ചരിത്രത്തിലെ ഏറ്റവും മോശം നിലയിലേക്ക് താഴ്ന്നു ; ഡോളറിനെതിരെ ഇന്ത്യൻ രൂപ 96-ലേക്ക്
മുംബൈ : ആഗോള വിപണിയില്‍ ഊർജ്ജ പ്രതിസന്ധി രൂക്ഷമായതോടെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചു.അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 96-ന് അടുത്തെത്തിയിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു ഡോളറിന് 95.74 ഇന്ത്യൻ രൂപയാണ് മൂല്യം. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് ക്രൂഡ് ഓയില്‍ വില വർദ്ധിച്ചതും വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയില്‍ നിന്ന് നിക്ഷേപം പിൻവലിച്ചതുമാണ് രൂപയ്ക്ക് കനത്ത തിരിച്ചടിയായത്.
ഈ വർഷത്തിൻ്റെ തുടക്കത്തില്‍ ഡോളറിനെതിരെ 90 എന്ന നിലയിലായിരുന്ന രൂപ. അഞ്ചാം മാസത്തിലേക്ക് എത്തിയപ്പോള്‍ ആറ് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. ഇതോടെ ഈ വർഷം ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസിയായി ഇന്ത്യൻ രൂപ മാറി. ക്രൂഡ് ഓയില്‍ വില ബാരലിന് 106 ഡോളറിന് മുകളില്‍ തുടരുന്നതും ഇറാൻ-യുഎസ് തർക്കം മൂലം ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസ്സപ്പെട്ടതും ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുത്തനെ കൂട്ടിയിട്ടുണ്ട്. രൂപയുടെ മൂല്യത്തകർച്ച തടയാൻ സ്വർണ്ണം, വെള്ളി ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഡോളറിനുള്ള ഡിമാൻഡ് കുറയാത്തത് വെല്ലുവിളിയാണ്. എണ്ണവില ഈ നിലയില്‍ തുടരുകയാണെങ്കില്‍ രൂപയുടെ മൂല്യം വൈകാതെ തന്നെ 100-ലേക്ക് എത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.
രൂപ ദുർബലമാകുന്നത് രാജ്യത്ത് പണപ്പെരുപ്പം വർദ്ധിക്കാൻ കാരണമാകും. ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍, അസംസ്കൃത വസ്തുക്കള്‍ എന്നിവയുടെ വില വർദ്ധിക്കുന്നത് സാധാരണക്കാരെയും ബാധിക്കും. എന്നാല്‍ രൂപയുടെ മൂല്യം കുറയുന്നത് ഐടി, ഫാർമസ്യൂട്ടിക്കല്‍സ് തുടങ്ങിയ കയറ്റുമതി അധിഷ്ഠിത മേഖലകള്‍ക്ക് നേട്ടമാകും. ഇതിനിടയിലും ഇന്ത്യൻ ഓഹരി വിപണിയില്‍ സെൻസെക്സും നിഫ്റ്റിയും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
