November 11, 2026

സർക്കാർ ഉദ്യോഗസ്ഥർ പണിയെടുത്തില്ലെങ്കില്‍ ‘പണി’ കിട്ടും, നിര്‍ബന്ധിത വിരമിപ്പിക്കലിന് സര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി 

Share

 

ഡല്‍ഹി: സര്‍ക്കാര്‍ ജോലിയെന്നാല്‍ വിരമിക്കുന്നതുവരെ കസേരയില്‍ തുടരാമെന്ന ധാരണയ്ക്ക് തിരിച്ചടി. ജോലി മികവില്ലെങ്കിലും സര്‍വീസില്‍ തുടരാന്‍ അവകാശമില്ലെന്ന് ഓര്‍മിപ്പിച്ച് സുപ്രീംകോടതി. കാര്യക്ഷമത മെച്ചപ്പെടുത്താനും പൊതുതാത്പര്യം സംരക്ഷിക്കാനും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാരെ നിര്‍ബന്ധിതമായി വിരമിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. നിര്‍ബന്ധിത വിരമിക്കല്‍ ശിക്ഷാനടപടിയല്ലെന്നും ജീവനക്കാരന്‍ സര്‍വീസില്‍ തുടരുന്നത് അനുയോജ്യമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള ഭരണപരമായ തീരുമാനമാണെന്നും കോടതി വ്യക്തമാക്കി.

 

സര്‍ക്കാര്‍ സര്‍വീസിലെ ഉത്തരവാദിത്വമില്ലായ്മയ്ക്കും കാര്യക്ഷമതക്കുറവിനുമെതിരായ ശക്തമായ മുന്നറിയിപ്പുകൂടിയാണ് വിധി. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റി ജോലിയില്‍ തുടരുക മാത്രമല്ല, പൊതുജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുകയും ചെയ്യേണ്ട ബാധ്യത സര്‍ക്കാര്‍ ജീവനക്കാര്‍ക്കുണ്ട്. ഈ ഉത്തരവാദിത്വം നിറവേറ്റാത്തവരെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന സന്ദേശമാണ് കോടതി നല്‍കുന്നത്. ജീവനക്കാരുടെ പ്രകടനവും കാര്യക്ഷമതയും വിലയിരുത്തി സര്‍വീസില്‍ തുടരുന്നത് പൊതുതാത്പര്യത്തിന് അനുയോജ്യമല്ലെന്ന് ബോധ്യപ്പെട്ടാല്‍ നിര്‍ബന്ധിത വിരമിക്കലിന് നടപടി സ്വീകരിക്കാം.

 

ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ലീഗല്‍ മെട്രോളജി വകുപ്പിലെ രണ്ട് ക്ലര്‍ക്കുമാര്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് ജസ്റ്റിസുമാരായ മന്‍മോഹന്‍, ചന്ദ്രശേഖര്‍ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചിന്റെ നിരീക്ഷണം. സര്‍വീസ് ചട്ടങ്ങള്‍ സര്‍ക്കാരിന് ഇതിന് വിശാലമായ അധികാരം നല്‍കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.നിര്‍ബന്ധിത വിരമിക്കല്‍ ശിക്ഷയോ കുറ്റപ്പെടുത്തലോ അല്ല. ജീവനക്കാരന്റെ സേവനം ഇനി തുടരുന്നത് ഭരണപരമായി ഉചിതമല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതിനാല്‍ ശിക്ഷാനടപടികള്‍ക്ക് ബാധകമായ ഭരണഘടനാ വ്യവസ്ഥകള്‍ ഇത്തരം വിരമിക്കലിന് ബാധകമല്ല. നടപടി സ്വീകരിക്കുന്നതിന് മുമ്പ് ഓരോ ജീവനക്കാരനെയും വ്യക്തിപരമായി കേള്‍ക്കണമെന്ന വ്യവസ്ഥയും ഇവിടെ ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി. നടപടിക്ക് വിധേയരാകാത്ത മറ്റ് ജീവനക്കാര്‍ക്കുവേണ്ടി ഇതിനെ ചോദ്യം ചെയ്യാനും കഴിയില്ല.

