന്നു. 80ാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിൻവലിക്കുന്നു. പകരം റൂബൻ നെവസ് കളത്തിലേക്ക്.

 

86ാം മിനുട്ടില്‍ പോർച്ചുഗലിന് അനുകൂലമായി കോർണർ. പക്ഷെ പന്ത് വലയിലെത്തിക്കാനായില്ല. 88ാം മിനുട്ടില്‍ ക്രൊയേഷ്യൻ മുന്നേറ്റം. മരിയോ പസാലിച്ചിന്റെ ഹെഡ്ഡർ പോസ്റ്റിന് പുറത്തേക്ക്. കാത്തിരിപ്പിനൊടുവില്‍ പോർച്ചുഗലിന് ലീഡ്. എക്സ്ട്രാ ടെെമിന്റെ നാലാം മിനുട്ടില്‍ ഗോണ്‍സാലോ റാമോസിന്റെ ഹെഡർ ഗോളിലാണ് പോർച്ചുഗലിന്റെ ലീഡ്. റാഫേല്‍ ലിയാവോയുടെ ക്രോസിലാണ് ഈ ഗോള്‍ പിറന്നത്. 63ാം മിനുട്ടില്‍ പകരക്കാരനായി വന്ന താരമാണ് ഗോണ്‍സാലോ റാമോസ്.

 

എന്നാല്‍ എക്സ്ട്രാ ടെെമിന്റെ 12ാം മിനുട്ടില്‍ ക്രൊയേഷ്യക്കായി ജോസ്കോ ഗ്വാർഡിയോള്‍ ഗോള്‍ നേടിയെങ്കിലും ഓഫ്സെെഡായതോടെ പോർച്ചുഗല്‍ രക്ഷപെട്ടു. ഇതോടെ ഫെെനല്‍ വിസില്‍ മുഴങ്ങി 2-1ന്റെ ജയം പോർച്ചുഗലിനൊപ്പം.

 

 

തോല്‍വിയില്ലാതെ മുന്നോട്ട് : സ്വിറ്റ്സര്‍ലൻഡ് അള്‍ജീരിയയെ 2-0 ന് തോല്‍പ്പിച്ച്‌ ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 16-ല്‍ എത്തി

 

വെള്ളിയാഴ്ച ബിസി പ്ലേസില്‍ നടന്ന റൗണ്ട് ഓഫ് 32 മത്സരത്തില്‍ അള്‍ജീരിയയെ 2-0 ന് പരാജയപ്പെടുത്തി സ്വിറ്റ്സർലൻഡ് 2026 ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 16-ല്‍ സ്ഥാനം ഉറപ്പിച്ചു.

മുറാത്ത് യാക്കിൻ നയിച്ച സ്വിറ്റ്സർലൻഡ് മറ്റൊരു അച്ചടക്കമുള്ള പ്രകടനത്തോടെ ടൂർണമെന്റില്‍ തോല്‍വിയില്ലാതെ തുടർന്നു. സ്വിസ് പ്രതിരോധത്തെ മറികടക്കാൻ അള്‍ജീരിയ ബുദ്ധിമുട്ടി, മത്സരത്തിനിടെ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും രേഖപ്പെടുത്താൻ കഴിഞ്ഞില്ല.

 

ജൊഹാൻ മൻസാമ്പി ഗോളടിച്ച ബ്രീല്‍ എംബോളോ ശക്തമായി ഫിനിഷ് ചെയ്തപ്പോള്‍ സ്വിറ്റ്സർലൻഡ് ശക്തമായ തുടക്കം കുറിച്ചു, 10-ാം മിനിറ്റില്‍ ലീഡ് നേടി. സ്വിറ്റ്സർലൻഡ് കളിയില്‍ നിയന്ത്രണം തുടർന്നു, രണ്ടാം പകുതിയില്‍ ഒരു മിനിറ്റ് മാത്രം പിന്നിട്ടപ്പോള്‍ അവരുടെ മുൻതൂക്കം വർദ്ധിപ്പിച്ചു. അള്‍ജീരിയയുടെ പ്രതിരോധ പിഴവ് മുതലെടുത്ത് 46-ാം മിനിറ്റില്‍ ഡാൻ എൻഡോയ് ഗോള്‍ നേടി, ടീമിന് സുഖകരമായ രണ്ട് ഗോള്‍ കുഷ്യൻ നല്‍കി.

ഈ വിജയം സ്വിറ്റ്‌സർലൻഡിനെ റൗണ്ട് ഓഫ് 16-ലേക്ക് എത്തിക്കുന്നു, അവിടെ അവർ ജൂലൈ 7 ന് കൊളംബിയയെയോ ഘാനയെയോ നേരിടും. അള്‍ജീരിയയുടെ ലോകകപ്പ് യാത്ര തോല്‍വിയോടെ അവസാനിച്ചു, അതേസമയം സ്വിറ്റ്‌സർലൻഡ് മറ്റൊരു ആത്മവിശ്വാസ പ്രകടനത്തോടെ ടൂർണമെന്റിന്റെ അവസാന ഘട്ടങ്ങളിലേക്ക് ഒരു പടി കൂടി അടുത്തു.

 


Share
Copyright © All rights reserved. | Newsphere by AF themes.