June 8, 2026

സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല രോഗബാധ ; അതീവ ജാഗ്രത : ഹോട്ടലുകളിൽ പരിശോധനകള്‍ ശക്തമാക്കും – ആരോഗ്യ മന്ത്രി

Share

 

തിരുവനന്തപുരം : സംസ്ഥാനത്ത് ഇതുവരെ 126 പേര്‍ക്ക് ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ മൂന്ന് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ രണ്ട് കുട്ടികളെ രോഗമുക്തരായതിനെ തുടര്‍ന്ന് ഇതിനകം തന്നെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

ബത്തേരിയില്‍ ഷിഗെല്ലയെന്ന് സംശയിക്കുന്ന ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും പ്രാഥമിക പരിശോധനകളില്‍ രോഗം സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും കൃത്യത ഉറപ്പുവരുത്തുന്നതിനായി ഇവിടെ വിശദമായ തുടര്‍പരിശോധനകള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

രോഗവ്യാപനം തടയുന്നതിനായി ഭക്ഷ്യസുരക്ഷാ മേഖലയില്‍ കടുത്ത നിര്‍ദ്ദേശങ്ങളാണ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. പൊതുജനങ്ങള്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ എന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഭക്ഷണശാലകളിലും ശുദ്ധീകരിച്ച ജലം (ഫില്‍ട്ടര്‍ ചെയ്ത വെള്ളം) മാത്രമേ ഉപഭോക്താക്കള്‍ക്ക് നല്‍കാവൂ എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ (ഫുഡ് സേഫ്റ്റി) നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം പരിശോധനകള്‍ ശക്തമാക്കും. രോഗം പടരാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണമെന്നും ആരോഗ്യ മന്ത്രി അഭ്യര്‍ത്ഥിച്ചു.

 

 


Share
Copyright © All rights reserved. | Newsphere by AF themes.