 

അഞ്ചുപേരെ ഒഴിവാക്കാന്‍ ശുപാര്‍ശ

 

ഛത്തീസ്ഗഢില്‍ 2017-ലാണ് കേസിനാസ്പദമായ നടപടികള്‍ക്ക് തുടക്കമായത്. ജീവനക്കാരുടെ പ്രകടനം, കാര്യക്ഷമത, സര്‍വീസ് രേഖകള്‍ എന്നിവ വിശദമായി പരിശോധിച്ച സ്‌ക്രീനിങ് കമ്മിറ്റി അഞ്ച് ജീവനക്കാരെ നിര്‍ബന്ധിത വിരമിക്കലിന് ശുപാര്‍ശ ചെയ്തു. ദ്വിതല പരിശോധനയ്ക്കുശേഷമായിരുന്നു തീരുമാനം. ഇതിനെ ചോദ്യം ചെയ്ത് രണ്ട് ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. സിംഗിള്‍ ബെഞ്ചും പിന്നീട് ഡിവിഷന്‍ ബെഞ്ചും ഹര്‍ജികള്‍ തള്ളി. തുടര്‍ന്നാണ് ഇവര്‍ സുപ്രീംകോടതിയിലെത്തിയത്. ഛത്തീസ്ഗഢ് സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രജത് നായര്‍ ഹാജരായി.

 

സര്‍ക്കാരിനും പൊതുജനങ്ങള്‍ക്കും നേട്ടം

 

സര്‍വീസില്‍ തുടരുന്ന ഓരോ ജീവനക്കാരന്റെയും കാര്യക്ഷമത ഉറപ്പാക്കേണ്ടത് ഭരണസംവിധാനത്തിന്റെ ഉത്തരവാദിത്വമാണ്. മോശം പ്രകടനം നടത്തുന്നവരെ കണ്ടെത്തി ഒഴിവാക്കാനുള്ള അധികാരം സര്‍ക്കാരിന് ലഭിക്കുന്നത് ഭരണസംവിധാനത്തെ കൂടുതല്‍ ഉത്തരവാദിത്വമുള്ളതാക്കും. കാര്യക്ഷമതയില്ലാത്ത ജീവനക്കാര്‍ മൂലം പൊതുജനങ്ങള്‍ക്ക് സേവനം വൈകുന്നതും സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നതും ഒഴിവാക്കാന്‍ ഇത്തരം നടപടികള്‍ സഹായകമാകാം. ജോലിയില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും കൂടുതല്‍ പ്രാധാന്യം ലഭിക്കാനും വഴിയൊരുങ്ങും.

 

അതേസമയം, നിര്‍ബന്ധിത വിരമിക്കല്‍ അധികാരം ജീവനക്കാരെ പ്രതികാരനടപടികള്‍ക്ക് വിധേയരാക്കാനുള്ള ഉപാധിയാകരുതെന്നതും പ്രധാനമാണ്. പ്രകടനം, സര്‍വീസ് രേഖകള്‍, കാര്യക്ഷമത എന്നിവ വസ്തുനിഷ്ഠമായി വിലയിരുത്തിയ ശേഷമേ നടപടിയെടുക്കാവൂ. വ്യക്തിപരമായ വിരോധമോ രാഷ്ട്രീയ താത്പര്യമോ അടിസ്ഥാനമാക്കിയുള്ള നടപടികള്‍ക്ക് ഈ വിധി അനുമതി നല്‍കുന്നില്ല.

 

സര്‍ക്കാര്‍ ജോലി സുരക്ഷിതമായ തൊഴിലാണ്, എന്നാല്‍ അത് ഉത്തരവാദിത്വങ്ങളില്‍നിന്നുള്ള സുരക്ഷയല്ലെന്ന ഓര്‍മപ്പെടുത്തലാണ് സുപ്രീംകോടതിയുടെ വിധി. ജനങ്ങളുടെ നികുതിപ്പണത്തില്‍ ശമ്പളം വാങ്ങുന്നവര്‍ ജനങ്ങളോടുള്ള സേവനബാധ്യതയും നിറവേറ്റണം. അല്ലാത്തപക്ഷം സര്‍വീസില്‍ തുടരാനുള്ള അവകാശവാദത്തിന് തടയിടാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന ശക്തമായ സന്ദേശം.

 


Share
Copyright © All rights reserved. | Newsphere by AF themes.