ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം ; ഇനി ക്യാമറ നോക്കിയും ‘എച്ച്’ എടുക്കാം
ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. ഇനിമുതല്‍ എല്‍എംവി ടെസ്റ്റില്‍ H എടുക്കുമ്പോള്‍ ഇനി മുതല്‍ പിൻക്യാമറയില്‍ നോക്കാം.മുമ്പ് കണ്ണാടിയില്‍ മാത്രം നോക്കാനായിരുന്നു അനുമതി. കേന്ദ്ര മോട്ടോർ വഹിക്കിള്‍ നിയമത്തിലുള്ള മാറ്റമാണ് കേരളത്തിലും നടപ്പാക്കുന്നത്. മുമ്പ് കണ്ണാടിയില്‍ നോക്കി മാത്രമേ ടെസ്റ്റ് പാടുള്ളു. റിയർവ്യു ക്യാമറകളുമായാണ് പല പുതിയ വാഹനങ്ങളും ഇറങ്ങുന്നത്. ഈ സാഹചര്യത്തിലാണ് നിയമത്തില്‍ മാറ്റം. എന്നാല്‍, ചില നിബന്ധനകളുമുണ്ട്. പൂർണമായി ക്യാമറ നോക്കി ടെസ്റ്റ് എടുക്കാൻ പാടില്ല.
എച്ച് ടെസ്റ്റ് നിബന്ധനകള്‍
പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ റിയര്‍ ക്യാമറ മാത്രം നോക്കി വാഹനം പുറകിലേക്ക് എടുക്കാന്‍ പാടുള്ളതല്ല.
സൈഡ് മിററുകളും ഇന്‍സൈഡ് റിയര്‍വ്യൂ മിററുകളും കൃത്യമായി നിരീക്ഷിക്കണം.
റിയര്‍വ്യൂ ക്യാമറ അധിക സഹായ ഉപാധി എന്ന നിലയില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
പരീക്ഷാര്‍ത്ഥി പൂര്‍ണമായും ക്യാമറ ഡിസ്‌പ്ലേയില്‍ നോക്കി വാഹനം നിയന്ത്രിച്ചാല്‍ അയോഗ്യനാക്കുന്നതാണ്.
ടെസ്റ്റ് പാസായാല്‍ ഉടന്‍ ലൈസന്‍സ്
സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ഇനി അധികനാള്‍ കാത്തിരിക്കേണ്ടതില്ല. ഡ്രൈവിങ് ടെസ്റ്റ് പാസായി കഴിഞ്ഞാല്‍ ഉടന്‍ തന്നെ ലൈസന്‍സ് ലഭിക്കുന്നതാണ്. പരീക്ഷാര്‍ത്ഥികളുടെ ഫലം തത്സമയം സാരഥി സോഫ്‌റ്റ്വെയറില്‍ അറിയാനും സാധിക്കുന്നതാണ്. മോട്ടോര്‍വാഹനവകുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി ഡിജിറ്റലാക്കിയതിന്റെ ഭാഗമായാണ് നീക്കം. നേരത്തെ ലൈസന്‍സ് പ്രിന്റ് ചെയ്തവരുമ്പോള്‍ കാലതാമസം നേരിട്ടിരുന്നു, ഇത് ഒഴിവാക്കാനും എംവിഡിക്ക് സാധിച്ചു. ആര്‍സി ബുക്ക്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ തപാല്‍ വഴി വീട്ടിലേക്ക് അയക്കുന്ന നടപടി നിലവില്‍ കേരളത്തിലില്ല. വാഹനം പുതുക്കുകയോ അല്ലെങ്കില്‍ പുതിയത് വാങ്ങുകയോ ചെയ്ത് വെറും ഒരാഴ്ചയ്ക്കുള്ളില്‍ ആളുകള്‍ക്ക് ആര്‍സി ബുക്ക് സാരഥി പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഡ്രൈവിങ് ലൈസന്‍സും ഡിജിറ്റലായി തന്നെ സൂക്ഷിച്ചാല്‍ മതി.
